ചാംപ്യന്‍ ദ്യോക്കോ
പാരിസ്: കിട്ടാക്കനിയായി നിന്ന ഫ്രഞ്ച് ഓപണ്‍ കിരീടവും നേടി ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച് കരിയര്‍ സ്ലാം തികച്ചു. ഈ നേട്ടത്തിലെത്തുന്ന ചരിത്രത്തിലെ എട്ടാം താരമായും ദ്യോക്കോ മാറി. പുരുഷ വിഭാഗം സിംഗിള്‍സ് ഫൈനലില്‍ ആന്‍ഡി മുറെയെ കടുത്ത പോരാട്ടത്തില്‍ മറികടന്നാണ് ദ്യോക്കോവിച് കിരീടം സ്വന്തമാക്കിയത്.സ്കോര്‍ 3-6, 6-1, 6-2, 6-4. ഒരേ സമയം ആസ്ത്രേലിയന്‍ ഓപണ്‍, ഫ്രഞ്ച് ഓപണ്‍, വിംബിള്‍ഡണ്‍, യു.എസ് ഓപണ്‍ കിരീടങ്ങള്‍ കൈവശം വയ്ക്കുന്ന ചരിത്രത്തിലെ മൂന്നാമത്തെ താരമാണ് ദ്യോക്കോവിച്.നേരത്തെ ഡോണ്‍ ബഡ്ജ്, റോഡ് ലോവര്‍ എന്നിവര്‍ ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്.
ഒരു സെറ്റിന് പിന്നിട്ടു നിന്ന ശേഷമാണ് ദ്യോക്കോവിച് മത്സരത്തില്‍ ജയിച്ചു കയറിയത്. അതേസമയം ഫൈനലില്‍ സംഭവിക്കുന്ന ദുരന്തം ഫ്രഞ്ച് ഓപണിലും മുറെ ആവര്‍ത്തിച്ചു. ആദ്യ സെറ്റ് നഷ്ടപ്പെട്ടിട്ടും രണ്ടും മൂന്നും സെറ്റുകളില്‍ മുറെയെ നിഷ്പ്രഭനാക്കാന്‍ ദ്യോക്കോവിചിന് സാധിച്ചു. നിര്‍ണായകമായ അവസാന സെറ്റില്‍ മുറെ വെല്ലുവിളി ഉയര്‍ത്തിയെങ്കിലും ദ്യോക്കോവിചിന്റെ മികവിനെ മറികടക്കാന്‍ സാധിച്ചില്ല. കരിയറിലെ പത്താം ഗ്രാന്‍ഡ് സ്ലാം ഫൈനല്‍ കളിച്ച മുറെ എട്ടാം തോല്‍വിയാണ് ഏറ്റുവാങ്ങിയത്. അഞ്ചാം തവണയാണ് ദ്യോക്കക്കു മുന്നില്‍ മുറെ ഫൈനല്‍ തോല്‍വി വഴങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."