ട്രാഫിക് കുറ്റകൃത്യങ്ങളില്‍ തൃശൂര്‍ മുന്നില്‍
തിരുവനന്തപുരം: ട്രാഫിക് നിയമങ്ങള്‍ കര്‍ശനമാക്കിയതിനുശേഷം കേരളത്തില്‍ നിയമലംഘനങ്ങളില്‍ ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. 2017 ജനുവരി മുതല്‍ 2018 മാര്‍ച്ച് വരെയുള്ള 15 മാസത്തിനിടെ മോട്ടോര്‍ വാഹനവകുപ്പ് 32,020 ആളുകളുടെ ലൈസന്‍സ് റദ്ദാക്കി.
വാഹനാപകടങ്ങളും തുടര്‍ മരണവും വര്‍ധിച്ച സാഹചര്യത്തില്‍ റോഡ് സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കണമെന്ന് സുപ്രിം കോടതി ഉത്തരവിട്ടിരുന്നു. ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും 2016 ഒക്ടോബറില്‍ കോടതി ഉത്തരവിട്ടിരുന്നു.
ഇതിനുശേഷം 2017ജനുവരിയിലാണ് ട്രാഫിക് നിയമലംഘകരുടെമേല്‍ ശക്തമായ നടപടികള്‍ ആരംഭിച്ചത്.
അമിത വേഗത, അമിതഭാരം കയറ്റല്‍, മൊബൈല്‍ ഫോണ്‍ ഉപയോഗം, മദ്യപിച്ച് വാഹനമോടിക്കല്‍, ട്രാഫിക് സിഗ്നല്‍ ലംഘനം, ഹെല്‍മെറ്റ്, സീറ്റ്‌ബെല്‍റ്റ് ധരിക്കാതിരിക്കല്‍, ഭാരംകയറ്റുന്ന വാഹനങ്ങളില്‍ ആളുകളെ കയറ്റല്‍ തുടങ്ങിയ നിയമലംഘനങ്ങള്‍ക്കെതിരേയാണ് കര്‍ശന നടപടി സ്വീകരിച്ചത്. മദ്യപിച്ച് വാഹനമോടിച്ചതിന് 13,026 പേരുടെ ലൈസന്‍സ് റദ്ദുചെയ്തു.
വാഹനമോടിച്ചുകൊണ്ട് മൊബൈല്‍ ഫോണില്‍ സംസാരിച്ചതിന് 7,072 പേരുടെ ലൈസന്‍സും റദ്ദാക്കി. മൂന്നുമാസത്തില്‍ കുറയാതെയുള്ള കാലയളവിലേക്കാണ് നിയമലംഘകരുടെ ലൈസന്‍സുകള്‍ റദ്ദാക്കുന്നത്.
അമിത വേഗതയ്ക്ക് 36,300 പേരും സിഗ്നല്‍ ലംഘനത്തിന് 2,500 പേരും 15 മാസത്തിനിടെ ശിക്ഷിക്കപ്പെട്ടു.
ശിക്ഷിക്കപ്പെട്ടവരുടെ എണ്ണത്തില്‍ ഏറ്റവും കൂടുതല്‍ ഹെല്‍മെറ്റ് ധരിക്കാതെ ടു വീലര്‍ യാത്ര നടത്തിയവരാണ്. ഈ കാലയളവില്‍ ഹെല്‍മെറ്റില്ലാത്തതിന് പിഴയടച്ചത് 11,588 പേരാണ്.
നിയമലംഘനങ്ങളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് തൃശൂര്‍ ജില്ലയാണ്. വിവിധ വിഭാഗങ്ങളിലായി 2,879 പേര്‍ തൃശൂര്‍ ജില്ലയില്‍ ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടു.
രണ്ടാം സ്ഥാനത്ത് തലസ്ഥാന ജില്ലയാണ്.15 മാസത്തിനിടെ അമിതവേഗതയ്ക്ക് 170ഉം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വാഹനമോടിച്ചതിന് 106 പേരും അമിതഭാരം കയറ്റിയതിന് 72 പേരും സിഗ്നല്‍ ലംഘനത്തിന് 51പേരും തിരുവനന്തപുരം ജില്ലയില്‍ ശിക്ഷിക്കപ്പെട്ടു. 49 കേസുകള്‍ മാത്രം രജിസ്റ്റര്‍ ചെയ്യപ്പെട്ട ഇടുക്കിയാണ് കേസുകളുടെ കാര്യത്തില്‍ പിന്നില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."