മനഃസാക്ഷി വോട്ട് പ്രഖ്യാപിച്ച് തലയൂരാന്‍ മാണിക്കുമേല്‍ സമ്മര്‍ദം
തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മനഃസാക്ഷി വോട്ട് പ്രഖ്യാപിച്ച് രാഷ്ട്രീയ പ്രതിസന്ധിയില്‍നിന്ന് തലയൂരാന്‍ കേരള കോണ്‍ഗ്രസ് (എം) ചെര്‍മാന്‍ കെ.എം മാണിക്കുമേല്‍ പാര്‍ട്ടിയില്‍ സമ്മര്‍ദം.
പാര്‍ട്ടിയിലെ മറ്റു മുതിര്‍ന്ന നേതാക്കളാണ് ഈ നിര്‍ദേശം മാണിക്കു മുന്നില്‍ വച്ചിരിക്കുന്നത്. ആര്‍ക്ക് വോട്ടുചെയ്യണമെന്ന കാര്യം തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍ രഹസ്യമായി തീരുമാനിച്ചു നടപ്പാക്കാമെന്ന നിര്‍ദേശവും അവര്‍ മുന്നോട്ടുവച്ചിട്ടുണ്ട്.
ഇടതുപക്ഷവുമായി സഹകരിക്കണമെന്ന വാദത്തില്‍ മാണിക്കൊപ്പം നില്‍ക്കുന്നവരും എതിര്‍ക്കുന്നവരുമായ നേതാക്കള്‍ മനഃസാക്ഷി വോട്ട് എന്ന അഭിപ്രായവുമായി രംഗത്തുവന്നിട്ടുണ്ട്. പാര്‍ട്ടി ഇടതുമുന്നണിയിലേക്കു വരുന്നതില്‍ സി.പി.ഐ പരസ്യമായി തന്നെ എതിര്‍പ്പു പ്രകടിപ്പിച്ച സാഹചര്യത്തില്‍ അത് അവഗണിച്ച് ചെങ്ങന്നൂരില്‍ ഇടതുപക്ഷത്തിനു പിന്തുണ പ്രഖ്യാപിക്കുന്നത് പാര്‍ട്ടിയുടെ രാഷ്ട്രീയഭാവിക്കു കടുത്ത ഭീഷണി ഉയര്‍ത്തുമെന്ന അഭിപ്രായം പാര്‍ട്ടിയില്‍ ശക്തമാണെന്ന് ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞു.
മാണിക്കും ചില നേതാക്കള്‍ക്കും താല്‍പര്യമില്ലെങ്കിലും പാര്‍ട്ടിയെ യു.ഡി.എഫില്‍ തിരിച്ചെടുക്കാനുള്ള സന്നദ്ധത യു.ഡി.എഫ് നേതാക്കള്‍ പ്രകടിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇടതുമുന്നണിക്കു പരസ്യമായി പിന്തുണ പ്രഖ്യാപിച്ചാല്‍ ഭാവിയില്‍ യു.ഡി.എഫിലേക്കു തിരിച്ചുപോകാനുള്ള സാധ്യത അടയും.
സി.പി.ഐയുടെ എതിര്‍പ്പു കാരണം ഇടതുമുന്നണിയില്‍ ചെന്നുകയറാനാവാത്ത സ്ഥിതി കൂടി വന്നാല്‍ പാര്‍ട്ടി ഒറ്റപ്പെടും. നിലവിലെ സാഹചര്യത്തില്‍ ശക്തമായ ഒരു മുന്നണിക്കൊപ്പമല്ലാതെ പാര്‍ട്ടിക്കു നിലനില്‍ക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
വ്യക്തമായ ഉപാധികളുടെ അടിസ്ഥാനത്തിലല്ലാതെ യു.ഡി.എഫിനൊപ്പം നില്‍ക്കുന്നതു ഗുണകരമാവില്ലെന്ന അഭിപ്രായവും പാര്‍ട്ടിയില്‍ ശക്തമാണ്. ഭാവിയില്‍ തെരഞ്ഞടുപ്പില്‍ ലഭിക്കേണ്ട സീറ്റുകളുടെ കാര്യത്തിലടക്കം ധാരണ ഉണ്ടാവേണ്ടതുണ്ട്. കോണ്‍ഗ്രസിലെ ചില മുതിര്‍ന്ന നേതാക്കള്‍ക്ക് പാര്‍ട്ടിയുടെ തിരിച്ചുവരവില്‍ എതിര്‍പ്പുള്ള സാഹചര്യത്തില്‍ ഉപാധികളില്ലാത്ത ഒരു തിരിച്ചുപോക്ക് പാര്‍ട്ടിക്കു നഷ്ടമുണ്ടാക്കുമെന്ന് ഈ അഭിപ്രായമുള്ളവര്‍ പറയുന്നു.
അക്കാര്യത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ പെട്ടെന്നൊരു സമവായമുണ്ടാക്കുക എളുപ്പമല്ല. ഈ സാഹചര്യത്തില്‍ മനഃസാക്ഷി വോട്ട് പ്രഖ്യാപിച്ച് ഇരുപക്ഷത്തെയും ചില മുതിര്‍ന്ന നേതാക്കള്‍ക്ക് ഇപ്പോള്‍ പാര്‍ട്ടിയോടുള്ള താല്‍പര്യം നിലനിര്‍ത്തിക്കൊണ്ടു പോകുകയും ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മുന്നണി ബന്ധം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുകയും ചെയ്യുന്നതാണ് സുരക്ഷിതമെന്ന അഭിപ്രായം പാര്‍ട്ടിയില്‍ ശക്തമാണ്.
അതേസമയം, മാണിയിലുള്ള പ്രതീക്ഷയുമായി മുന്നോട്ടുപോകുകയാണ് യു.ഡി.എഫ്. മാണിയെ തിരിച്ചുകൊണ്ടുവരാനുള്ള നീക്കം മുന്നണി ഉന്നതതലത്തില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുമാണ് ഈ നീക്കത്തിനു ചുക്കാന്‍ പിടിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."