ഇനിയെസ്റ്റ ബാഴ്‌സലോണയുടെ പടിയിറങ്ങുന്നു
മാഡ്രിഡ്: ബാഴ്‌സലോണയ്‌ക്കൊപ്പമുള്ള നീണ്ട 22 വര്‍ഷത്തെ ഫുട്‌ബോള്‍ ജീവിതം ഇതിഹാസ താരം ആന്ദ്രെ ഇനിയെസ്റ്റ അവസാനിപ്പിക്കുന്നു. ഈ സീസണ്‍ അവസാനിക്കുന്നതോടെ താന്‍ ക്ലബ് വിടുമെന്ന് വിഖ്യാത മധ്യനിര താരം വ്യക്തമാക്കി. ടീമംഗങ്ങളെ സാക്ഷിയാക്കി വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് തന്റെ ഭാവി സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് 33 കാരനായ താരം നിലപാട് അറിയിച്ചത്.
12ാം വയസില്‍ ബാഴ്‌സലോണയുടെ ലാ മാസിയ അക്കാദമിയില്‍ പ്രവേശനം നേടി ഫുട്‌ബോള്‍ ജീവിതം ആരംഭിച്ച ഇനിയെസ്റ്റ ബാഴ്‌സയുടെ എക്കാലത്തേയും മികച്ച താരമായാണ് ക്ലബിനോട് വിട പറയുന്നത്. ബാഴ്‌സ സംഭാവന ചെയ്ത ഇതിഹാസ താരങ്ങളിലൊരാളായാണ് ഇനിയെസ്റ്റ തന്റെ കാല്‍പന്ത് കളി ജീവിതം സാര്‍ഥകമാക്കിയത്.
സ്‌പെയിനിനൊപ്പം ലോകകപ്പ്, യൂറോ കപ്പ് നേട്ടങ്ങളില്‍ പങ്കാളിയായ ഇനിയെസ്റ്റ ബാഴ്‌സലോണയ്‌ക്കൊപ്പം നാല് ചാംപ്യന്‍സ് ലീഗ് കിരീടങ്ങളും എട്ട് ലാ ലിഗ കിരീട നേട്ടങ്ങളിലും മധ്യനിരയില്‍ കളി മെനഞ്ഞ് നിറ സാന്നിധ്യമായി നിന്നു. വാര്‍ത്താസമ്മേളനത്തിനിടെ പലപ്പോഴും വികാരാധീനനായി കാണപ്പെട്ട താരം ഒരുവേള കണ്ണുനിറഞ്ഞാണ് വാക്കുകള്‍ മഴുമിപ്പിച്ചത്. ബാഴ്‌സയ്ക്കായി 55 ഗോളുകള്‍ നേടിയ താരം 2015 മുതല്‍ ടീമിന്റെ നായകനുമാണ്. ബാഴ്‌സലോണ വിടുകയാണെങ്കിലും താരം ചൈനീസ് ലീഗിലേക്കാണ് പോകുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ഭാവി സംബന്ധിച്ച തീരുമാനം ഇതുവരെ താരം വെളിപ്പെടുത്തിയിട്ടില്ല.
ഏറെക്കാലത്തെ ആലോചനകള്‍ക്കൊടുവിലാണ് ഈ തീരുമാനത്തിലെത്തിയതെന്ന് ഇനിയെസ്റ്റ വ്യക്തമാക്കി. ബാഴ്‌സലോണയോട് വിട പറയുന്നത് ഏറെ പ്രയാസകരമായ കാര്യമാണ്. എങ്കിലും ഇപ്പോള്‍ അതിനുള്ള സമയമായിരിക്കുന്നു. തനിക്ക് വേണ്ടതെല്ലാം ക്ലബ് തന്നിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച ടീമാണ് ബാഴ്‌സലോണ. ശാരീരികമായും മാനസികമായും ഈ ടീമില്‍ നിന്ന് ലഭിച്ച ഊര്‍ജം ഇനിയൊരിക്കലും തനിക്ക് ലഭിക്കില്ലെന്ന് പൂര്‍ണ ബോധ്യമുണ്ടെന്നും ഇനിയെസ്റ്റ വ്യക്തമാക്കി.
സീസണില്‍ കരിയറിലെ ഒന്‍പതാം ലാ ലിഗ കിരീട നേട്ടത്തോടെ താരത്തിന് വിടപറയാനുള്ള അവസരമൊരുങ്ങിയിട്ടുണ്ട്. കിരീടത്തിലേക്ക് അവര്‍ക്ക് ഒരു പോയിന്റ് കൂടിയേ വേണ്ടു. അടുത്ത ദിവസം നടക്കുന്ന ഡിപോര്‍ടീവോ ലാ കൊരുണയ്‌ക്കെതിരായ പോരാട്ടത്തില്‍ ബാഴ്‌സ കിരീടമുറപ്പിക്കുമെന്ന് ഏതാണ്ടുറപ്പാണ്. സീസണില്‍ ചാംപ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടറില്‍ പുറത്തായെങ്കിലും കഴിഞ്ഞ ദിവസം സെവിയ്യയെ കീഴടക്കി സ്പാനിഷ് കിങ്‌സ് കപ്പ് ക്യാപ്റ്റനെന്ന നിലയില്‍ ഇനിയെസ്റ്റ ഏറ്റുവാങ്ങിയിരുന്നു.
ബാഴ്‌സലോണയുടെ മധ്യനിരയില്‍ ഷാവി ഹെര്‍ണാണ്ടസിനൊപ്പം ചേര്‍ന്ന് ഒരു കാലത്ത് ഇനിയെസ്റ്റ നെയ്‌തെടുത്ത ഫുട്‌ബോള്‍ മാന്ത്രികത എക്കാലത്തെയും സുന്ദരമായ കാഴ്ചകളായിരുന്നു. ഷാവിയുടെ പടിയിറക്കത്തോടെ അതിന് വിരാമം വന്നു. ഈ സീസണോടെ ഇനിയെസ്റ്റയും വിട പറയുമ്പോള്‍ ഒരു യുഗത്തിനാണ് കറ്റാലന്‍ ക്ലബില്‍ അന്ത്യക്കുറിക്കപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."