പയ്യോളിയില്‍ പേപ്പട്ടി ആക്രമണം; 14പേര്‍ക്ക് കടിയേറ്റു
ചേവായൂര്‍: പയ്യോളിയില്‍ ഇന്നലെയുണ്ടായ പേപ്പട്ടി ആക്രമണത്തില്‍ 14 പേര്‍ക്ക് പരുക്കേറ്റു. പയ്യോളി സ്വദേശികളായ അലീന (60), ഷാനു (മൂന്ന്), ഫാത്തിമ നിഹാല (ഒന്‍പത് മാസം), നാരായണന്‍ (62), മൊയ്തീന്‍ (62), ചെറിയ അബ്ദുല്ല (71), നിഷ (40), സത്യഭാമ (42), പപ്പു പെഹന്‍ (21), നോഹ (58), സ്‌നേഹ (14), ശാന്ത (50), ബാലകൃഷ്ണന്‍ (64), സഫ്രീന (മൂന്ന്) എന്നിവര്‍ക്കാണ് പരുക്കേറ്റത്. സാരമായി പരുക്കേറ്റ സഫ്രീനയെ മാതൃ ശിശു കേന്ദ്രത്തിലും മറ്റുള്ളവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെയാണ് പയ്യോളി തുറയൂരിലെ ഗവ. യു.പി സ്‌കൂളിന് സമീപം പേപ്പട്ടിയുടെ ആക്രമണമുണ്ടായത്.
14 പേരെ കടിച്ച പേപ്പട്ടി ഒന്‍പതോളം പശുക്കളെയും കടിച്ചിട്ടുണ്ട്. കടിയേറ്റവരെ തുറയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം.പി ഷെരീഫ, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പൊടിയാടി നസീര്‍, വാര്‍ഡ് മെംബര്‍ മഠത്തില്‍ സുരേന്ദ്രന്‍ എന്നിവര്‍ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു.
അതേസമയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചവര്‍ക്ക് കുത്തിവയ്ക്കാനുള്ള മരുന്ന് സ്റ്റോക്കുണ്ടായിട്ടും വലിയ തുക നല്‍കി ഇടനിലക്കാരനില്‍നിന്ന് വാങ്ങിപ്പിച്ചതായി ബന്ധുക്കള്‍ ആരോപിച്ചു. ഇത് മെഡി. കോളജില്‍ ബഹളത്തിന് കാരണമായി. എന്നാല്‍ ഒറ്റത്തവണ കുത്തിവയ്ക്കാവുന്ന മരുന്ന് ഏതെങ്കിലും പുറത്തുനിന്ന് കിട്ടുമോ എന്ന് ബന്ധുക്കള്‍ തിരക്കിയപ്പോള്‍ ഒപിയിലെത്തിയ മെഡിക്കല്‍ റെപ്രസന്ററ്റീവ് കുറഞ്ഞ വിലക്ക് മരുന്ന് നല്‍കാന്‍ തയാറാവുകയായിരുന്നുവെന്നും ഇയാള്‍ ഇടനിലക്കാരനാണെന്ന് തെറ്റിദ്ധരിച്ച് ബന്ധുക്കള്‍ ബഹളംവയ്ക്കുകയായിരുന്നെന്നും ഡോക്ടറും ജീവനക്കാരും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."