ഭരണസമിതിയുടെ അനാസ്ഥ: കുറ്റിപ്പുറം പഞ്ചായത്തില്‍ വികസന ഫണ്ട് ലാപ്‌സായതായി ആക്ഷേപം
കുറ്റിപ്പുറം: യു.ഡി.എഫ് ഭരണസമിതിയുടെ അനാസ്ഥ കാരണം അമ്പത് ലക്ഷത്തോളം രൂപയുടെ വികസന ഫണ്ട് ലാപ്‌സായതായി ആക്ഷേപമുയരുന്നു. കുറ്റിപ്പുറം പഞ്ചായത്തിന്റെ അധീനതയിലുള്ള ബസ് സ്റ്റാന്റ് നവീകരണത്തിനുവദിച്ച 25 ലക്ഷം രൂപയും നഷ്ടപ്പെട്ടത് കടുത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
വിവിധ വാര്‍ഡുകളിലേക്കനുവദിച്ച കുടിവെള്ളം, റോഡ് പുനരുദ്ധാരണം തുടങ്ങിയ പദ്ധതികള്‍ക്കുള്ള ഫണ്ടും ലാപ്‌സായവയില്‍ ഉള്‍പ്പെടുന്നു. സര്‍ക്കാര്‍ നിശ്ചയിച്ച സമയത്തിനകം ടെന്‍ഡര്‍ ചെയ്യുകയോ ഗുണഭോക്തൃസമിതികള്‍ രൂപീകരിക്കുകയോ ചെയ്യാത്തതാണ് ഫണ്ട് നഷ്ടപ്പെടാന്‍ ഇടയാക്കിയതെന്നാന് ആരോപണം. മാര്‍ച്ച് 31 നകം ചിലവഴിക്കാത്ത ഫണ്ടുകള്‍ സ്പില്‍ ഓവര്‍ പ്രോജക്ടില്‍ ഉള്‍പ്പെടുത്തി ഭരണ സമിതി യോഗം ചേര്‍ന്ന് അംഗീകരിച്ച് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം വാങ്ങാത്തതാണ് ഫണ്ട് നഷ്ടപ്പെടാനുള്ള പ്രധാന കാരണം. ഇക്കാര്യത്തില്‍ പ്രസിഡണ്ട് ജാഗ്രതയോടെ ഇടപെട്ടില്ല എന്ന പരാതിയുമായി യു.ഡി.എഫ് മെമ്പര്‍മാര്‍ തന്നെ രംഗത്ത് എത്തിയിട്ടുണ്ട്. ഭരണസമിതിയില്‍ മെമ്പര്‍മാര്‍ രണ്ട് ചേരിയായി തമ്മില്‍ തല്ല് തുടരുന്നതാണ് ഫണ്ട് നഷ്ടപ്പെടാന്‍ ഇടയാക്കിയതെന്നാണ് സി.പി.എം മെമ്പര്‍മാര്‍ ഉന്നയിക്കുന്ന ആക്ഷേപം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."