വിദ്യാര്‍ഥികള്‍ക്ക് നിരക്കിളവ്: ബസുടമകളില്‍ ഭിന്നിപ്പ് ശക്തം
തൃശൂര്‍: വിദ്യാര്‍ഥികള്‍ക്ക് നിരക്കിളവനുവദിക്കുന്നത് സംബന്ധിച്ച് ബസുടമകളില്‍ ഭിന്നിപ്പ്. ജൂണ്‍ ഒന്നുമുതല്‍ നിരക്കിളവ് അനുവദിക്കില്ലെന്ന് വ്യക്തമാക്കി വെള്ളിയാഴ്ച ബസുടമകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ, വിദ്യാര്‍ഥികള്‍ക്ക് നിരക്ക് ഇളവ് അനുവദിക്കുമെന്ന് അറിയിച്ച് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന് രംഗത്തെത്തി. തൃശൂരില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഇക്കാര്യം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇളവ് നല്‍കില്ലെന്ന് പറയാന്‍ ബസ് ഉടമകള്‍ക്ക് കഴിയില്ലെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടതെന്നും ഭാരവാഹികള്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് നിരക്ക് ഇളവ് അനുവദിക്കണമെങ്കില്‍ സബ്സിഡിയടക്കമുള്ള ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്നായിരുന്നു വെള്ളിയാഴ്ച കൊച്ചിയില്‍ ചേര്‍ന്ന ബസ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി തീരുമാനം. ഇതിലാണ് തൃശൂരില്‍ ചേര്‍ന്ന പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന് യോഗം വിയോജിപ്പ് അറിയിച്ചത്.
ഇന്ധന വിലവര്‍ധനയില്‍ അടിതെറ്റിയ സ്വകാര്യ ബസ് വ്യവസായത്തെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് മേയ് 14ന് സെക്രട്ടറിയേറ്റ് നടയില്‍ ധര്‍ണ നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു. ജൂണ്‍ ഒന്നു മുതല്‍ വിദ്യാര്‍ഥികള്‍ക്ക് സ്വകാര്യ ബസില്‍ ഇളവ് അനുവദിക്കില്ലെന്ന പ്രസ്താവനയോട് യോജിപ്പില്ലെന്ന് കേരള ബസ് ട്രാന്‍സ്പോര്‍ട്ട് അസോസിയേഷനും വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."