വീടില്ലാത്ത കൂട്ടുകാര്‍ക്ക് വീടിനായി വഴിയൊരുക്കിയതും ഇടം പദ്ധതി
കൊല്ലം: ചിതറിയ കുടുംബജീവിതത്തിന്റെ ശേഷിപ്പുകളാണ് കുണ്ടറ സ്വദേശികളായ ശ്രീദേവിയെന്ന പത്താം ക്ലാസുകാരിയും എട്ടാം ക്ലാസില്‍ പഠിക്കുന്ന ശ്രീലക്ഷ്മിയും. ഒറ്റപ്പെട്ടുപോയ പെണ്‍കുട്ടികള്‍ ശിശുക്ഷേമ സമിതിയുടെ സംരക്ഷണ തണലിലാണിപ്പോള്‍.
സ്വന്തമായി വീടില്ലാത്ത ഇവര്‍ക്കായി ഇടം പദ്ധതിയുടെ ഭാഗമായി വീടൊരുങ്ങുകയാണ്. എം.ജി.ഡി സ്‌കൂളില്‍ പഠനം തുടരുന്ന കുട്ടികള്‍ക്കായി മണ്ഡലത്തിലെ സ്‌കൂളുകളില്‍ നിന്നുള്ള സന്നദ്ധരായ കുട്ടികളാണ് വീടു വയ്ക്കാന്‍ പണം നല്‍കിയത്. സുമനസ്സുകളായ വിദ്യാര്‍ഥികള്‍ നല്‍കിയ നാലു ലക്ഷം രൂപ സ്‌കൂള്‍ പി.ടി.എ ഭാരവാഹിയായ സന്തോഷിന് എ.ഇ.ഒ കെ. ഗോപകുമാര്‍ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ സാന്നിധ്യത്തില്‍ കൈമാറി.
ടി.കെ.എം എന്‍ജിനീയറിങ് കോളജിനാണ് വീടിന്റെ നിര്‍മാണ ചുമതല. ആധുനിക നിര്‍മാണ രീതികള്‍ ഉപയോഗിച്ച് ചെലവ് ചുരുക്കി കെട്ടുറപ്പുള്ള വീടാകും തീര്‍ക്കുക. എല്ലാ മേഖലകളേയും കൂട്ടിയോജിപ്പിച്ചുള്ള വികസന മാതൃകയായ ഇടം പദ്ധതിയുടെ പ്രവര്‍ത്തനത്തിലെ സുപ്രധാന ഘടകമാണ് വീടുകളുടെ നിര്‍മാണം. ലൈഫ് മിഷനുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനത്തില്‍ കഷ്ടതയനുഭവിക്കുന്ന എല്ലാവരേയും ഉള്‍ക്കൊള്ളുകയുമാണ്. പാര്‍ശ്വവത്കരിപ്പെട്ടവര്‍ക്കെന്ന പോലെ ജീവിത ദുരിതങ്ങളില്‍പെട്ട് നട്ടം തിരിയുന്നവര്‍ക്കും ഇടം പദ്ധതി തുണയാകുമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ചിറ്റുമല ബ്ലോക്കില്‍ ചേര്‍ന്ന ഇടം കൂട്ടായ്മയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."