സഊദി വ്യോമാക്രമണം; രണ്ട് കമാന്‍ഡര്‍മാര്‍ ഉള്‍പ്പെടെ 38 ഹൂതികള്‍ കൊല്ലപ്പെട്ടു
സന: സഊദി നേതൃത്വത്തിലുള്ള സഖ്യസേനയുടെ വ്യോമാക്രമണത്തില്‍ യമന്‍ വിമതരായ ഹൂതികള്‍ക്ക് വന്‍ നാശം. വെള്ളിയാഴ്ച രാത്രി നടത്തിയ വ്യോമാക്രമണത്തില്‍ ഹൂതികളുടെ രണ്ട് കമാന്‍ഡര്‍മാര്‍ ഉള്‍പ്പെടെ 38 പേര് കൊല്ലപ്പെട്ടുവെന്ന് സഊദി ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു.
തലസ്ഥാനമായ സനയില്‍ നടന്ന റെയ്ഡിനിടെ ഹൂതി ആഭ്യന്തര മന്ത്രാലയ കെട്ടിടത്തിലാണ് ആക്രമണം നടത്തിയതെന്ന് സഊദി ഔദ്യോഗിക ടെലിവിഷനായ അല്‍ ഇഖ്ബാരിയ്യ റിപ്പോര്‍ട്ട് ചെയ്തു.
സമീപത്തുള്ള പൊലിസ് സ്റ്റേഷന് കെട്ടിടത്തില്‍ ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ചു. വ്യോമാക്രമണം നടന്നുവെന്നത് ഹുതികള് സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ അവര്‍ പുറത്ത്വിട്ടിട്ടില്ല. കമാന്ഡമാരുടെ ഖബറടക്കത്തോടനുബന്ധിച്ച് ഇന്നലെ ഹൂതി സൈനികരുടെ വന്‍ ശക്തിപ്രകടനമുണ്ടായിരുന്നു. അതിന്നിടെ ഹൂതികള്‍ സഊദിയുടെ ജിസാന്‍ പ്രവിശ്യയിലേക്ക് എട്ടോളം ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയെന്ന് ഹൂതി വാര്‍ത്താ ഏജന്‍സിയായ സബ റിപ്പോര്‍ട്ട് ചെയ്തു. യമനുമായി അതിര്‍ത്തിപങ്കിടുന്ന പ്രദേശമാണ് ജിസാന്‍.
എന്നാല്‍ ആക്രമണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്വിട്ടിട്ടില്ല. യമനില്‍ ഹൂതികളുടെയും സര്ക്കാരിന്റെയുംഇടയിലെ യുദ്ധം തുടങ്ങിയിട്ട് നാലു വര്‍ഷമായി.
2014 സെപ്റ്റംബര്‍ മുതലാണ് ഇരുവിഭാഗങ്ങള്‍ക്കിടയിലും ആക്രമണം ആരംഭിച്ചത്.
ഹൂതികളെ പരാജയപ്പെടുത്താനായി സഊദിയുടെ നേതൃത്വത്തിലുള്ള സഖ്യ സേനയുടെ ഇടപെടല്‍ 2015 മുതലാണ് ആരംഭിച്ചത്. ഇതുവരെ 10,000 ജനങ്ങള്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."