ആര്‍.സി.സി രക്തബാങ്കിനെതിരേ ഗുരുതര ആരോപണം
തിരുവനന്തപുരം: എച്ച്.ഐ.വി പോസറ്റിവ് ആയ രക്തം നല്‍കിയെന്ന വിവാദം കത്തിനില്‍ക്കുന്നതിനിടെ തിരുവനന്തപുരം റീജ്യനല്‍ കാന്‍സര്‍ സെന്ററിനെതിരേ (ആര്‍.സി.സി) വീണ്ടും ഗുരുതര ആരോപണം.
ആര്‍.സി.സി രക്തബാങ്ക് പ്രവര്‍ത്തിക്കുന്നത് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണന്ന വിവരമാണ് പുറത്ത് വരുന്നത്. എച്ച്.ഐ.വി പോസറ്റിവെന്ന് കണ്ടെത്തിയ രക്തദാതാവില്‍ നിന്ന് ആര്‍.സി.സി രക്തബാങ്ക് വീണ്ടും രക്തം സ്വീകരിച്ചതായും ആക്ഷേപമുണ്ട്.
എച്ച്.ഐ.വി ഫലം പോസറ്റിവെന്ന് കണ്ടെത്തിയ ആളുടെ രക്തം വീണ്ടും സ്വീകരിച്ചെന്ന് വ്യക്തമാക്കുന്ന ഡോക്ടറുടെ കത്തിന്റെ പകര്‍പ്പും പുറത്തുവന്നു. മൂന്ന് തവണ എച്ച്.ഐ.വി പോസറ്റിവാണെന്ന് കണ്ടെത്തിയ ആളുടെ രക്തം വീണ്ടും സ്വീകരിച്ചതായാണ് വിവരം. ദാതാവിന് കൗണ്‍സലിങ്, രക്തം സ്വീകരിക്കുന്ന രീതി, ഗ്രൂപ്പിങ്, ക്രോസ് മാച്ചിങ് എന്നിവയിലടക്കം മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി വകുപ്പിലെ തന്നെ ഡോക്ടര്‍ വകുപ്പ് മേധാവിക്ക് എഴുതിയ കത്താണ് പുറത്തുവന്നിട്ടുള്ളത്.
ആര്‍.സി.സിയില്‍ നിന്ന് രക്തം സ്വീകരിച്ച രണ്ടുകുട്ടികള്‍ക്ക് എച്ച്.ഐ.വി ബാധയുണ്ടായെന്നാരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. ഇടുക്കി ജില്ലയിലെ 14 വയസുകാരന്റെ ബന്ധുക്കളാണ് ഒടുവില്‍ ആരോപണവുമായി രംഗത്തുവന്നത്.
രക്താര്‍ബുദത്തിനു ചികിത്സയിലായിരുന്ന കുട്ടി കഴിഞ്ഞ ദിവസം മരിച്ചു. ആര്‍.സി.സി.യില്‍നിന്നു രക്തം സ്വീകരിച്ചതുവഴി എച്ച്.ഐ.വി. ബാധിച്ച ആലപ്പുഴ സ്വദേശിയായ കുട്ടിയും അടുത്തിടെ മരിച്ചിരുന്നു. എന്നാല്‍ മരണകാരണം എച്ച്.ഐ.വി. ആയിരുന്നില്ല. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മൂന്നിന് ശ്രീചിത്രയിലേക്ക് ആര്‍.സി.സി രക്തബാങ്കില്‍ നിന്ന് നല്‍കിയ 10 യൂനിറ്റ് രക്തഘടകത്തില്‍ ഒരെണ്ണം എച്ച്.ഐ.വി പോസിറ്റിവാണെന്നും ആരോപണമുണ്ടായിരുന്നു.
അതേസമയം വീഴ്ചകള്‍ സംഭവിച്ചിട്ടില്ലെന്നാണ് ആര്‍.സി.സിയുടെ നിലപാട്. കൗണ്‍സലിങിനായി ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. പരിശോധന ഫലത്തില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ ദാതാക്കളെ രഹസ്യമായി അറിയിക്കാറുണ്ടെന്നും ആര്‍.സി.സി അധികൃതര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."