പ്രസവ ശസ്ത്രക്രിയയെ തുടര്‍ന്ന് കുഞ്ഞ് മരിച്ചു; താലൂക്ക് ആശുപത്രിയില്‍ ബന്ധുക്കളുടെ പ്രതിഷേധം
മണ്ണാര്‍ക്കാട്: പ്രസവ ശസ്ത്രക്രിയയെ തുടര്‍ന്ന് കുഞ്ഞ് മരിച്ചു. കോങ്ങാട് തോട്ടത്തില്‍പെരുമ്പടി വീട്ടില്‍ ഗോകുല്‍ദാസിന്റെ ഭാര്യയും തെങ്കര സ്വദേശിനിയുമായ അനിത (26)യുടെ പ്രസവത്തിലാണ് കുഞ്ഞ് മരിച്ചത്. സംഭവത്തില്‍ ഡോക്ടര്‍ അനാസ്ഥ കാണിച്ചെന്നും, ചികിത്സക്കായി പണം വാങ്ങിയെന്നുമാരോപിച്ച് ആശുപത്രിയില്‍ ബന്ധുക്കള്‍ പ്രതിഷേധിച്ചു. വെളളിയാഴ്ച രാവിലെ 11മണിയോടെ മണ്ണാര്‍ക്കാട് കാലൂക്ക് ആശുപത്രിയിലാണ് സംഭവം. കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് അനിതയെ മണ്ണാര്‍ക്കാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെളളിയാഴ്ച രാവിലെ 11മണിയോടെ ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി കുഞ്ഞിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ പറയുകയും, സ്വകാര്യ ആശുപത്രിയിലെത്തിയപ്പോഴേക്കും കുഞ്ഞ് മരിക്കുകയും ചെയ്തതാണ് പ്രശ്‌ന കാരണം. സംഭവത്തെ കുറിച്ച് ബന്ധുക്കള്‍ പറയുന്നത് ഇങ്ങനെ: ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അനിതയെ വേദനയുണ്ടായിട്ടും രണ്ട് ദിവസമായി താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിലെ ഡോ. കൃഷ്ണനുണ്ണി കാര്യമായി പരിശോധിച്ചില്ലെന്നും പിന്നീട് വ്യാഴാഴ്ച ഡോക്ടറുടെ വീട്ടില്‍ നേരിട്ടെത്തി 2000 രൂപ നല്‍കുകയും ചെയ്തുവെന്നും, 1000 രൂപ കൂടി ഡോക്ടര്‍ അനസ്തറ്റിക്‌സിന് നല്‍കാന്‍ ആവശ്യപ്പെട്ടെന്നും അത് പ്രസവ ശേഷം നല്‍കാമെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് വെളളിയാഴ്ച പുലര്‍ച്ചെ ആശുപത്രിയിലെത്തിയ ഡോക്ടര്‍ അനിതയെ ചികിത്സിക്കാന്‍ തയ്യാറായതെന്നും ബന്ധുക്കള്‍ പറഞ്ഞു. മതിയായ പരിചരണം ലഭിക്കാതിരുന്നതാണ് കുഞ്ഞ് മരിക്കാനിടയായതെന്നാണ് ബന്ധുക്കളുടെ ആരോപണം. എന്നാല്‍ അനിതക്ക് മതിയായ ചികിത്സ നല്‍കിയിട്ടുണ്ടെന്നും പ്രസവ സമയത്തോട് അടുത്ത് പൊക്കിള്‍കൊടി കുഞ്ഞിനെ ചുറ്റിയ അവസ്ഥയില്‍ അടിയന്തിരമായ ശസ്ത്രക്രിയ നടത്തുകയായിരുന്നുവെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ പരമാവധി ശ്രമം നടത്തിയെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
ബന്ധുക്കളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പാലക്കാട് ഡെപ്യൂട്ടി ഡി.എം.ഒമാരായ ഡോ. ശെല്‍വരാജ്, ഡോ. നാസര്‍ എന്നിവര്‍ ആശുപത്രിയിലെത്തി. തുടര്‍ന്ന് മണ്ണാര്‍ക്കാട് സി.ഐ ഹിദായത്തുല്ല മാമ്പ്രയുടെ സാനിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ കുഞ്ഞിന്റെ മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താനും ബന്ധുക്കളുടെ പരാതിയില്‍ ഹെല്‍ത്ത് ഡയറക്ടര്‍ക്ക് അടിയന്തിര റിപ്പോര്‍ട്ട് നല്‍കാനും ധരണയായതിനെ തുടര്‍ന്നാണ് പ്രതിഷേധമടങ്ങിയത്. സംഭവത്തില്‍ ബി.ജെ.പി, സി.പി.എം പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്ത് എത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."