പാത്രം ചെറുതാണെന്നതിനാല്‍ വലിയ മത്സ്യം വേണ്ടെന്നോ..?!
ഇതുവരെ നടന്നിട്ടില്ലാത്ത ഒരു കഥ പറയാം:
ഒരു മുക്കുവനുണ്ടായിരുന്നു. നിത്യവും മത്സ്യബന്ധനത്തിനിറങ്ങുന്ന ഭാഗ്യവാനായൊരു മുക്കുവന്‍. വലിയ വലിയ മത്സ്യങ്ങളാണ് അദ്ദേഹത്തിന്റെ വലയില്‍ കുടുങ്ങുക. അതു കാണുമ്പോള്‍ കൂട്ടുകാര്‍ക്കെല്ലാം അദ്ദേഹത്തോട് വല്ലാത്ത അസൂയ തോന്നും. അവര്‍ക്ക് ചെറിയ ചെറിയ മത്സ്യങ്ങള്‍ മാത്രമേ ലഭിക്കാറുള്ളൂ. അതു തന്നെ വല്ലപ്പോഴും..
സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും ഒരു പ്രശ്‌നമുണ്ട്. തന്റെ വലയില്‍ വരുന്ന എല്ലാ മത്സ്യങ്ങളെയും മുക്കുവന്‍ സ്വീകരിക്കില്ല. ചെറിയവയെ മാത്രം കുട്ടയിലിട്ട് വലിയ മത്സ്യങ്ങളെ കടലിലേക്കുതന്നെ തള്ളും. ഒരിക്കല്‍ ഈ വിചിത്രവേല കാണാനിട വന്ന സുഹൃത്ത് അദ്ദേഹത്തോട് ചോദിച്ചു: ''താങ്കളെന്തു പണിയാണീ കാണിക്കുന്നത്..? ഇങ്ങനെയുമുണ്ടോ ഒരു ഭ്രാന്ത്..?''
അപ്പോള്‍ മുക്കുവന്‍ തരിച്ചുചോദിച്ചു:
''എന്തു ഭ്രാന്ത്..? വലിയ മത്സ്യങ്ങളെ വേണ്ടെന്നുവയ്ക്കുന്നതോ..?''
''അതെ, അതിനു ഭ്രാന്ത് എന്നല്ലാതെ മറ്റെന്താണു പറയുക..? താങ്കളുടെ കൂടെയുള്ളവര്‍ ചെറിയ മത്സ്യങ്ങളെങ്കിലും കിട്ടാന്‍ പെടാപാടു പെടുമ്പോള്‍ താങ്കള്‍ വലിയ മത്സ്യങ്ങളെ ഒഴിവാക്കിക്കളയുന്നു...? എത്ര വലിയ അപരാധമാണത്..!''
''വലിയ മത്സ്യങ്ങളെ ഇട്ടുവയ്ക്കാന്‍ എന്റെ കൈയില്‍ വലിയ കുട്ടയില്ല. അതുകൊണ്ടാണ്..!!''
''വലിയ കുട്ടയില്ലെങ്കില്‍ അതു സംഘടിപ്പിച്ചാല്‍ പോരേ..''
''അതിനു വലിയ ചെലവും അധ്വാനവുമുണ്ട്. എനിക്കാവില്ല അതിനു പിന്നാലെ പോകാന്‍..!''
എങ്ങനെയുണ്ട് മറുപടി..? ഇദ്ദേഹത്തോട് സംസാരിക്കേണ്ട ഗതി വന്നത് നിങ്ങള്‍ക്കാണെങ്കില്‍ നിങ്ങളെന്തു മറുപടിയായിരിക്കും നല്‍കുക..?
ഇതു നടന്നിട്ടില്ലാത്ത കഥയാണെന്നു തുടക്കത്തില്‍തന്നെ പറഞ്ഞതുകൊണ്ട് നിങ്ങള്‍ക്കു സമാധാനമായിക്കാണും. പക്ഷെ, നടന്നുകൊണ്ടിരിക്കുന്ന ചില യാഥാര്‍ഥ്യങ്ങളുടെ നേര്‍പകര്‍പ്പാണീ കഥ. കഥ നടന്നിട്ടില്ലെങ്കിലും ഇതാണ് നമുക്കിടയില്‍ നടക്കുന്നതും നമ്മില്‍ നടുക്കമുണ്ടാക്കിക്കൊണ്ടിരിക്കുന്നതുമായ കഥ. കഥയിലെ മുക്കുവന്‍ ആരാണെന്നറിയാന്‍ താല്‍പര്യമുണ്ടെങ്കില്‍ കണ്ണാടിയെടുത്ത് നോക്കുക. അതില്‍ പതിയുന്ന ചിത്രം തന്നെയാണ് ആ മുക്കുവന്‍...!
ഈ ലോകം മഹാസാഗരം. സാഗരത്തില്‍ ചെറുതും വലുതുമായ ഒട്ടേറെ മത്സ്യങ്ങളുണ്ട്. യാഥാര്‍ഥ്യമാക്കാന്‍ പറ്റുന്ന സ്വപ്‌നങ്ങളാണ് മത്സ്യങ്ങള്‍. നമ്മുടെ ചിന്ത മത്സ്യങ്ങളെ പിടിക്കാന്‍ പറ്റുന്ന മേത്തരം വല. ഈ വലയിലൂടെ എത്രയോ സ്വപ്‌നങ്ങള്‍ ദിനേനെ കടന്നുപോകുന്നു. നമ്മുടെ കഴിവും ആത്മവിശ്വാസവുമാണു മത്സ്യത്തെ ഇട്ടുവയ്ക്കാന്‍ പറ്റുന്ന പാത്രം.
ഇട്ടുവയ്ക്കാന്‍ വലിയ പാത്രമില്ലെന്നു പറഞ്ഞ് ചെറിയ മത്സ്യങ്ങളെ പിടിച്ച് വലിയ മത്സ്യങ്ങളെ ഒഴിവാക്കുകയാണു മുക്കുവന്‍ ചെയ്തത്. വലിയ വലിയ സ്വപ്‌നങ്ങള്‍ നമ്മുടെ ചിന്തയിലേക്കു കടന്നുവരുന്നുണ്ട്. അതു യാഥാര്‍ഥ്യമാക്കാന്‍ തനിക്ക് കഴിവ് പോരെന്നു പറഞ്ഞ് നാം അതൊഴിവാക്കി ചെറിയ സ്വപ്‌നങ്ങളില്‍ തൃപ്തിയടയുന്നു..! മുക്കുവന്‍ ഒഴിവാക്കുന്നത് ആയിരമോ പതിനായിരമോ വില വരുന്ന മത്സ്യങ്ങളെയായിരിക്കാം. നാം ഒഴിവാക്കുന്നത് യാഥാര്‍ഥ്യമായിക്കഴിഞ്ഞാല്‍ കോടികള്‍ വില കൊടുത്താല്‍ പോലും കിട്ടാത്തതും കോടിക്കണക്കായ ആളുകള്‍ക്കു പ്രയോജനം ചെയ്യുന്നതുമായ സ്വപ്‌നങ്ങളെയാണ്. സത്യത്തില്‍ കഥയിലെ മുക്കുവനെക്കാള്‍ കഷ്ടമാണു നമ്മുടെ കഥ..!
ലോകത്ത് മനുഷ്യനിര്‍മിതമായിട്ടുള്ള ഏതു വസ്തു പരിശോധിച്ചാലും ഒരുകാലത്ത് അതെല്ലാം ആരുടെയൊക്കെയോ സ്വപ്‌നങ്ങളായിരുന്നുവെന്നു കാണാം. ആ സ്വപ്‌നങ്ങളെ യാഥാര്‍ഥ്യമാക്കാന്‍ കഴിയുമെന്നു വിശ്വസിക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്തതുകൊണ്ടാണ് ഇന്നത് യാഥാര്‍ഥ്യലോകത്തേക്കു കടന്നുവന്നത്. തനിക്കതു പൂവണിയിക്കാന്‍ കഴിയില്ലെന്നു പറഞ്ഞ് അവരെല്ലാം അതൊഴിവാക്കിയിരുന്നുവെങ്കില്‍ ലോകത്ത് എന്തെങ്കിലും പുരോഗതി കാണുമായിരുന്നോ..?
ഇതെഴുതുമ്പോള്‍ മുന്നില്‍ കാണുന്നത് മൊബൈല്‍ ഫോണാണ്. ഇന്നത് യാഥാര്‍ഥ്യമാണെങ്കില്‍ മുന്‍പ് അത് ഒരു സ്വപ്‌നം മാത്രമായിരുന്നു. ലോകത്തെ ഏതു മുക്കുമൂലയിലുള്ള വ്യക്തിയോടും നേരിട്ടു സംസാരിക്കാന്‍ കഴിയുന്ന ഒരു വയര്‍ലെസ് ഉപകരണം അസാധ്യമാണെന്നോ എനിക്കു കഴിയില്ലെന്നോ മൊബൈല്‍ കണ്ടുപിടിച്ച വ്യക്തി ചിന്തിച്ചിരുന്നുവെങ്കില്‍ കോടിക്കണക്കിനു വരുന്ന ജനങ്ങള്‍ക്കു വലിയൊരു സൗകര്യമായിരുന്നു നഷ്ടപ്പെട്ടു പോവുക. യാഥാര്‍ഥ്യമാക്കാന്‍ കഴിയുമെന്ന് ചിന്തിക്കുകയും അതിനുവേണ്ടി പ്രയത്‌നിക്കുകയും ചെയ്തപ്പോള്‍ മാറ്റങ്ങളുടെ എത്ര വലിയ വിപ്ലവങ്ങളാണ് അതുവഴി ലോകത്ത് അരങ്ങേറിയിട്ടുള്ളതെന്ന് ആലോചിക്കുക.
ഖുര്‍ആനില്‍ സൂറഃ യൂസുഫ് ആരംഭിക്കുന്നത് സ്വപ്‌നത്തെ പറഞ്ഞുകൊണ്ടാണ്. അതവസാനിക്കുന്നതാകട്ടെ സ്വപ്‌നം യാഥാര്‍ഥ്യമായതിനെ പറ്റി പറഞ്ഞുകൊണ്ടും. നമ്മള്‍ സ്വപ്‌നം കാണുക. പക്ഷെ, ഉറക്കില്‍ കാണുന്ന സ്വപ്‌നമല്ല; ഡോ. അബ്ദുല്‍ കലാം പറഞ്ഞതുപോലെ ഉറങ്ങാന്‍ അനുവദിക്കാത്ത സ്വപ്‌നങ്ങളാവണം കാണേണ്ടത്.
യാഥര്‍ഥ്യമാക്കാന്‍ കഴിവില്ലെങ്കില്‍ ആത്മവിശ്വാസത്തിന്റെ ബലത്തില്‍ കഴിവുകള്‍ വികസിപ്പിക്കുക. കുട്ട ചെറുതാണെന്നതിന്റെ പേരില്‍ വലിയ മത്സ്യത്തെ ഒരിക്കലും ഒഴിവാക്കരുത്. കുട്ട ചെറുതാണെങ്കില്‍ വലുതാക്കാന്‍ കഴിയും.
എന്തുതന്നെയായിരുന്നാലും അസാധ്യമെന്നു പറയരുത്. എന്തും സാധ്യമാക്കിത്തരുന്ന ദൈവം തമ്പുരാന്‍ എന്തിനും കഴിവുള്ളവനാണെന്നു വിശ്വസിക്കുക. പിന്നെ നാം നമ്മെയും വിശ്വസിക്കുക. വിശ്വാസമാണെല്ലാമെല്ലാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."