കെ.എസ്.ആര്‍.ടി.സി ബസിനു നേരെ ഹെല്‍മറ്റ് ധരിച്ച സംഘത്തിന്റെ ആക്രമണം
കൊട്ടിയം: ദേശീയപാതയില്‍ ബൈക്കില്‍ ഹെല്‍മറ്റ് ധരിച്ചെത്തിയ സംഘം കെ.എസ്.ആര്‍.ടി സി സൂപ്പര്‍ ഫാസ്റ്റ് ബസിന്റെ മുന്‍വശത്തെ ഗ്ലാസ് എറിഞ്ഞു തകര്‍ത്തു. കല്ലേറില്‍ ബസിന്റെ ഡ്രൈവര്‍ക്കും യാത്രക്കാരിക്കും പരുക്കേറ്റു. ബസ് നിയന്ത്രണം വിടാതിരുന്നതിനാല്‍ കൂടുതല്‍ അപകടം ഒഴിവായി.
ബസ് ഡ്രൈവര്‍ ചേര്‍ത്തല കഞ്ഞിക്കുഴി തോട്ടുങ്കല്‍ പറമ്പില്‍ സുധീര്‍ കുമാറിനും യാത്രക്കാരിയായിരുന്ന അധ്യാപികക്കുമാണ് പരുക്കേറ്റത്. ഇന്നലെ രാവിലെ ഏഴരയോടെ ദേശീയ പാതയില്‍ ഉമയനല്ലൂര്‍ കടമ്പാട്ടു മുക്കിനടുത്തായിരുന്നു സംഭവം. കായംകുളത്തു നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസിന്റെ മുന്നില്‍ എതിരെ ബൈക്കില്‍ വന്ന സംഘം കല്ലെറിയുകയായിരുന്നു.
കല്ലേറില്‍ ബസിന്റെ മുന്‍വശത്തെ ഗ്ലാസ് പൂര്‍ണമായും തകരുകയും ഡ്രൈവറുടെ കൈയില്‍ പരുക്കേല്‍ക്കുകയും ചെയ്തു. മുന്‍വശത്തിരുന്ന യാത്രക്കാരിയുടെ കാലിനാണ് പരുക്കേറ്റത്. ഇവര്‍ക്ക് വാല്വേഷന്‍ ഡ്യൂട്ടിക്ക് പോകേണ്ടതിനാല്‍ പ്രഥമ ശുശ്രുഷക്ക് ശേഷം അടുത്ത ബസില്‍ യാത്ര തുടരുകയായിരുന്നു. ഡ്രൈവറുടെ മനഃസാന്നിധ്യം കൊണ്ടാണ് ബസ് നിയന്ത്രണം വിടാതിരുന്നത്. കൊട്ടിയം പൊലിസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."