മഞ്ഞിലും കനലെരിയുമ്പോള്‍
എപ്പോഴും ചിരിച്ച് സന്തോഷത്തോടെ പ്രസന്നവദയായിട്ടാണ് അവള്‍ സംസാരിച്ചിരുന്നത്. സംസാരത്തിനിടയില്‍ തന്റെ നാടിന്റെ കൗതുകകരമായ വാര്‍ത്തകളും വിശേഷങ്ങളും ഓര്‍മകളും പങ്കുവയ്ക്കുക പതിവായിരുന്നു. കശ്മിരിനെ കുറിച്ചറിയാനുള്ള ആഗ്രഹവും അവരുടെ ജീവിതത്തെ ആഴത്തില്‍ മനസിലാക്കാനുള്ള താല്‍പര്യവും കാരണം അവരോട് കൂടുതല്‍ സംസാരിക്കാന്‍ താല്‍പര്യമായിരുന്നു. ഒരിക്കല്‍ സംസാരിച്ചുകൊണ്ടിരിക്കെ കുടുംബങ്ങളെ വിട്ടുപിരിയുന്ന ദുഃഖം അവള്‍ വേദനയോടെ പങ്കുവച്ചു. ആറു വര്‍ഷത്തോളമായി പഠനാവശ്യങ്ങള്‍ക്കായി അവള്‍ വീടുവിട്ടിട്ട്. അന്നാദ്യമായാണു മഴവില്‍ വിരിയുന്ന അവളുടെ മുഖത്ത് കാര്‍മേഘങ്ങള്‍ ഇരുണ്ടുകൂടിയതായി കാണുന്നത്. പിന്നീടങ്ങോട്ട് അവളുടെ വാക്കുകള്‍ക്കു മറുപടിയില്ലാതെ, ആശ്വസിപ്പിക്കാന്‍ പോലുമാകാതെ കേട്ടുനില്‍ക്കുകയായിരുന്നു ഞാന്‍. ഇത്രയേറെ സങ്കടങ്ങള്‍ ഉള്ളിലൊതുക്കി സന്തോഷത്തോടെ ഇടപെടുന്ന അവളെന്നെ വല്ലാതെ അത്ഭുതപ്പെടുത്തി. ഉറച്ച വാക്കുകളും പ്രയാസങ്ങളുടെ പേമാരികള്‍ക്കിടയിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനുള്ള അവളുടെ ആഗ്രഹവും ഇച്ഛാശക്തിയും അത്ഭുതപ്പെടുത്തുന്നതായിരുന്നു.
***** ***** ***** ********** ***** ***** ********** ***** ***** *****
കശ്മിരിലെ കുപ്‌വാര ജില്ലയിലെ കൂനന്‍ എന്ന ഗ്രാമമാണ് രംഗം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് വോട്ട് രേഖപ്പെടുത്താന്‍ പോളിങ് ബൂത്തായ ഗവണ്‍മെന്റ് ഹൈസ്‌കൂളിനു മുന്നിലെത്തിയവര്‍ തുരുമ്പ് പിടിച്ച ഗെയ്റ്റിനു മുന്നില്‍ പെട്ടെന്നു നിന്നു. പോളിങ് ബൂത്തിലേക്കുള്ള വഴി തടസപ്പെടുത്തി പത്തുപതിനഞ്ച് സ്ത്രീകള്‍ ചെറുവടികളും കരിങ്കൊടികളുമായി നില്‍ക്കുന്നു. വെറുപ്പ് നിറഞ്ഞ സ്വരത്തില്‍ അവര്‍ വോട്ടര്‍മാരോടു കയര്‍ക്കുകയാണ്. നാടിന്റെ വികസനത്തിനും രാഷ്ട്രീയ സ്ഥിരതയ്ക്കും വേണ്ടി വോട്ട് ചെയ്യാനെത്തിയവരാണു ഗ്രാമീണര്‍. അവരെ തടഞ്ഞുനിര്‍ത്തിയവരുടെ ആവശ്യം നീതി ലഭ്യമാകണമെന്നതും. നീതിയില്ലാത്ത നാളെയെക്കുറിച്ച് അവര്‍ക്ക് ചിന്തിക്കാനാവുന്നില്ല. ഭരണകൂടത്തിനു നീതി പുലര്‍ത്താനാവുന്നില്ലെങ്കില്‍ വോട്ടെടുപ്പ് ബഹിഷ്‌കരിച്ച് നാട്ടുകാരെങ്കിലും തങ്ങളോട് നീതി കാണിക്കണമെന്നാണ് ഇവരുടെ പക്ഷം.
ഇരുട്ടിന്റെ മറവില്‍ വീട്ടുവാതില്‍ തള്ളിത്തുറന്ന് അകത്തു കയറിയ സൈനികര്‍ നടത്തിയ പീഡനങ്ങളുടെ ഓര്‍മകള്‍ ഇപ്പോഴും തന്നെ വേട്ടയാടുന്നുവെന്നു സംഘത്തിനു മുന്നില്‍ നില്‍ക്കുന്ന ജന്തി ബീഗം പറയുന്നു. വിളക്കുകള്‍ തല്ലിക്കെടുത്തിയ സൈനികര്‍ ഇവരുടെ അഭിമാനം പിച്ചിച്ചീന്തി. അടുത്തടുത്തുള്ള വീടുകളില്‍നിന്ന് ആ രാത്രി തീരുവോളം രോദനങ്ങള്‍ ഉയര്‍ന്നു കേട്ടു. ചോരയൊലിക്കുന്ന ശരീരവും ചീന്തിയെറിയപ്പെട്ട വസ്ത്രങ്ങളും. ജീവിതത്തിന്റെ വലിയൊരു ഭാഗം മുന്നില്‍ നില്‍ക്കെ ജീവനോടെ കുഴിച്ചുമൂടപ്പെട്ടവരെപ്പോലെയായി ഈ സ്ത്രീജീവിതങ്ങള്‍. 'ഞാനന്ന് ഇരുപത്തിയൊന്നുകാരിയായിരുന്നു. ഇപ്പോള്‍ പ്രായം നാല്‍പത്തിയഞ്ചായി. എന്നിലെ നിഷ്‌കളങ്കയായ പെണ്‍കുട്ടി അന്നേ മരിച്ചുപോയിരുന്നു. ഇനിയെനിക്കൊന്നും നഷ്ടപ്പെടാനില്ല.' ജന്തി ബീഗം പറയുന്നു.
'അനീതിയില്‍ കുളിച്ചുനില്‍ക്കുന്ന ഈ ജനാധിപത്യത്തില്‍ എനിക്കു വിശ്വാസമില്ല. എന്തിന് തെരഞ്ഞെടുപ്പുകള്‍ ബഹിഷ്‌കരിക്കണമെന്നു നാട്ടുകാരെ ഓര്‍മപ്പെടുത്തല്‍ മാത്രമാണ് ഞങ്ങളുടെ ദൗത്യം. വടക്കന്‍ കാശ്മീരിലെ കുപ്‌വാര ജില്ലയില്‍ സ്ഥിതി ചെയ്യുന്ന കുനന്‍ ഗ്രാമവും അയല്‍ദേശമായ പുഷ്‌പോറയും പുറത്ത് അത്രയൊന്നും അറിയപ്പെടാത്ത രണ്ട് ഉള്‍നാടന്‍ ഗ്രാമങ്ങളായിരുന്നു; ഇരുപത്തിനാല് വര്‍ഷം മുന്‍പ് അവിടെ സ്ത്രീകള്‍ സൈനികരാല്‍ കൂട്ടബലാത്സംഗത്തിനിരയാക്കപ്പെട്ടു എന്ന വാര്‍ത്ത പുറത്തുവരുന്നതു വരെ.
***** ***** ***** ********** ***** ***** ********** ***** ***** *****
മനോഹരമായ തടാകങ്ങള്‍, നദികള്‍, മലനിരകള്‍, പൈന്‍മരക്കാടുകള്‍, തണല്‍ വിരിയിച്ചു നില്‍ക്കുന്ന ചിനാറുകള്‍ എല്ലാം നിറഞ്ഞ ഭൂമിയിലെ പറുദീസ തന്നെയാണ് കശ്മിര്‍. വിശേഷണങ്ങള്‍ പറുദീസ എന്നാണെങ്കിലും പക്ഷേ, ഇവിടുത്തെ ജീവിതം സ്വര്‍ഗതുല്യമല്ല. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി തുടരുന്ന സംഘര്‍ഷങ്ങള്‍, തീവ്രവാദി, സൈനിക ആക്രമണങ്ങളും വര്‍ണാഭമായിരുന്ന കശ്മിരികളുടെ ജീവിതത്തിന്റെ നിറം കെടുത്തി. വീടുകളില്‍നിന്നു ശാന്തിയും സമാധാനവും പടിയിറങ്ങി. പകരം വേദനകളും ആകുലതകളും രോഗങ്ങളും ഇടം പിടിച്ചു.
ലോകത്തിന്റെ ഏതു കോണിലും സംഘര്‍ഷങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നതു സ്ത്രീകളെയും കുട്ടികളെയുമാണ്. ചിരിക്കുന്ന, തുടുത്തിരിക്കുന്ന ഇവിടുത്തെ ഓരോ മുഖങ്ങള്‍ക്കുമുണ്ട് വേദനയുടെ ഒരുപാടു കദന കഥകള്‍ പറയാന്‍. താഴ്‌വരയിലെ ഏതു വീട്ടില്‍ ചെന്നാലും കേള്‍ക്കാം അടക്കിപ്പിടിച്ച രോദനങ്ങള്‍. ഭീതിയുടെ നിഴല്‍പ്പറ്റിയല്ലാതെ കശ്മിരിലെ ഒരാള്‍ക്കും കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെ കാലമായി വീട്ടില്‍നിന്നു പുറത്തിറങ്ങാനോ അന്തിയുറങ്ങാനോ സാധിച്ചിട്ടില്ല. അത്രമാത്രം കലുഷിതമാണ് കശ്മിരിന്റെ അന്തരീക്ഷം.
ഇന്ത്യക്കും പാകിസ്താനും കശ്മിരിപ്പോഴും തര്‍ക്കഭൂമിയാണ്. ഇരുരാജ്യങ്ങളുടെയും ഇടയില്‍പെട്ട് കശ്മിരികള്‍ക്കു നിഷേധിക്കപ്പെട്ടത് സൈ്വരമായി ജീവിക്കാനുള്ള അവകാശമാണ്. എണ്‍പതുകളുടെ അവസാനമാണ് കശ്മിര്‍ അശാന്തിയുടെ താഴ്‌വരയായി മാറിയത്. നിരന്തരം ആക്രമണങ്ങള്‍ അഴിച്ചുവിട്ട തീവ്രവാദികളും തീവ്രവാദികളെ തിരഞ്ഞെത്തിയ സുരക്ഷാസൈനികരും ജനജീവിതം ദുസ്സഹമാക്കി. പട്ടാളത്തിന്റെ ഇടപെടല്‍ നിരവധി മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് വഴിവച്ചു. കൊല്ലപ്പെടുന്ന സാധാരണക്കാരുടെ എണ്ണവും കാണാതാകുന്ന ചെറുപ്പക്കാരുടെ എണ്ണവും നാള്‍ക്കുനാള്‍ താഴ്‌വരയില്‍ വര്‍ധിച്ചു. തണുത്തുറഞ്ഞ ദാല്‍ തടാകത്തിലും ഝലം നദിയിലും വെടിയേറ്റു തുളഞ്ഞ അജ്ഞാതമൃതദേഹങ്ങള്‍ നിത്യകാഴ്ചയായി.
***** ***** ***** ********** ***** ***** ********** ***** ***** *****
ഓരോ പുലരിയും കശ്മിരികളെ വരവേറ്റത് പട്ടാളം പിടിച്ചുകൊണ്ടുപോയ അയല്‍ക്കാരുടെയോ ബന്ധുക്കളുടെയോ തിരോധാനങ്ങള്‍ സംബന്ധിച്ച വാര്‍ത്തകളോടെയാണ്. അല്ലെങ്കില്‍ തീവ്രവാദി ആക്രമണങ്ങളുടെ കഥകളാണ്. ഓരോ സംഘര്‍ഷങ്ങളും അവശേഷിപ്പിക്കുന്നത് വേദനകളും സങ്കടങ്ങളും മാത്രമാണ്. വര്‍ഷങ്ങളായി ഇവര്‍ കാത്തിരിക്കുകയാണ്, കാണാതായ ഭര്‍ത്താവിനോ മകനോ വേണ്ടി.
ഭര്‍ത്താവ് ജീവിച്ചിരിപ്പുണ്ടോ, കൊല്ലപ്പെട്ടോ എന്നറിയാത്ത 1500ലേറെ അര്‍ധ വിധവകളാണ് കശ്മിരിലുള്ളതെന്നാണു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതിന്റെ പതിന്മടങ്ങാണ് കാണാതെ പോയ മക്കളെ കാത്തിരിക്കുന്ന അമ്മമാരുടെ എണ്ണം. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ 8,000ത്തിലേറെ ആണ്‍കുട്ടികളെയാണ് കശ്മിരില്‍ പട്ടാളം പിടിച്ചുകൊണ്ടുപോയതായി മനുഷ്യാവകാശ സംഘടനകളുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. സൈന്യം പിടിച്ചു കൊണ്ടുപോയ മകനെ തേടി പര്‍വീണ അഹങ്കാര്‍ മുട്ടാത്ത വാതിലുകളില്ല. കശ്മിരിന്റെ ഉരുക്കുവനിത എന്നറിയപ്പെടുന്ന പര്‍വീണ നീതിക്കു വേണ്ടിയുള്ള തന്റെ പോരാട്ടത്തിനിടയില്‍ കണ്ടുമുട്ടിയത് ആയിരക്കണക്കിനു സ്ത്രീകളെയാണ്. പിന്നീട് അവര്‍ക്കു വേണ്ടിയുള്ള പോരാട്ടത്തിനും പര്‍വീണ നേതൃത്വം നല്‍കി.
വിവിധ സംഘടനകളുടെ കണക്കു പ്രകാരം 25,000ത്തിനും 30,000ത്തിനും ഇടയില്‍ വിധവകളെയാണു സംഘര്‍ഷം സൃഷ്ടിച്ചത്. അനാഥരാക്കിയ കുടുംബങ്ങളുടെ എണ്ണം ഇതിലും കൂടുതലാണ്. വേട്ടയാടലിനെ തുടര്‍ന്ന് കശ്മിരിലെ ആണുങ്ങള്‍ വീടുവിട്ടിറങ്ങാന്‍ ഭയന്നുതുടങ്ങി. ഇതോടെ കുടുംബത്തിന്റെ ഉത്തരവാദിത്വം ചുമലിലേറ്റാന്‍ സ്ത്രീകള്‍ നിര്‍ബന്ധിതരായി. കുടുബം പോറ്റാന്‍ പല ജോലികളും സ്ത്രീകള്‍ക്കു ചെയ്യേണ്ടിവന്നു. കുങ്കുമ തോട്ടങ്ങളിലും ആപ്പിള്‍ തോട്ടങ്ങളിലും തുന്നല്‍ക്കടകളിലും അവര്‍ ജോലിചെയ്തു. ദാരിദ്ര്യവും രോഗവും കൂട്ടായി വന്നു. ഇതിനിടയില്‍ കാണാതായ മകനെയും ഭര്‍ത്താവിനെയും അന്വേഷിച്ച് സൈനിക ക്യാംപുകളിലും കോടതികളിലും കയറിയിറങ്ങി ഓരോ കശ്മിരി സ്ത്രീകളും.
സംഘര്‍ഷങ്ങള്‍ മരണം മാത്രമല്ല, ബന്ധങ്ങളിലും സാമൂഹിക ഘടനകളിലും വിദ്യാഭ്യാസത്തിലും വലിയ വിള്ളലുകള്‍ തീര്‍ക്കുന്നു. അതിനും പുറമെ സൈന്യത്തോടും മറ്റുമുള്ള തങ്ങളുടെ പ്രതിഷേധങ്ങള്‍ ആണുങ്ങള്‍ വീട്ടിലും പ്രകടിപ്പിക്കാന്‍ തുടങ്ങി. ഇതു സ്ത്രീകളെയും കുട്ടികളെയും വലിയ തോതില്‍ മാനസികമായും ശാരീരികമായും ബാധിച്ചു. എട്ടു ദശലക്ഷം മുതിര്‍ന്നവര്‍ വിവിധ മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്നുവെന്നാണ് കണക്കുകള്‍.
കശ്മിരിലെ പത്തു ജില്ലകളിലെ ജനങ്ങള്‍ക്കിടയില്‍ ഡോക്ടേഴ്‌സ് വിത്തൗട്ട് ബോഡേഴ്‌സ് എന്ന സംഘടന 2015ല്‍ നടത്തിയ സര്‍വേ പുറത്തുകൊണ്ടുവന്ന ഫലങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. താഴ്‌വരയിലെ 50 ശതമാനം സ്ത്രീകളും വിഷാദരോഗത്തിന് അടിപ്പെട്ടിരിക്കുന്നു. 37 ശതമാനം പുരുഷന്മാരും വിഷാദരോഗികളാണ്. 36 ശതമാനം വനിതകള്‍ ഉത്കണ്ഠ രോഗങ്ങള്‍ക്കും 22 ശതമാനം സ്ത്രീകള്‍ പോസ്റ്റ് ട്രോമാറ്റിക് ട്രസ്റ്റ് ഡിസോഡറിനും അടിമകളാണ്. കശ്മിരികളുടെ ആത്മഹത്യാനിരക്കും വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. വിശപ്പിനേക്കാള്‍ വലിയ പ്രശ്‌നങ്ങളുണ്ടെന്നു പല കശ്മിരികളും തിരിച്ചറിഞ്ഞത് സംഘര്‍ഷ കാലത്താണ്.
***** ***** ***** ********** ***** ***** ********** ***** ***** *****
എല്ലാവരും ആഗ്രഹിക്കുന്നത് ശാന്തിയും സമാധാനവുമാണ്. രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്കിടയില്‍ കശ്മിര്‍ ജനതയുടെ അവകാശ നിഷേധങ്ങളെ കണ്ടില്ലെന്ന് നടിക്കാനാവില്ല. ഇന്നും നമ്മുടെ അക്കാദമിക് പരിസരങ്ങളിലേക്ക് കശ്മിര്‍ പ്രശ്‌നം കടന്നുവന്നിട്ടില്ല. ഫലസ്തീനെ പോലെയോ തിബറ്റിനെ പോലെയോ നിരവധി പുസ്തകങ്ങള്‍ കാശ്മിരിനെ കുറിച്ച് എഴുതപ്പെടുന്നില്ല. ഈയടുത്തകാലം വരെ കാശ്മിരുകാര്‍ അന്താരാഷ്ട്ര ചര്‍ച്ചകളില്‍ ഭാഗഭാക്കായിരുന്നില്ല. ഇപ്പോഴാണ് കാശ്മിരി എഴുത്തുകാര്‍ അവരുടെ കഥ പറയാനും പുസ്തകങ്ങള്‍ എഴുതാനും തുടങ്ങിയത്. അതു വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.
ചര്‍ച്ചകള്‍ തുടരേണ്ടതുണ്ട്. ശാന്തിയും സാമാധാനവും പുലരുന്ന അരുണോദയങ്ങള്‍ക്കായി കാത്തിരിക്കുകയാണ് കശ്മിര്‍ ജനത. അല്ലാത്തപക്ഷം ഭൂമിയിലെ പറുദീസ അശാന്തിയുടെ മാത്രമല്ല, വിഷാദരോഗത്തിന്റെയും താഴ്‌വരയായി മാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."