ജൂണ്‍ ഒന്നു മുതല്‍ വിദ്യാര്‍ഥികള്‍ക്ക് ഇളവില്ല; മുഴുവന്‍ നിരക്കും ഈടാക്കുമെന്ന് ബസുടമകള്‍
കൊച്ചി: ജൂണ്‍ ഒന്നു മുതല്‍ വിദ്യാര്‍ഥികള്‍ക്ക് യാത്രാസൗജന്യം അനുവദിക്കില്ലെന്ന് സ്വകാര്യ ബസുടമകള്‍. കൊച്ചിയില്‍ ഇന്നലെ ചേര്‍ന്ന സ്വകാര്യ ബസുടമകളുടെ സംയുക്ത സംഘടനയായ ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം എടുത്തത്.
ഡീസല്‍ വില അനുദിനം വര്‍ധിക്കുന്ന സാഹചര്യത്തിലാണിത്. അടുത്തകാലത്തെ ബസ് ചാര്‍ജ് വര്‍ധനയക്ക് ശേഷം ഡീസല്‍ വിലയില്‍ മാത്രം ഒന്‍പതു രൂപയിേലറെ വര്‍ധനവുണ്ടായി. വര്‍ധിപ്പിച്ച ബസ് ചാര്‍ജ് പര്യാപ്തമല്ലെന്ന് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി സര്‍ക്കാരിനെ അറിയിച്ചിരുന്നു. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ആവശ്യവും ഉന്നയിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ തയാറായില്ല.
1966 ല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തില്‍ ജൂണ്‍ ഒന്നു മുതല്‍ വിദ്യാര്‍ഥികള്‍ക്ക് ഇനി സൗജന്യ നിരക്ക് അനുവദിക്കേണ്ടെന്നാണ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ തീരുമാനം.
1966 ലെ ഹൈക്കോടതി ഉത്തരവ് നടപ്പാക്കാന്‍ നടപടി ഉണ്ടാവണമെന്ന ആവശ്യവുമായി ഇന്ന് കോടതിയെ സമീപിക്കുമെന്ന് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ വി.ജെ സെബാസ്റ്റിയനും ജനറല്‍ കണ്‍വീനര്‍ ടി ഗോപിനാഥനും പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് മാത്രമല്ല മറ്റൊരു വിധ സൗജന്യ യാത്രയും അനുവദിക്കേണ്ടെന്ന നിലപാടിലാണ് ബസുടമകള്‍. ബസുടമകളുടെ നേതൃത്വത്തില്‍ മെയ് എട്ടിന് സെക്രട്ടേറിയറ്റ് പടിക്കല്‍ രാപകല്‍ സമരവും നടത്തും.
സ്വകാര്യ ബസുകളുടെ യാത്രക്കൂലിയും ജീവനക്കാരുടെ വേതനവും ഉള്‍പ്പടെ നിശ്ചയിക്കുന്നത് സര്‍ക്കാരാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ സ്വകാര്യ ബസ് വ്യവസായത്തിന് ആവശ്യമായ സബ്‌സിഡി നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന ആവശ്യമാണ് ബസുടമകള്‍ മുന്നോട്ടു വയ്ക്കുന്നത്.
തങ്ങളുടെ തീരുമാനത്തിനെതിരേ ജനങ്ങളുടെ പ്രതിഷേധം ഉയര്‍ന്നാല്‍ ബസ് സര്‍വിസ് നിര്‍ത്തിവയക്കുമെന്ന ഭീഷണിയും കമ്മിറ്റി ഉയര്‍ത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."