കാനത്തിന്റെ കേരളാ കോണ്‍ഗ്രസ് വിരോധം സ്വന്തം മുന്നണിയുടെ സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താനെന്ന്
കോട്ടയം : സ്വന്തം മുന്നണിയുടെ സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താനാണു കേരളാ കോണ്‍ഗ്രസ് വിരോധം ഛര്‍ദ്ദിച്ച് കാനം രാജേന്ദ്രന്‍ പരിശ്രമിക്കുന്നത് എന്നു കേരള കോണ്‍ഗ്രസ് (എം) ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് എക്‌സ് എം.എല്‍.എ ആരോപിച്ചു.
സി.പി.ഐ നേതൃത്വത്തിനെതിരേ ഉയരുന്ന അഴിമതി ആരോപണങ്ങളില്‍നിന്ന് ഗതി തിരിച്ചു വിടാനാണ് ഇതിലൂടെ കാനം ശ്രമിക്കുന്നത്. തിരുവനന്തപുരം ലോക്‌സഭാ സീറ്റ് വിദ്യാഭ്യാസ കച്ചവടക്കാരന് വിറ്റ് തുലച്ച സി.പി.ഐ നേതൃത്വം സ്വന്തം മുന്നണിയുടെ സീറ്റും കച്ചവടം നടത്താന്‍ കമ്മീഷന്‍ പറ്റിയിട്ടുണ്ടോ എന്ന് ബന്ധപ്പെട്ടവര്‍ അന്വേഷിക്കുന്നത് നന്നായിരിക്കും.
കേരളം കണ്ട കൊടിയ അഴിമതിക്ക് നേതൃത്വം കൊടുത്ത പാര്‍ട്ടിയാണ് സി.പി.ഐ വയനാടിലെ ഏക്കര്‍ കണക്കിന് സര്‍ക്കാര്‍ ഭൂമി കച്ചടവടം നടത്തുന്നതിന് കമ്മീഷന്‍ ഏജന്റായി നിന്നത് സി.പി.ഐ ജില്ലാ സെക്രട്ടറിയാണ്.
വയനാട്ടിലെ വിജയന്‍ മുതല്‍ എം.എന്‍ സ്മാരകത്തിലെ രാജേന്ദ്രന്‍ വരെ നീളുന്ന റിയല്‍ എസ്റ്റേറ്റ് ഏജന്റുമാരുടെ ശൃംഖലയായി മാറിയ സി.പി.ഐ മൂല്യാധിഷ്ഠിത രാഷ്ട്രീയത്തെക്കുറിച്ച് പറയുന്നത് പരിഹാസ്യമാണ്. സി.പി.ഐയുടെ ബ്രാഞ്ചു തലം മുതല്‍ സംസ്ഥാന തലം വരെ നീളുന്ന സംഘടനാ സമ്മേളന കാലയളവില്‍ കേരളാ കോണ്‍ഗ്രസ് വിരുദ്ധത കാനവും ഫാന്‍സ് അസോസിയേഷന്‍കാരും പ്രചരിപ്പിക്കുന്നതിനു പിന്നില്‍ സ്വന്തം അഴിമതിക്കെതിരായി പാര്‍ട്ടിയില്‍നിന്നും പൊതുസമൂഹത്തില്‍നിന്നും ഉയരുന്ന വിമര്‍ശനങ്ങളില്‍നിന്നും ശ്രദ്ധ തിരിക്കലാണ്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് നിലപാടു പ്രഖ്യാപിക്കുന്നതിനു മുമ്പു തന്നെ സഹായം ആവശ്യമില്ലെന്ന പ്രസ്താവന സി.പി.എം സ്ഥാനാര്‍ത്ഥിയ പരാജയപ്പെടുത്താന്‍ സി.പി.ഐ അച്ചാരം പറ്റിയിരിക്കുന്നു എന്നതിന്റെ തെളിവാണ് എന്നും സ്റ്റീഫന്‍ ജോര്‍ജ് പ്രസ്താവനയില്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."