കുറ്റവിമുക്തനായിട്ടും നാട്ടിലെത്താനാകാതെ ആറ്റിങ്ങല്‍ സ്വദേശി
ആറ്റിങ്ങല്‍: ചെയ്യാത്തകുറ്റത്തിന് ജയിലിലായതിനുശേഷം കോടതിയില്‍ കുറ്റവിമുക്തനായ ആറ്റിങ്ങല്‍ സ്വദേശി നിയമക്കുരുക്കില്‍പെട്ടു നാട്ടിലെത്താനാകാതെ സൗദി അറേബ്യയില്‍ കുടുങ്ങി. ആലംകോട് വഞ്ചിയൂര്‍ കോട്ടക്കല്‍ വിലയില്‍ വീട്ടില്‍ എസ്. സനില്‍കുമാറാ (52)ണ് നിയമക്കുരുക്കില്‍ പെട്ടത്.
സൗദി കോടതി വെറുതെവിട്ടെങ്കിലും തുടര്‍ന്ന് ലഭിക്കേണ്ട നിയമപരിരക്ഷകള്‍ ലഭിക്കാത്തതാണ് തടസമെന്ന് ബന്ധുക്കള്‍ പറയുന്നു. ഇക്കാരണങ്ങള്‍ കാട്ടി ഇന്ത്യന്‍ എംബസിക്ക് സനല്‍കുമാര്‍ നിവേദനം നല്‍കി മാസങ്ങള്‍ പിന്നിട്ടിട്ടും നടപടിയൊന്നുമായില്ല. നാട്ടിലുള്ള ബന്ധുക്കള്‍ പ്രധാനമന്ത്രി, മുഖ്യമന്ത്രി, വിദേശകാര്യമന്ത്രാലയം, നോര്‍ക്ക എന്നിവിടങ്ങളില്‍ നിവേദനം നല്‍കിയിട്ടും ഫലമില്ല.സൗദിയില്‍ 20 വര്‍ഷമായി വര്‍ക്ക്‌ഷോപ്പ് തൊഴിലാളിയായിരുന്ന സനില്‍ രണ്ടരവര്‍ഷം മുന്‍പ് നാട്ടില്‍ നിന്ന് മടങ്ങി തായിഫ് വിമാനത്താവളത്തിലെത്തിയപ്പോള്‍ സാമ്പത്തിക കുറ്റമാരോപിച്ചു പൊലിസ് പിടികൂടുകയായിരുന്നു.
ഇദ്ദേഹത്തിന്റെ ഇഖാമ നമ്പര്‍ ഉപയോഗിച്ച് 260 ബില്യണ്‍ റിയാല്‍ ദുബായിലേക്ക് കടത്തിയെന്നായിരുന്നു ആരോപണം. 425 ദിവസം പൊലിസ് കസ്റ്റഡിയിലും ജയിലിലുമായി കഴിഞ്ഞു. ഒടുവില്‍ നിരപരാധിത്വം ബോധ്യപ്പെട്ട കോടതി വെറുതെവിട്ടു. എന്നാല്‍ കേസെടുത്ത ഉദ്യോഗസ്ഥര്‍ ഇഖാമക്കുമേലുള്ള തടസം മാസങ്ങള്‍ കഴിഞ്ഞും നീക്കിയില്ല. ഇതിനായി ഇയാള്‍ ഓഫിസുകളും കോടതികളും കയറിയതല്ലാതെ ഫലമുണ്ടായില്ല.
ഇഖാമയുടെ കാലാവധി തീരാന്‍ ദിവസങ്ങളെ ബാക്കിയുള്ളു. അതിനുള്ളില്‍ നാട്ടിലേക്കു മടങ്ങിയില്ലെങ്കില്‍ വീണ്ടും ജയിലിലാകും. ഭാര്യയും രണ്ടുമക്കളും മാതാവുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് സനല്‍കുമാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."