മാന്തോപ്പിലുറങ്ങുന്നുണ്ടൊരു 'മധുര മനുഷ്യന്‍'
അന്നൊരു തമാശയുണ്ടായി. മാമ്പഴക്കാലമായിരുന്നു അത്. സാവൂര്‍ സായിപ്പിന്റെ വളപ്പില്‍ മാങ്ങ പറിക്കാന്‍ പോയി ഞാന്‍ മരത്തില്‍ കയറി മാങ്ങ പറിച്ചു താഴേക്കിടും. പാവാടയില്‍ മാങ്ങ ശേഖരിച്ച് സോറയും ബാനുവും ഗുസ്തി ഖാദറും താഴെ നില്‍ക്കും. അങ്ങനെയിരിക്കെ ഒരുദിവസം സായിപ്പ് ഞങ്ങളെ കണ്ടു. കൂടെയുണ്ടായിരുന്നവര്‍ മാങ്ങയെല്ലാം വാരിയെറിഞ്ഞു ഓടിക്കളഞ്ഞു. ഞാന്‍ മരത്തിനു മുകളിലും. സായിപ്പ് എന്നെ കണ്ടു. ഇറങ്ങിവരാന്‍ കല്‍പ്പിച്ചു. പേടിച്ചുവിറച്ച് അരികില്‍ നില്‍ക്കേ സായിപ്പ് വടികൊണ്ട് മാങ്ങയെല്ലാം ഒരിടത്ത് കൂട്ടി. അത് കൊണ്ടു
പോയ്‌ക്കോളാന്‍ പറഞ്ഞു. ഒരു താക്കീതും 'അന്യന്റെ മുതലുകള്‍ കക്കരുത്. ചോദിച്ചു വാങ്ങണം.' (സുബൈദ നീലേശ്വരത്തിന്റെ (അബൂബക്കര്‍) ഓര്‍മക്കുറിപ്പുകളില്‍നിന്ന്).
ട്രൗസറും ബനിയനുമിട്ട് തൊപ്പിവച്ച് നടന്നുവരുന്ന ആജാനുബാഹുവായ മനുഷ്യന്‍. ചുണ്ടില്‍ പുകയുന്ന ചുരുട്ട്, കൈയില്‍ വാക്കിങ് സ്റ്റിക്ക്. മറുകൈയില്‍ നാട്ടുമാവിന്റെ തൈ. കൂടെ സന്തതസഹചാരികളായി മുന്തിയ വിദേശയിനം നായ്ക്കളും. നടന്നെത്തിയ ഇടങ്ങളിലെല്ലാം അയാള്‍ മാവിന്റെ തൈകള്‍ വച്ചു. ക്രമേണ അവയൊക്കെ മാന്തോപ്പുകളായി. മാന്തോപ്പു നല്‍കിയ മാങ്ങയുടെ മധുരം തലമുറകളിലൂടെ കടന്നുപോയി. അതോടൊപ്പം സഞ്ചരിക്കേണ്ട ആ മനുഷ്യനെക്കുറിച്ചുള്ള ഓര്‍മകള്‍ എന്നാല്‍ എവിടെയോ കുഴിച്ചുമൂടപ്പെട്ടു.
ഓര്‍മയൊരു മാവിന്‍തൈ അല്ലല്ലോ. ഓര്‍മയുടെ ജലം കിട്ടാതെ ഉണങ്ങിപ്പോകേണ്ടി വന്ന ആ 'പടന്നക്കാട്ടുകാരന്റെ' നാമം ആര്‍.എം സാവൂര്‍ എന്നാകുന്നു. പഴമക്കാര്‍ അയാളെ സായിപ്പെന്നു വിളിച്ചു. ബ്രിട്ടീഷ് സര്‍ക്കാരിനു കീഴിലെ ഉദ്യോഗസ്ഥനായി വന്ന് ഒരു നാടിന്റെ തന്നെ സ്‌നേഹം പിടിച്ചുപറ്റിയ ഇദ്ദേഹത്തെക്കുറിച്ചു പറയുമ്പോള്‍ പ്രായമായവര്‍ക്കു നൂറുനാവാണ്. കാസര്‍കോട് ജില്ലയില്‍ കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴില്‍ പടന്നക്കാടുള്ള കാര്‍ഷിക കോളജ് വളപ്പിലും ചുറ്റുവട്ടങ്ങളിലുള്ള പറമ്പുകളിലും അന്ന് സാവൂര്‍ സായിപ്പ് നട്ടുവളര്‍ത്തിയ വിദേശ ഇനം പഴവര്‍ഗ ചെടികള്‍ ഇന്നും വളരുന്നുണ്ട്. എങ്കിലും ഇദ്ദേഹത്തെ നാട്ടുകാര്‍ ഓര്‍ക്കുന്നത് മാമ്പഴത്തിന്റെ പേരിലാണ്.
118 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് സായിപ്പ് പടന്നക്കാടെത്തുന്നത്. അന്നത്തെ മദ്രാസ് സര്‍ക്കാരിനു കീഴിലുണ്ടായിരുന്ന സൗത്ത് കനറാ ജില്ലയിലെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടറായിരുന്നു ആര്‍.എം സാവൂര്‍. പടന്നക്കാട്, ബ്രിട്ടീഷ് സര്‍ക്കാര്‍ പതിച്ചുനല്‍കിയ ഏക്കര്‍ കണക്കിനു ഭൂമിയില്‍ വീട് വച്ചായിരുന്നു ഇദ്ദേഹവും കുടുംബവും താമസിച്ചിരുന്നത്. ഇന്നത്തെ കാര്‍ഷിക കോളജും ഫാം ഹൗസും നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുമുള്‍പ്പെടെ സ്ഥിതിചെയ്യുന്ന സ്ഥലം അക്കാലത്ത് സാവൂറിന്റേതായിരുന്നു. ജോലിയോടൊപ്പം കൃഷിയിലും ഇദ്ദേഹം ഏറെ ശ്രദ്ധ പുലര്‍ത്തിയിരുന്നു. ജപ്പാന്‍ മോഡല്‍ കൃഷി ഇവിടെ പരിചയപ്പെടുത്തിയത് ആര്‍.എം സാവൂറാണത്രേ. ഇന്നു ലഭ്യമല്ലാത്ത പ്രിയൂര്‍, ഗുദാദ്, പനക്കാലു തുടങ്ങി പടന്നക്കാടിന്റെ സ്വന്തം ഫിറങ്കി ലഡു വരെ ഇവിടെയെത്തിച്ച് സാവൂര്‍ തന്റെ തോട്ടത്തില്‍ കൃഷി ചെയ്തിരുന്നു. ഏക്കര്‍ കണക്കിനു പടര്‍ന്നു പന്തലിച്ചുകിടന്നിരുന്ന മാന്തോപ്പും അതിനിടയിലൂടെ നായകളുമായി നടന്നുപോകുന്ന സാവൂറും അന്ന് പടന്നക്കാടിന്റെ അലങ്കാരമായിരുന്നു.
സിംഗപ്പൂര്‍ പ്ലാവ്, ജാഫ്‌ന മുരിങ്ങ, ഇവിടുത്തെ കാലാവസ്ഥയില്‍ വളരാത്ത ചെറുനാരങ്ങ, ഓറഞ്ച് തുടങ്ങിയവയും അദ്ദേഹം പടന്നക്കാടെത്തിച്ചു നട്ടുവളര്‍ത്തി. സപ്പോട്ടയും ഇവിടെയെത്തിയത് സാവൂരിലൂടെയാണെന്നാണു പഴമക്കാര്‍ പറയുന്നത്. ശാസ്ത്രീയമായ കൃഷിരീതിയായിരുന്നു സായിപ്പ് സ്വീകരിച്ചിരുന്നത്. അതു പ്രദേശത്തുകാരെ പരിചയപ്പെടുത്തുകയും ചെയ്തു. വിവിധ വിദേശയിനം പശുക്കളേയും ഇദ്ദേഹം വളര്‍ത്തിയിരുന്നു. നിരവധി തൊഴിലാളികളും സാവൂരിന്റെ കീഴിലുണ്ടായിരുന്നു. ഇംഗ്ലീഷ്, ഹിന്ദി തുടങ്ങി നിരവധി ഭാഷകള്‍ അറിയുന്ന സാവൂറിന്റെ അടുത്തേക്ക് കൃഷിയെക്കുറിച്ച് അറിയാനും പഠിക്കാനുമായി ബ്രിട്ടീഷ് സര്‍ക്കാരിനു കീഴിലുള്ള കൃഷി ഓഫിസര്‍മാര്‍ വരെ എത്തിയിരുന്നത്രേ.
പിന്നീട് സാവൂര്‍ തന്റെ സ്ഥലത്തിന്റെ ഒരുഭാഗം സാധാരണക്കാര്‍ക്കു പതിച്ചുനല്‍കി. ഒരു ഏക്കര്‍ സ്ഥലം 75 രൂപയ്ക്ക് നെഹ്‌റു കോളജ് മാനേജ്‌മെന്റിനും കൈമാറി. തന്റെ മൃതദേഹം അടക്കം ചെയ്യാനുള്ള അഞ്ചു സെന്റ് സ്ഥലം ഒഴികെ അവശേഷിച്ചവ കേരള കാര്‍ഷിക സര്‍വകലാശാലയ്ക്കും കൈമാറി. 1972ലാണ് ആര്‍.എം സാവൂര്‍ മരിക്കുന്നത്. ഇന്നും ഇദ്ദേഹത്തിന്റെ ശവകുടീരം കാര്‍ഷിക കോളജിന്റെ കിഴക്കുഭാഗത്ത് സ്ഥിതി ചെയ്യുന്നു. മാസങ്ങള്‍ക്കു മുന്‍പ് തന്റെ മുത്തച്ഛന്റെ ശവകുടീരം സന്ദര്‍ശിക്കാനായി സാവൂറിന്റെ പേരക്കുട്ടിയും റിട്ട. എയര്‍വൈസ് ചീഫ് മാര്‍ഷലുമായ ശരത് വൈ. സാവൂര്‍ എത്തിയിരുന്നതായി കാര്‍ഷിക സര്‍വകലാശാല ഇന്‍സ്ട്രക്ഷണല്‍ ഫാം സൂപ്രണ്ട് പി.വി സുരേന്ദ്രന്‍ പറഞ്ഞു.
രണ്ടു സാക്ഷ്യപത്രങ്ങള്‍
[caption id="attachment_525528" align="alignnone" width="620"] കുഞ്ഞിരാമനും ദിവാകരനും മാന്തോപ്പില്‍[/caption]സാവൂറുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്ന അപൂര്‍വം ചിലര്‍ ഇന്നും ജീവിച്ചിരിപ്പുണ്ട്. നീലേശ്വരം കണിച്ചിറയിലെ സഹോദരങ്ങളായ കൈപ്പാട്ടില്‍ കുഞ്ഞിരാമനും ദിവാകരനും അവരില്‍ ചിലരാണ്. സാവൂറിനെക്കുറിച്ചുള്ള ഓര്‍മകള്‍ ഇവരില്‍ മാത്രമായൊതുങ്ങുന്നുവെന്നു പറഞ്ഞാലും അതിശയോക്തിയാവില്ല.
'ഞങ്ങളുടെ കുട്ടിക്കാലത്തായിരുന്നു സാവൂര്‍ സായിപ്പ് ഇവിടെ ജീവിച്ചിരുന്നത്. മാമ്പഴം ഞങ്ങള്‍ക്ക് ഇഷ്ടമാണെങ്കിലും സാവൂറിനെ പൊതുവില്‍ പഥ്യമായിരുന്നില്ല. ഭീമാകാരമായ അദ്ദേഹത്തിന്റെ രൂപം തന്നെയാകണം അതിനു കാരണം. പിന്നീട് സാവൂറുമായി അടുത്തിടപഴകാന്‍ അവസരം കിട്ടിയപ്പോഴാണ് അദ്ദേഹത്തെ മനസിലാക്കാന്‍ കഴിഞ്ഞത്. കുട്ടികളെ സായിപ്പിന് പെരുത്തിഷ്ടമായിരുന്നു. തന്റെ മാന്തോപ്പില്‍നിന്നു മാങ്ങകള്‍ പറിച്ച് കുട്ടികള്‍ക്ക് നല്‍കും. സാവൂര്‍ മാങ്ങ പഴുപ്പിക്കുന്നതിനുമുണ്ട് ഒരു പ്രത്യേകത. കഴുകി വൃത്തിയാക്കിയ പച്ചമാങ്ങകള്‍ വൈക്കോല്‍വിരിച്ച് അതില്‍ പരസ്പരം മുട്ടാതെ വച്ചായിരുന്നു പഴുപ്പിച്ചെടുത്തിരുന്നത്. ഒരു കര്‍ക്കിടക മാസത്തിലായിരുന്നു സായിപ്പ് മരിച്ചത്. അദ്ദേഹത്തെ ദഹിപ്പിക്കാനുള്ള വിറകുകള്‍ സമീപത്തെ മരമില്ലില്‍ നിന്നു ശേഖരിച്ചു കൊണ്ടുപോകാന്‍ ഞങ്ങളും കൂടിയിരുന്നു.'
ഇത്രയും പറഞ്ഞ് അവര്‍ സാവൂറിനെക്കുറിച്ചുള്ള ഓര്‍മകള്‍ക്ക് വിരാമമിട്ടു.
സ്മാരകങ്ങളില്ലാത്ത സാഹിത്യം
പടന്നക്കാടിന് മാമ്പഴമധുരം സമ്മാനിച്ച ആര്‍.കെ സാവൂറിന്റെ പേരില്‍ നിലവിലിവിടെ സ്മാരകങ്ങളില്ല. അദ്ദേഹത്തിന്റെ ശവകുടീരം പടന്നക്കാട് കാര്‍ഷിക കോളജ് കാംപസ് വളപ്പില്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും അതു സംരക്ഷിക്കാനുള്ള യാതൊരുവിധ ശ്രമങ്ങളും സര്‍വകലാശാലാ അധികൃതരുടെ ഭാഗത്തുനിന്നോ, സര്‍ക്കാരിന്റെ ഭാഗത്തുനിന്നോ ഇതുവരെ ഉണ്ടായിട്ടില്ല.
മലബാറിന്റെ ഉന്നതവിദ്യാഭ്യാസ സ്വപ്‌നങ്ങള്‍ക്കു നിറംപകര്‍ന്ന ഒരു കലാലയത്തിനായി തന്റെ സമ്പാദ്യത്തിന്റെ നല്ലൊരു പങ്ക് മാറ്റിവച്ച സാവൂറിനോടുള്ള അവഗണന ആരിലും വേദനയുളവാക്കുന്നതാണ്. ഒരു മാമ്പഴക്കാലം കൂടി അവസാനിക്കാറായി. ഇനിയൊരു മാമ്പഴക്കാലം വരുമ്പോഴേക്കെങ്കിലും സായിപ്പിന് ഉചിതമായ സ്മാരകം ഈ മണ്ണിലുയരുമെന്നു പ്രത്യാശിക്കാം.
ഫിറങ്കിലഡു, പടന്നക്കാടിന്റെ സ്വന്തം മാമ്പഴം
പടന്നക്കാടിന്റെ സ്വന്തം മാമ്പഴമായാണ് ഫിറങ്കി ലഡു വിശേഷിപ്പിക്കപ്പെടുന്നത്. ആര്‍.എം സാവൂറാണ് ഈ ഇനം മാവിന്‍തൈ ഇവിടെ എത്തിച്ചു നട്ടുവളര്‍ത്തിയത്. കേരള കാര്‍ഷിക സര്‍വകലാശാലയുടെ പടന്നക്കാട് കാംപസിലെ മാന്തോപ്പില്‍ കൂടുതലായുമുള്ളത് ഫിറങ്കി ലഡുയാണ്. രണ്ടുതരം മാമ്പഴങ്ങളാണ് ഇന്ത്യയിലുള്ളത്. മുട്ടിക്കുടിക്കാന്‍ പറ്റുന്നവയും, മുറിച്ചു കഴിക്കുന്നവയും. അതില്‍ മുറിച്ചുകഴിക്കാന്‍ പറ്റുന്ന ഇനത്തില്‍പെട്ടതാണ് ഫിറങ്കിലഡു. ഇളം വെള്ളയും പച്ചയും കലര്‍ന്ന നിറമാണ് ഇതിന്റേത്. പാകമായ ഒരു മാങ്ങയ്ക്ക് 350 ഗ്രാമോളം തൂക്കം വരും. ഉള്ളില്‍ നാരില്ല എന്നതും ഇതിന്റെ പ്രത്യേകതയാണ്.
ഒരു തവണ മാംഗോ ഫെസ്റ്റിന്റെ ഭാഗമായി ഇപ്പോഴത്തെ കേരള ഗവര്‍ണര്‍ പി. സദാശിവത്തിന് ഫിറങ്കി ലഡു അയച്ചുകൊടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."