മദീന പകര്‍ന്ന വെളിച്ചം
മുന്‍പൊക്കെ നാടന്‍ വര്‍ത്തമാനങ്ങള്‍ക്കിടയില്‍ പലപ്പോഴും ഉയര്‍ന്നുവരുന്ന വാക്കുകളില്‍ ഒന്നാണ് പള്ളിയില്‍ പോയി പറയുക എന്നത്. തമാശക്കായാലും കാര്യത്തിനായാലും അതു വെറും വാക്കല്ല എന്നു തെളിയിക്കുകയാണ് 'ലൈറ്റ് ഓഫ് മദീന'യിലൂടെ സുന്നി മഹല്ല് ഫെഡറഷഷന്‍ (എസ്.എം.എഫ്). പതിനാല് നൂറ്റാണ്ടുകള്‍ക്കു മുന്‍പ് മദീനാ പള്ളിയില്‍ പ്രവാചകന്‍ മുഹമ്മദ് നബിയുടെ അടുത്താണു പ്രദേശത്തെ സാമൂഹ്യ, സാംസ്‌കാരിക, മത, രാഷ്ട്രീയ, സാമ്പത്തിക പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുകയും അതിനു പരിഹാരം നിര്‍ദേശിക്കുകയും ചെയ്തിരുന്നത്. അതാണു ലോകത്തെ ആദ്യത്തെ മഹല്ല് ജമാഅത്ത്. കേരളത്തിലെ 5,000 മഹല്ലുകളിലെ ഇരുപതിനായിരത്തിലധികം പ്രതിനിധികള്‍ക്ക് കാസര്‍കോട് ജില്ലയിലെ കൈതക്കാട് എന്ന ഗ്രാമത്തില്‍ മൂന്നു ദിവസങ്ങളിലായി ദൃശ്യാവിഷ്‌കാരത്തിലൂടെ എത്തിച്ചുനല്‍കിയതും ആ വെളിച്ചമാണ്.
പുതിയ കാഴ്ചകളും വേറിട്ട ചിന്തകളും
സമ്മേളനങ്ങളുടെ പതിവു കാഴ്ചകളില്‍നിന്നു മാറി, പുതിയ ചിന്തകളും കര്‍മരേഖയും നല്‍കി എസ്.എം.എഫ് സംസ്ഥാന സമ്മേളനം 'ലൈറ്റ് ഓഫ് മദീന' മഹല്ലുകളുടെ പുനരുദ്ധാരണത്തിന്റെ നിര്‍ണായക സംഗമമായി. ഒരു വര്‍ഷക്കാലത്തെ കൃത്യമായ മുന്നൊരുക്കങ്ങളുടെയും കൂടിയാലോചനകളുടെയും കൃത്യമായ ഫലം 'ലൈറ്റ് ഓഫ് മദീന'യില്‍ കണ്ടു.
2017 ഏപ്രില്‍ 26, 27 തൃശൂര്‍ ജില്ലയിലെ ദേശമംഗലം വാദീഖുബായില്‍ നടന്ന എസ്.എം.എഫ് ദേശീയ സംഗമത്തില്‍ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ 'ലൈറ്റ് ഓഫ് മദീന'യുടെ പ്രഖ്യാപനം നടത്തി. തുടര്‍ന്ന് ഒരു വര്‍ഷക്കാലം നിരന്തര ചിന്തകളും ചര്‍ച്ചകളും നടന്നു. ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയിലും കോഴിക്കോട് ഹൈലൈറ്റ് മാളിലും ചേര്‍ന്ന രണ്ട് ബ്രെയിന്‍സ്റ്റോമിങ് സെഷനുകളിലൂടെ ആശയരൂപീകരണം പൂര്‍ത്തിയായി. 2018 ജനുവരി മാസത്തില്‍ നീലഗിരി, കൊടക് അടക്കം 16 ജില്ലാ കമ്മിറ്റികള്‍ക്കു വേണ്ടി മാത്രമായി തൃശൂരിലെ എരുമപ്പെട്ടിയിലും വയനാടിലും പത്തനംതിട്ടയിലെ ചരല്‍ക്കുന്നിലും നടന്ന മൂന്ന് സോണല്‍ സമ്മിറ്റുകളിലൂടെ പ്രചാരണങ്ങള്‍ക്കു തുടക്കമായി. രണ്ടാംഘട്ട പ്രചാരണത്തിന്റെ ഭാഗമായി ഫെബ്രുവരിയില്‍ 'സ്പാര്‍ക്ക് ' എന്ന പേരില്‍ 120 മേഖലാ സമ്മേളനങ്ങള്‍ നടന്നു. മാര്‍ച്ച് മാസത്തില്‍ ആയിരത്തോളം മഹല്ലുകളില്‍ മഹല്ല് സമ്മേളനങ്ങള്‍ വഴി 'ലൈറ്റ് ഓഫ് മദീന' കൂടുതല്‍ ജനകീയമായി.
രാജ്യാന്തര സംഗമം
'ലൈറ്റ് ഓഫ് മദീന'യുടെ പൂര്‍ണ ആശയ പ്രചാരണത്തിനു വേണ്ടി 2108 മാര്‍ച്ച് മാസത്തില്‍ ദുബൈ, അബൂദബി, അജ്മാന്‍, ഫുജൈറ എന്നിവിടങ്ങളില്‍ നടത്തിയ അന്തര്‍ദേശീയ സംഗമങ്ങളും പ്രവാസി മഹല്ല് കമ്മിറ്റികളും വഴി കേരളത്തിലെ മഹല്ലുകളില്‍ 'ലൈറ്റ് ഓഫ് മദീന' വലിയ സ്വാധീനമുണ്ടാക്കി. മുംബൈയിലും ബംഗളൂരുവിലും നടന്ന 'ലൈറ്റ് ഓഫ് മദീന' നാഷനല്‍ മീറ്റും സമ്മേളന വിജയത്തില്‍ നിര്‍ണായകമായി.
ഓണ്‍ലൈന്‍, മൊബൈല്‍ ആപ്ലിക്കേഷനും വഴി മാര്‍ച്ച് 25ന് മുന്‍പേ 15,432 മഹല്ല് ഭാരവാഹികള്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുകയും പ്രതിനിധികള്‍ക്കു കൃത്യമായ സമയവിവരങ്ങള്‍ മൊബൈല്‍ സന്ദേശം വഴി നല്‍കുകയും ചെയ്തു. ഓരോ മേഖലക്കാര്‍ക്കും കൃത്യമായ സമയക്രമീകരണം നടത്തിയത് 'ലൈറ്റ് ഓഫ് മദീന'യുടെ വിജയത്തില്‍ നിര്‍ണായകമായി. സംഗമത്തിന്റെ ലഘുലേഖകളുടെ പ്രിന്റ് കോപ്പി മഹല്ലിലെ ഒരു പ്രതിനിധിക്കു മാത്രവും മറ്റുള്ളവര്‍ക്ക് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി സോഫ്റ്റ് കോപ്പിയും നല്‍കി.
മദീനാ കവാടവും അറേബ്യന്‍ കാഴ്ചകളും
ആദ്യ പവലിയന്‍ പൂര്‍ണമായും മദീന പശ്ചാത്തലത്തിലൊരുക്കിയത് 'ലൈറ്റ് ഓഫ് മദീന'യുടെ വേറിട്ട കാഴ്ചയായിരുന്നു. അറബ് വേഷത്തില്‍ അത്തര്‍ പുരട്ടി എത്തിയ സ്വീകരണ വിഭാഗം പ്രതിനിധികളെ സ്വീകരിച്ച് ഓഡിയോ വിഷ്വല്‍ തിയറ്ററില്‍നിന്ന് സ്വീകരണ പാനീയവും നല്‍കി ആനയിച്ചത് ഏറെ ശ്രദ്ധേയമായി. തുടര്‍ന്ന് മൂന്നു മിനുട്ട് ദൈര്‍ഘ്യമുള്ള വിശദീകരണത്തിനു ശേഷമാണ് പ്രതിനിധികളെ അകത്തേക്കു കടത്തിവിട്ടത്.
മൂന്ന് പ്രധാന പവലിയന്‍ സന്ദര്‍ശിച്ചതിനു ശേഷം അല്‍പം വിശ്രമവും അറേബ്യന്‍ ഖഹ്‌വയും ഈത്തപ്പഴവും 'ലൈറ്റ് ഓഫ് മദീന'യിലെ രസമുള്ള ഓര്‍മകളായി. പവലിയന്‍ സന്ദര്‍ശിച്ച മുഴുവന്‍ പ്രതിനിധികള്‍ക്കും തൃക്കരിപ്പൂര്‍ വെള്ളാപ്പിലെ ഇബ്‌റാഹിം ഖലീല്‍, കാഞ്ഞങ്ങാട് മുനീര്‍ എന്നിവര്‍ മുഴുസമയം ഖഹ്‌വ ടെന്റില്‍ ഖഹ്‌വയും ഈത്തപ്പഴവും വിതരണം ചെയ്തു കര്‍മനിരതരായി. ഖഹ്‌വയും ഈത്തപ്പഴവും കഴിച്ചാണു മരുഭൂമിയുടെ പശ്ചാത്തലത്തില്‍ സംവിധാനിച്ച 'ഹിറാ ഗുഹ'യിലൂടെ കടന്ന് മറ്റു പവലിയനുകളിലേക്ക് എത്തേണ്ടത്.
പവലിയന്‍ കാഴ്ചകള്‍
വട്ടിപ്പലിശക്കാരെ വട്ടത്തിലിരുന്ന് ഇല്ലായ്മ ചെയ്യാമെന്ന നേര്‍ക്കാഴ്ചകളാണ് സാമ്പത്തിക പവലിയനിലെ വിഭവം. മലപ്പുറം ജില്ലയിലെ മൊറയൂരിലെ പഴങ്ങരത്തൊടി മഹല്ലില്‍ നാല് വര്‍ഷം മുന്‍പ് ആരംഭിച്ച എസ്.എം.എഫ് പലിശരഹിത സംവിധാനം 'സുന്ദൂഖി'നെ കുറിച്ചു സ്വതസിദ്ധമായ ശൈലിയില്‍ അബ്ബാസ് വടക്കന്‍ വിശദീകരിക്കുമ്പോള്‍ 'ലൈറ്റ് ഓഫ് മദീന'യിലെ ഏറ്റവും മാതൃകാപരമായ പാഠമായി മാറി. ആശ്ചര്യത്തോടെയും അതിലേറെ കൗതുകത്തോടെയും എല്ലാം കേട്ടറിഞ്ഞ വിവിധ മഹല്ലുകാര്‍ തങ്ങളുടെ നാടുകളിലും 'സൂന്ദൂഖ് ' ആരംഭിക്കുമെന്ന പ്രതിജ്ഞയോടെയാണ് പവലിയനില്‍നിന്ന് ഇറങ്ങിയത്.
ദിവസവും ആയിരക്കണക്കിന് ലിറ്റര്‍ വെള്ളം ചെലവഴിക്കപ്പെടുന്ന പള്ളികളിലെ വുളു വെള്ളത്തിന്റെ പുനരുപയോഗത്തിന്റെ നൂതനമാര്‍ഗം അക്വാപോണിക്‌സ് മസ്ജിദ് പവലിയനില്‍ ഒരുക്കിയത് മഹല്ല് ഭാരവാഹികളുടെ കണ്ണ് തുറപ്പിക്കുന്നതായി.
കര്‍മനിരതരായ ആര്‍.പിമാര്‍
ഒന്‍പത് പവലിയനുകളിലും കൃത്യവും ആവശ്യവുമായ വിശദീകരണങ്ങള്‍ നല്‍കി 'ലൈറ്റ് ഓഫ് മദീന' നല്ല അനുഭവമാക്കിയതു മുഴുസമയം കര്‍മനിരതരായ ആര്‍.പിമാര്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന റിസോഴ്‌സ് പേഴ്‌സന്മാരാണ്. ഒരുമാസം മുന്‍പ് 60 അംഗ റിസോഴ്‌സ് പേഴ്‌സന്‍ ടീമിനെ സജ്ജമാക്കി പരിശീലനം നല്‍കിയത് ഈ വിജയവഴിയില്‍ വളരെ നിര്‍ണായകമായി. 'ലൈറ്റ് ഓഫ് മദീന'യില്‍ കേരളത്തിലെ മഹല്ലുകളില്‍ വിജയകരമായി നടപ്പാക്കിയ വിവിധ പദ്ധതികളെ കണ്ടെത്തി അവതരിപ്പിക്കുന്നതിനു വേണ്ടി നടത്തിയ ഫീല്‍ഡ് ട്രിപ്പ് സമ്മേളന ചരിത്രത്തില്‍ നിര്‍ണായകമായി. ഫീല്‍ഡ് ട്രിപ്പില്‍ ഒപ്പിയെടുത്ത കാഴ്ചകളും അനുഭവങ്ങളും 'ലൈറ്റ് ഓഫ് മദീന'യില്‍ വ്യത്യസ്ത കാഴ്ചകളൊരുക്കി. പവലിയനുകളില്‍ അവതരിപ്പിക്കുന്ന പദ്ധതികളെ അതേ മഹല്ലുകാര്‍ വിശദീകരിക്കുന്നത് മറ്റു മഹല്ലുകാര്‍ക്ക് ആശ്ചര്യവും അതിലേറെ പ്രചോദനവും നല്‍കുന്നതായി.
മതസൗഹാര്‍ദക്കാഴ്ചകള്‍
'ലൈറ്റ് ഓഫ് മദീന' നടന്ന മൂന്നുദിവസവും അതിഥികള്‍ക്കു ഭക്ഷണം ഒരുക്കി സല്‍ക്കരിക്കുന്നതില്‍ കൈതക്കാടിലെ യുവസുഹൃത്തുക്കള്‍ക്കൊപ്പം രാവും പകലും മുന്നില്‍ നിന്ന സുമേഷ് ഒരു വേറിട്ട കാഴ്ച തന്നെയായിരുന്നു. പവലിയനുകളില്‍ വിശ്രമമില്ലാതെ അവതരണങ്ങള്‍ നടത്തിയ ആര്‍.പിമാരുടെ വിശ്രമസ്ഥലവും ഊട്ടുപുരയും അനന്തന്‍ എന്ന സുഹൃത്തിന്റെ വീടായിരുന്നു. ചൂടുള്ള ചായ ഒരുക്കി മായാത്ത ചിരിയുമായി വിയര്‍ത്തൊലിച്ച് അനന്തനും സുമേഷും 'ലൈറ്റ് ഓഫ് മദീന'യിലെ പ്രതിനിധികള്‍ക്കു സ്‌നേഹത്തിന്റെ വിരുന്നൊരുക്കി. ആബാലവൃദ്ധം ജനങ്ങളുടെ അകമഴിഞ്ഞ സഹകരണം പ്രായംചെന്ന കാരണവന്മാര്‍ തൊട്ട് പ്രൈമറി സ്‌കൂള്‍ തലം വിദ്യാര്‍ഥികള്‍ വരെ റോഡിലിറങ്ങി അതിഥികള്‍ക്കു വെള്ളം നല്‍കിയും വഴികാണിച്ചും ഭക്ഷണം വിളമ്പിയും സംഗമം ആഘോഷമാക്കി. ഇരുപത്തിനാലു മണിക്കൂറും തുറന്നവച്ച ഫുഡ്‌കോര്‍ട്ട് സമ്മേളന ചരിത്രത്തിലെ ആദ്യാനുഭവമായി.
ഓര്‍മകള്‍ നല്‍കിയ കൈതക്കാട്
പവലിയനുകളുടെ സജ്ജീകരണവും വിഷയങ്ങളിലെ വ്യത്യസ്തത കൊണ്ടും മാത്രമല്ല 'ലൈറ്റ് ഓഫ് മദീന' ശ്രദ്ധേയമാകുന്നത്. ആതിഥേയരായ കൈതക്കാട് മഹല്ലിന്റെ ചില നല്ല വിശേഷങ്ങള്‍ കൂടി ചേരുമ്പോഴാണ് ഈ മനോഹാരിത പൂര്‍ണമാകുന്നത്. കൈതക്കാട് മഹല്ല് കേവലം 462 വീടുകളുള്ള ചെറിയ ഒരു മഹല്ല് മാത്രമാണ്. 'ലൈറ്റ് ഓഫ് മദീന' പോലുള്ള ഒരു മഹാസംഗമം ഏറ്റെടുത്തു വിജയിപ്പിക്കാന്‍ ഈ മഹല്ലിനു സാധ്യമായത് എം.സി ഇബ്‌റാഹിം ഹാജി, കെ. ശുക്കൂര്‍ ഹാജി, സി. അബ്ദുസ്സലാം ഹാജി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള 22 അംഗ കമ്മിറ്റിയുടെയും അവരെ അക്ഷരംപ്രതി അനുസരിക്കുന്ന മഹല്ല് നിവാസികളുടെയും ഇച്ഛാശക്തിയും പരസ്പര സഹകരണ മനോഭാവം കൊണ്ടുമാത്രമാണ്.
മൂന്നുദിവസങ്ങളല്‍ നടന്ന പരിപാടിയുടെ ദൃശ്യാവിഷ്‌കാര പവലിയനുകള്‍ സന്ദര്‍ശിക്കാനെത്തിയ സംസ്ഥാനത്തിനകത്തെയും ഇതരസംസ്ഥാനങ്ങളില്‍നിന്നുമുള്ള പ്രതിനിധികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയതും ആര്‍ക്കും ബുദ്ധിമുട്ട് അനുഭവപ്പെടാതെ നിയന്ത്രണം ഏറ്റെടുത്തതും സുബൈര്‍ ദാരിമി പടന്നയുടെ നേതൃത്വത്തിലുള്ള എസ്.കെ.എസ്.എസ്.എഫ് തൃക്കരിപ്പൂര്‍ മേഖല വിഖായ വളണ്ടിയര്‍മാരാണ്. 'ലൈറ്റ് ഓഫ് മദീന'യുടെ വിജയത്തില്‍ വിഖായ വളണ്ടിയര്‍മാരുടെ പ്രവര്‍ത്തനം ശ്ലാഘനീയമാണ്.
'ലൈറ്റ് ഓഫ് മദീന'യ്ക്കു ശേഷം
നടക്കുന്നത്
സംഘാടക മികവു കൊണ്ടല്ല 'ലൈറ്റ് ഓഫ് മദീന' ശ്രദ്ധേയമാകുന്നത്. മറിച്ച് തുടര്‍പദ്ധതികള്‍ ആവിഷ്‌കരിച്ചു കൊണ്ടാണ് ആ സംഗമം സമാപിച്ചത്. മസ്ജിദ് പവലിയനില്‍ സജ്ജീകരിച്ച 'സ്വദേശി ദര്‍സ് ' കണ്ടവരില്‍ അഞ്ഞൂറില്‍പരം മഹല്ലുകളില്‍ സ്വദേശി ദര്‍സും, സാമ്പത്തികം പവലിയനിലെ 'സുന്ദൂഖ് ' കണ്ട ആയിരത്തില്‍പരം പേര്‍ മഹല്ലുകളില്‍ പലിശരഹിത വായ്പാ സംവിധാനമായ സുന്ദൂഖും ആരംഭിക്കാന്‍ തീരുമാനിച്ചുകഴിഞ്ഞു. 'സാമൂഹികം' പവലിയനിലെ പ്രീമാരിറ്റല്‍ കോര്‍ണര്‍ പരിചയപ്പെട്ട് തൊള്ളായിരത്തിലധികം മഹല്ലുകളില്‍ പ്രീമാരിറ്റല്‍ വര്‍ക്ക്‌ഷോപ്പ്, മുന്നൂറിലധികം മഹല്ലുകാര്‍ വുളു വെള്ളത്തിന്റെ പുനരുപയോഗത്തിന് അക്വാപോണിക്‌സ് എന്നിവ നടപ്പാക്കാനും കര്‍മപദ്ധതികളൊരുക്കി.
ലഹരിമുക്ത മഹല്ല് പടത്തുയര്‍ത്താന്‍ നാന്നൂറിലധികം മഹല്ലുകളില്‍ യുവശാക്തീകരണത്തിന് ഇബാദ്, നാട്ടുനന്മ, സുകൃതദേശം, വിഫാഖ് പദ്ധതികള്‍ നടപ്പാക്കാനും ശാസ്ത്രീയ മഹല്ല് ഭരണസംവിധാനത്തിന് മഹല്ല് സര്‍വേ, സോഫ്റ്റ്‌വെയര്‍ എന്നിവ നടപ്പാക്കാനും എഴുന്നൂറിലധികം മഹല്ലുകള്‍ സജ്ജരായി. സമ്പൂര്‍ണ മഹല്ല് പവലിയന്‍ വഴി ആയിരത്തോളം മഹല്ലുകാര്‍ എസ്.എം.എഫ് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി.
സമന്വയ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം തിരിച്ചറിയാനും മഹല്ലുകളിലെ വിദ്യാര്‍ഥികളെ കണ്ടെത്തി വിദ്യാഭ്യാസ രംഗത്തേക്കു പ്രചോദനം നല്‍കാനും മഹല്ലുകാര്‍ സന്നദ്ധത അറിയിച്ചു. ലളിതമായ രൂപത്തില്‍ മോഡല്‍ മഹല്ല് ഭരണഘടന പരിചയപ്പെടാനും അധികാര വികേന്ദ്രീകരണം വഴി സുഗമമായ മഹല്ലുഭരണം മഹല്ല് ബ്ലോക്ക് സംവിധാനത്തിലൂടെ സാധ്യമാണെന്നു തിരച്ചറിയാനും സമ്പൂര്‍ണ മഹല്ല് പവലിയന്‍ സഹായകമായി.
ഇവര്‍ മുന്നില്‍ നടന്നു
കേരളത്തിലെ മുസ്‌ലിംകളുടെ പ്രാദേശികമായ മത സാംസ്‌കാരിക സാമൂഹ്യ സംവിധാനമാണു മഹല്ലുകള്‍. പ്രവാചക കാലം മുതല്‍ തന്നെ ഇസ്‌ലാമിന്റെ വളര്‍ച്ച കേരളത്തില്‍ സജീവമാവുകയും ഹിജ്്‌റ അന്‍പതുകളോടെ ആദ്യ മഹല്ലുകള്‍ രൂപപ്പെടുകയും ചെയ്തിട്ടുണ്ട്. കേരളത്തിലെ ആധികാരിക മതപണ്ഡിതസഭ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കീഴില്‍ മഹല്ലുകളുടെ ശാസ്ത്രീയമായ കെട്ടുമട്ടുകള്‍ രൂപപ്പെടുത്തുന്ന ദൗത്യത്തില്‍ പ്രധാന്യമേറിയതാണ് സുന്നി മഹല്ല് ഫെഡറേഷന്‍. ഫെഡറേഷനു കീഴില്‍ നടന്ന 'ലൈറ്റ് ഓഫ് മദീന' യെന്ന ദൗത്യം ഏറ്റെടുത്തു നടത്താന്‍ മുന്നില്‍ നിന്നത് ചെയര്‍മാന്‍ ടി.കെ പൂക്കോയ തങ്ങള്‍, ജനറല്‍ കണ്‍വീന്‍ സി.ടി അബ്ദുല്‍ ഖാദര്‍, ട്രഷറര്‍ മെട്രോ മുഹമ്മദ് ഹാജി എന്നിവരാണ്.
പ്രൊജക്ട് ഡയരക്ടര്‍ എസ്.വി മുഹമ്മദലി മാസ്റ്റര്‍, ഹക്കീം മാസ്റ്റര്‍ മാടക്കാല്‍, മുനീര്‍ ഹുദവി ഫറോക്ക്, ശംസുദ്ദീന്‍ മാസ്റ്റര്‍ ഒഴുകൂര്‍, നാസര്‍ കല്ലൂരാവി, ജാബിര്‍ ഹുദവി ചാനടുക്കം, റഫീഖ് മാസ്റ്റര്‍ ചീമേനി എന്നിവരാണു പദ്ധതി ഏറ്റെടുത്തു വിജയിപ്പിച്ചത്. എസ്.എം.എഫ് സംസ്ഥാന നേതാക്കളായ ഉമര്‍ ഫൈസി മുക്കം, എ.കെ ആലിപ്പറമ്പ് എന്നിവര്‍ പദ്ധതി വിജയത്തില്‍ ചാലകശക്തിയായി. പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, യു. ശാഫി ഹാജി ചെമ്മാട് എന്നിവരാണ് പ്രൊജക്ട് വിങ് എന്ന ആശയത്തിനു വിത്തുപാകിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."