ഹര്‍ത്താലിന്റെ മറവില്‍ ഒരുവിഭാഗത്തെ പ്രകോപിപ്പിക്കാന്‍ ശ്രമം: പിണറായി
കോഴിക്കോട്: സോഷ്യല്‍ മീഡിയ വഴി പ്രചരിച്ച ഹര്‍ത്താലിന്റെ മറവില്‍ ഒരുവിഭാഗത്തെ പ്രകോപിപ്പിക്കാനുള്ള ശ്രമമുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിയമസഭ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപനം കോഴിക്കോട് ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനസിനെ വേദനിപ്പിച്ച ആ പിഞ്ചുകുഞ്ഞിന്റെ ദുരനുഭവത്തിനെതിരേ നമ്മള് ഒരേ രീതിയിലാണ് പ്രതിഷേധിച്ചത്. അതിനെ പ്രത്യേക കണ്ണോടെ പ്രത്യേക നിറം കൊടുത്ത് തങ്ങളുദ്ദേശിക്കുന്ന തരത്തിലേക്കെത്തിക്കാന്‍ ചിലര്‍ ശ്രമിച്ചു. വിരലിലെണ്ണാവുന്നവര്‍ അതിന്റെ നേതൃത്വം ഏറ്റെടുത്തു. സോഷ്യല്‍ മീഡിയയിലൂടെ ഐഡന്റിറ്റി മറച്ചുവച്ചാണ് ഇത്തരം പ്രചാരണങ്ങള്‍ ഇവര്‍ നടത്തിയത്. ഒരു വിഭാഗത്തെ പ്രകോപിപ്പിക്കാനാണ് ഇതിലൂടെ ശ്രമമുണ്ടായത്. ഇതില്‍ പലരും കുടുങ്ങിയതായി കണ്ടു. ഇതിന് തുടക്കം കുറിച്ചവര്‍ നാടിനെ അപകടകരമായ രീതിയിലേക്കെത്തിക്കാനാണ് ശ്രമിച്ചത്. ഹീന ശക്തികളുടെ വിളനിലമാക്കാനുള്ള എല്ലാ നടപടിയെയും ശക്തമായി ചെറുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ഡോ എം.കെ മുനീര്‍ എം.എല്‍.എ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."