ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്; പെരുമാറ്റചട്ടം നിലവില്‍ വന്നു
ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയില്‍ 26 മുതല്‍ മാതൃക തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസറായ കലക്ടര്‍ ടി.വി അനുപമ അറിയിച്ചു. രാഷ്ട്രീയപാര്‍ട്ടികളും ഉദ്യോഗസ്ഥരും പെരുമാറ്റച്ചട്ടം കര്‍ശനായി പാലിക്കണമെന്ന് കലകടര്‍ അഭ്യര്‍ഥിച്ചു. പൊതുപെരുമാറ്റം, ജാഥകള്‍, യോഗങ്ങള്‍ എന്നിവ സംഘടിപ്പിക്കുനതു സംബന്ധിച്ചുള്ളതാണ്് പെരുമാറ്റച്ചട്ടം.വിവിധ ജാതികളും സമുദായങ്ങളും തമ്മില്‍ മതപരമോ ഭാഷാപരമോ ആയ സംഘര്‍ഷങ്ങള്‍ ഉളവാക്കുന്നതോ നിലവിലുള്ള ഭിന്നതകള്‍ക്ക് ആക്കം കൂട്ടുന്നതോ പരസ്പര വിദ്വേഷം ജനിപ്പിക്കുന്നതോ ആയ ഒരു പ്രവര്‍ത്തനത്തിലും ഒരു പാര്‍ട്ടിയോ സ്ഥാനാര്‍ഥിയോ ഏര്‍പ്പെടരുത്.
മറ്റ് രാഷ്ട്രീയപാര്‍ട്ടികളെക്കുറിച്ചുള്ള വിമര്‍ശനം നടത്തുമ്പോള്‍ അത് അവരുടെ നയങ്ങളിലും പരിപാടികളിലും പൂര്‍വകാല ചരിത്രത്തിലും പ്രവര്‍ത്തനങ്ങളിലും മാത്രമായി ഒതുക്കി നിര്‍ത്തേണ്ടതാണ്. മറ്റു പാര്‍ട്ടികളുടെ നേതാക്കന്മാരുടെയും പ്രവര്‍ത്തകരുടെയും പൊതു പ്രവര്‍ത്തനവുമായി ബന്ധമില്ലാത്ത സ്വകാര്യജീവിതത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് പാര്‍ട്ടികളും സ്ഥാനാര്‍ഥികളും വിമര്‍ശിക്കാതിരിക്കണം. അടിസ്ഥാനരഹിതമായതോ വളച്ചൊടിച്ചതോ ആയ ആരോപണങ്ങള്‍ ഉന്നയിച്ച് മറ്റു പാര്‍ട്ടികളെയും അവയിലെ പ്രവര്‍ത്തകരെയും വിമര്‍ശിക്കുന്നത് ഒഴിവാക്കണമെന്നും പൊതുപെരുമാറ്റച്ചട്ടത്തില്‍ പറയുന്നു.
ജാതിയുടെ പേരിലും സമുദായത്തിന്റെ പേരിലും വോട്ടു ചോദിക്കാന്‍ പാടില്ല. മുസ്‌ലിം പള്ളികള്‍, പള്ളികള്‍, ക്ഷേത്രങ്ങള്‍, മറ്റ് ആരാധനാസ്ഥലങ്ങള്‍ എന്നിവ തെരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള വേദിയായി ഉപയോഗിക്കരുത്. സമ്മതിദായകര്‍ക്ക് കൈക്കൂലി നല്‍കുക, സമ്മതിദായകരെ ഭീഷണിപ്പെടുത്തുക, സമ്മതിദായകരായി ആള്‍മാറാട്ടം നടത്തുക, പോളിങ് സ്റ്റേഷന്റെ 100 മീറ്ററിനുള്ളില്‍ വോട്ടെടുപ്പ് ദിവസത്തില്‍ വോട്ട് പിടിക്കുക, വോട്ടെടുപ്പ് അവസാനിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയത്തിന് തൊട്ടുമുമ്പുള്ള 48 മണിക്കൂര്‍ സമയത്ത് പൊതുയോഗങ്ങള്‍ നടത്തുക, പോളിങ് സ്റ്റേഷനിലേക്കും പോളിങ് സ്റ്റേഷനില്‍ നിന്നും സമ്മതിദായകരെ വാഹനങ്ങളില്‍ കൊണ്ടുപോവുക തുടങ്ങി തെരഞ്ഞെടുപ്പ് നിയമപ്രകാരമുള്ള കുറ്റങ്ങളും അഴിമതി പ്രവര്‍ത്തനങ്ങളും എല്ലാ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും ഒഴിവാക്കണം.ഒരു വ്യക്തിയുടെ രാഷ്ട്രീയ അഭിപ്രായങ്ങളോടും പ്രവര്‍ത്തനങ്ങളോടും മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും എത്രതന്നെ വെറുപ്പ് ഉണ്ടായിരുന്നാലും സമാധാനപരമായും അലട്ടലില്ലാതെയും സ്വകാര്യ ജീവിതം നയിക്കുന്നതിനുള്ള അയാളുടെ അവകാശത്തെ മാനിക്കേണ്ടതാണ്.
വ്യക്തികളുടെ അഭിപ്രായങ്ങളിലും പ്രവര്‍ത്തനങ്ങളിലും പ്രതിഷേധം രേഖപ്പെടുത്തുന്നതിനായി അവരുടെ വീടിനു മുന്നില്‍ പ്രകടനങ്ങള്‍ സംഘടിപ്പിക്കുക, പിക്കറ്റ് ചെയ്യുക തുടങ്ങിയവ ഒരു പരിതസ്ഥിതിയിലും അവലംബിക്കരുത്. ഒരു വ്യക്തിയുടെ സ്ഥലം, കെട്ടിടം, മതില്‍ തുടങ്ങിയവ അയാളുടെ അനുവാദമില്ലാതെ കൊടിമരം നാട്ടുന്നതിനോ ബാനറുകള്‍ കെട്ടുന്നതിനോ പരസ്യം ഒട്ടിക്കുന്നതിനോ മുദ്രാവാക്യങ്ങള്‍ എഴുതുന്നതിനോ ഉപയോഗിക്കുന്നതിന് രാഷ്ട്രീയ കക്ഷികളോ സ്ഥാനാര്‍ത്ഥികളോ അവരുടെ അനുയായികളെ അനുവദിക്കുവാന്‍ പാടില്ല. സര്‍ക്കാര്‍ ഓഫീസുകളിലും അവയുടെ കോംമ്പൗണ്ട്കളിലും പരിസരത്തും ചുവരെഴുതാനോ പോസ്റ്റര്‍ പതിക്കാനോ പാടില്ല. മറ്റു പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്ന യോഗങ്ങളെയോ ജാഥകളെയോ തങ്ങളുടെ അനുയായികള്‍ തടസ്സപ്പെടുത്തുകയോ അവയില്‍ ഛിദ്രം ഉണ്ടാക്കുകയോ ചെയ്യില്ലെന്ന് രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും ഉറപ്പുവരുത്തണം.
ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും പ്രവര്‍ത്തകരോ അനുഭാവികളോ തങ്ങളുടെ പാര്‍ട്ടികളുടെ ലഘുലേഖകള്‍ വിതരണം ചെയ്‌തോ നേരിട്ടോ രേഖാമൂലമായോ ചോദ്യങ്ങളുന്നയിച്ചോ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടി സംഘടിപ്പിക്കുന്ന പൊതുയോഗങ്ങളില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കാന്‍ പാടില്ല. ഒരു പാര്‍ട്ടിയുടെ യോഗങ്ങള്‍ നടന്നു കൊണ്ടിരിക്കുന്ന സ്ഥലങ്ങളില്‍ കൂടി മറ്റൊരു പാര്‍ട്ടി ജാഥ നടത്തുവാന്‍ പാടില്ല. ഒരു പാര്‍ട്ടി ഒട്ടിച്ചിട്ടുള്ള ചുമര്‍ പരസ്യങ്ങള്‍ മറ്റൊരു പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ നീക്കം ചെയ്യരുത് എന്നിവയാണ് പൊതുപെരുമാറ്റച്ചട്ടങ്ങള്‍.
ക്രമസമാധാനം പാലിക്കുന്നതിനും ഗതാഗതം നിയന്ത്രിക്കുന്നതിനും ആവശ്യമായ ഏര്‍പ്പാടുകള്‍ ചെയ്യാന്‍ പൊലിസിന് സാധ്യമാകും വിധം നേരത്തെ തന്നെ നിര്‍ദ്ദിഷ്ടയോഗം നടത്തുന്ന സ്ഥലവും സമയവും ബന്ധപ്പെട്ട പാര്‍ട്ടിയോ സ്ഥാനാര്‍ഥിയോ സ്ഥലത്തെ പോലീസ് അധികാരികളെ അറിയിക്കണമെന്നതാണ് യോഗങ്ങളുടെ സംഘാടനവുമായി ബന്ധപ്പെട്ട ചടങ്ങളില്‍ ആദ്യത്തേത്.
ഏതെങ്കിലും ഉത്തരവുകളില്‍ നിന്നും ഒഴിവാക്കപ്പെടണം എങ്കില്‍ അതിനായി മുന്‍കൂട്ടിത്തന്നെ അപേക്ഷിച്ച് അനുമതി തേടണം . ഏതെങ്കിലും നിര്‍ദ്ദിഷ്ട യോഗം സംബന്ധിച്ച് ഉച്ചഭാഷിണികളോ മറ്റേതെങ്കിലും സൗകര്യമോ ഉപയോഗിക്കുന്നതിനു അനുവാദമോ ലൈസന്‍സോ ലഭിക്കണമെങ്കില്‍ പാര്‍ട്ടിയോ സ്ഥാനാര്‍ഥിയോ കാലേകൂട്ടി ബന്ധപ്പെട്ട അധികാരികളോട് അപേക്ഷിച്ച് അനുവാദമോ ലൈസന്‍സോ നേടണം.
ഒരു ജാഥ സംഘടിപ്പിക്കുന്ന ഒരു പാര്‍ട്ടിയോ സ്ഥാനാര്‍ഥിയോ ജാഥ തുടങ്ങുന്നതിനുള്ള സമയവും സ്ഥലവും പോകേണ്ട വഴിയും ജാഥ അവസാനിക്കുന്ന സമയവും സ്ഥലവും മുന്‍കൂട്ടി തീരുമാനിക്കണം. ഗതാഗതത്തിനു വിഘാതമോ തടസ്സമോ ഉണ്ടാകാത്തവണ്ണം ജാഥയുടെ ഗതി നിയന്ത്രിക്കാന്‍ സംഘാടകര്‍ മുന്‍കൂട്ടി നടപടിയെടുക്കണം. ജാഥ വളരെ നീണ്ടതാണ് എങ്കില്‍ സൗകര്യപ്രദമായ ഇടവേളകളില്‍, പ്രത്യേകിച്ച് ജാഥ റോഡ് ജംഗ്ഷനുകള്‍ കടന്നു പോകേണ്ട പോയിന്റുകളില്‍, ഗതാഗതം തടസപ്പെടുത്താതെ ഘട്ടംഘട്ടമായി പോകാന്‍ അനുവദിക്കാനും അങ്ങനെ തിരക്കേറിയയിടങ്ങളില്‍ ഗതാഗതസ്തംഭനം ഒഴിവാക്കാനും യോജിച്ച തരത്തില്‍ ഭാഗങ്ങളായി സംഘടിപ്പിക്കണം. ജാഥകള്‍ കഴിയുന്നിടത്തോളം റോഡിന്റെ വലതുവശത്ത് വരത്തക്കവണ്ണം ക്രമപ്പെടുത്തുകയും ഡ്യൂട്ടിയിലുള്ള പൊലീസിന്റെ നിര്‍ദ്ദേശവും ഉപദേശവും കര്‍ശനമായി പാലിക്കുകയും വേണം.
രണ്ടോ അതിലധികമോ രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും ഏകദേശം ഒരേ സമയത്തുതന്നെ ഒരേ വഴിയില്‍ കൂടിയോ അതിന്റെ ഭാഗങ്ങളിലൂടെയോ ജാഥ നടത്താന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ സംഘാടകര്‍ കാലേകൂട്ടി പരസ്പരം ബന്ധപ്പെട്ട ജാഥകള്‍ കൂട്ടിമുട്ടുന്നത് ഒഴിവാക്കുന്നതിനും ഗതാഗത തടസ്സം സൃഷ്ടിക്കാതിരിക്കുന്നതിനും ആവശ്യമായ നടപടികള്‍ എടുക്കണം. ആവശ്യമെങ്കില്‍ ലോക്കല്‍ പോലീസിന്റെ സഹായം ഉപയോഗപ്പെടുത്തണം.
ഈ ആവശ്യത്തിനായി എത്രയും നേരത്തെ തന്നെ പാര്‍ട്ടികള്‍ പോലീസുമായി ബന്ധപ്പെടണം. ആവേശഭരിതമാകുന്ന സമയങ്ങളില്‍ അനാശാസ്യ വ്യക്തികള്‍ ദുരുപയോഗപ്പെടുത്തിയേക്കാവുന്ന സാധനങ്ങള്‍ കൊണ്ടുനടക്കുന്ന ജാഥാംഗങ്ങളുടെ മേല്‍ രാഷ്ട്രീയകക്ഷികളും സ്ഥാനാര്‍ഥികളും പരമാവധി നിയന്ത്രണം ഏര്‍പ്പെടുത്തണം. മറ്റു രാഷ്ട്രീയപാര്‍ട്ടികളില്‍ ഉള്ള അംഗങ്ങളെയോ അവരുടെ നേതാക്കളെയോ പ്രതിനിധാനം ചെയ്യുന്നതിനായി ഉദ്ദേശിക്കുന്ന കോലങ്ങള്‍ കൊണ്ടുപോകുന്നതിനും പരസ്യമായി അങ്ങനെയുള്ള കോലങ്ങള്‍ കത്തിക്കുന്നതിനും അങ്ങനെയുള്ള മറ്റു പ്രകടനങ്ങളും ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയോ സ്ഥാനാര്‍ഥിയോ പ്രോത്സാഹിപ്പിക്കാന്‍ പാടില്ലെന്നും പെരുമാറ്റച്ചട്ടത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."