മെഡി. കോളജ് പരിസരത്തെ ഹോട്ടലുകളില്‍ മിന്നല്‍ പരിശോധന
കോഴിക്കോട്: മെഡിക്കല്‍ കോളജിന് സമീപത്തെ ഹോട്ടലുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി. കോഴിക്കോട് കോര്‍പറേഷന്‍ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഭക്ഷ്യവസ്തുക്കള്‍ പിടികൂടിയത്.
ആശുപത്രിക്ക് സമീപമുള്ള ഹോട്ടല്‍ വേണാട്, ന്യൂ സന, സംഗമം എന്നിവിടങ്ങളില്‍ നിന്നാണ് പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടിയത്. ഹോട്ടല്‍ വേണാടില്‍നിന്ന് 25 കിലോ പഴകിയ ചോറ്, ഒന്നരക്കിലോ ഭക്ഷ്യയോഗ്യമല്ലാത്ത ഇറച്ചി, 25 നൂല്‍പുട്ട്, ഹോട്ടല്‍ ന്യൂ സനയില്‍ നിന്ന് ഒന്നരക്കിലോ പഴകിയ ചോറ്, പാകം ചെയ്തതും കേടുവന്നതുമായ ചിക്കന്‍, ബീഫ്, കടുക്ക, കോളിഫ്‌ളവര്‍, ന്യൂഡില്‍സ്, ഹോട്ടല്‍ സംഗമത്തില്‍നിന്ന് പൊരിച്ചതും കേടുവന്നതുമായ മത്സ്യം എന്നിവയാണ് പിടികൂടിയത്.
നഗരസഭാ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി ബാബുരാജ്, ഹെല്‍ത്ത് ഓഫിസര്‍ ഡോ. ആര്‍.എസ് ഗോപകുമാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ. ശിവദാസ്, ഹെല്‍ത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലാണ് മിന്നല്‍ പരിശോധന നടത്തിയത്. ഹോട്ടലുകളുടെ പരിസരം വൃത്തിഹീനവും മാലിന്യം നിറഞ്ഞതുമാണെന്നും പരിശോധനയില്‍ കണ്ടെത്തി.
ജനങ്ങളുടെ ആരോഗ്യത്തിന് ഹാനികരമായ ഭക്ഷണം വില്‍ക്കാന്‍ സൂക്ഷിച്ചതിന് ഹോട്ടല്‍ ഉടമകള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും കനത്ത പിഴ ഈടാക്കുമെന്നും അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."