വഹാബ് എം.പി നല്‍കിയ ആംബുലന്‍സ് നിലമ്പൂര്‍ ജില്ലാ ആശുപത്രിക്ക് നഷ്ടമാകില്ല
നിലമ്പൂര്‍: ജില്ലാ ആശുപത്രിയിലെ പഴയ വി.ഐ.പി ആംബുലന്‍സാണ് കൊണ്ടോട്ടിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതെന്നും പി.വി അബ്ദുല്‍ വഹാബ് എം.പി നല്‍കിയ അത്യാധുനിക സൗകര്യമുള്ള കാര്‍ഡിയാക് ആംബുലന്‍സ് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ തന്നെയുണ്ടാകുമെന്നും ഡി.എം.ഒ ഡോ. കെ. സക്കീന. കഴിഞ്ഞ ദിവസം ചേര്‍ന്ന എച്ച്.എം.സി യോഗത്തില്‍ നിലവിലെ ആംബുലന്‍സ് കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ഡി.എം.ഒയുടെ തീരുമാനമുള്ളതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ യോഗത്തില്‍ അറിയിച്ചിരുന്നു.
പുതിയ ആംബുലന്‍സ് ആശുപത്രിയില്‍ വരുമ്പോള്‍ പഴയത് ഉപകാരപ്രദമായ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകാറാണ് പതിവ്. നിലമ്പൂരിലെ വി.ഐ.പി ആംബുലന്‍സാണ് കൊണ്ടോട്ടിയിലേക്ക് കൊണ്ടുപോകുന്നതെന്നും എം.പിയുടെ ആംബുലന്‍സ് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ തന്നെ സേവനം നല്‍കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും എച്ച്.എം.സി അംഗങ്ങളും പറഞ്ഞു. അതേസമയം എം.പിയുടെ ആംബുലന്‍സ് സര്‍വിസ് തുടങ്ങാതെ നിലവിലെ ആംബുലന്‍സ് മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോയാല്‍ ജില്ലാ ആശുപത്രിയിലെ അത്യാഹിത രോഗികള്‍ക്ക് ചികിത്സാ തടസം നേരിടുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.
എയര്‍പോര്‍ട്ട് അടുത്തായതിനാലാണ് കൊണ്ടോട്ടി ആശുപത്രിയിലേക്ക് നിലമ്പൂരിലെ വി.ഐ.പി ആംബുലന്‍സ് വിട്ടുകൊടുക്കുന്നത്. നേരത്തെ ജില്ലയിലേക്ക് എത്തുന്ന വി.ഐ.പികള്‍ കരിപ്പൂരില്‍ വന്നിറങ്ങുമ്പോള്‍ എച്ച്.എം.സിയുടെ തുക ചെലവഴിച്ചാണ് നിലമ്പൂരില്‍ നിന്നും വി.ഐ.പി ആംബുലന്‍സ് അകമ്പടിക്ക് വിട്ടുകൊടുത്തിരുന്നത്. പി.വി അബ്ദുല്‍ വഹാബ് എം.പി പുതിയ രണ്ട് ആംബുലന്‍സ് നല്‍കിയപ്പോള്‍ പഴയ ആംബുലന്‍സില്‍ ഒന്ന് വിട്ടുകൊടുക്കണമെന്ന് ജില്ലാ ആരോഗ്യ വകുപ്പുമായി കരാറുണ്ടായിരുന്നതിനാലാണ് ആംബുലന്‍സ് വിട്ടുകൊടുക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ആവശ്യം പരിഗണിച്ച് വി.ഐ.പി ആംബുലന്‍സ് നല്‍കാന്‍ എച്ച്.എം.സി യോഗവും അനുമതി നല്‍കി.
നിലവില്‍ അത്യാധുനിക കാര്‍ഡിക് ഐ.സി.യു ഉള്‍പ്പെടെ നാല് ആംബുലന്‍സുകളാണ് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ഉള്ളത്. 35 ലക്ഷത്തോളം രൂപ ചെലവിട്ട് പുതിയ രണ്ട് ആംബുലന്‍സുകളാണ് എം.പി നിലമ്പൂര്‍ ജില്ലാ ആശുപത്രിക്ക് നല്‍കിയത്. അതില്‍ വലിയത് കാര്‍ഡിയാക് ഐ.സി.യു സംവിധാനത്തിലുള്ള ആംബുലന്‍സാണ്. കേരളത്തില്‍ ആദ്യമായാണ് ഒരു ജില്ലാ ആശുപത്രിക്ക് ഐ.സി.യു ആംബുലന്‍സ് നല്‍കുന്നത്.നിര്‍ധനരും, ആദിവാസികള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ ആശ്രയിക്കുന്ന ജില്ലാ ആശുപത്രിയില്‍ ഇവയുടെ പ്രയോജനം കണ്ടറിഞ്ഞാണ് വഹാബ് എം.പി നിലമ്പൂര്‍ ജില്ലാ ആശുപത്രിക്ക് ഇവ നല്‍കിയത്. അതേസമയം ഐ.സി.യു സംവിധാനമുള്ള ആംബുലന്‍സ് പ്രവര്‍ത്തനസജ്ജമാക്കാന്‍ ജീവനക്കാരെ നിയമിക്കണം.
രണ്ട് നഴ്‌സുമാരും ഡ്രൈവറും വേണം. അതിന് എച്ച്.എം.സിയാണ് മുന്‍കൈയെടുക്കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."