എയര്‍കേരള പദ്ധതിയില്‍ അനിശ്ചിതത്വം തുടരുന്നു
നെടുമ്പാശ്ശേരി: കേരളത്തിന്റ സ്വപ്ന പദ്ധതിയായ 'എയര്‍ കേരള' പറന്നുയരാന്‍ ഇതുവരെയുണ്ടായിരുന്ന തടസങ്ങള്‍ നീങ്ങുമ്പോഴും പദ്ധതി യാഥാര്‍ഥ്യമാകുമോ എന്നത് ചോദ്യചിഹ്നമായി നില്‍ക്കുന്നു. ദേശീയ വ്യോമയാന നയം പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് എയര്‍ കേരളയുടെ കാര്യത്തില്‍ വീണ്ടും ആശങ്ക ഉയരുന്നത്.
അന്താരാഷ്ട്ര വിമാന സര്‍വിസ് ആരംഭിക്കാന്‍ അഭ്യന്തര സര്‍വിസില്‍ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തന പരിചയവും 20 എയര്‍ ക്രാഫ്റ്റുകള്‍ സ്വന്തമായി ഉണ്ടാകണമെന്നതുമാണ് ഇതുവരെയുള്ള ചട്ടം. ഇതാണ് എയര്‍ കേരള ആരംഭിക്കാന്‍ പ്രധാന തടസമായിട്ടുണ്ടായിരുന്നത്. എന്നാല്‍ പുതിയ വ്യോമയാന നയത്തില്‍ ഈ ചട്ടം ഭേദഗതി ചെയ്തിട്ടുണ്ട്.
പ്രധാനമായും അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തന പരിചയം എന്ന നിബന്ധനയാണ് ഇപ്പോള്‍ നീക്കിയിരിക്കുന്നത്. കുറഞ്ഞത് 20 വിമാനങ്ങള്‍ സ്വന്തമായി ഉണ്ടാകുകയോ അല്ലെങ്കില്‍ സര്‍വിസിന്റെ 20 ശതമാനം ആഭ്യന്തര സര്‍വിസ് നടത്തുകയോ ചെയ്യണമെന്നാണു പുതിയ നിര്‍ദേശം. ഇത്തരത്തിലുള്ള 22 നിര്‍ദേശങ്ങളാണ് പുതിയ വ്യോമയാനനയത്തില്‍ ഉള്ളത്. ഇക്കാര്യത്തില്‍ വ്യോമയാന മന്ത്രാലയം അന്തിമ തീരുമാനത്തിനായി കേന്ദ്ര മന്ത്രിസഭയുടെ പരിഗണനയ്ക്ക് സമര്‍പ്പിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശ പര്യടനം കഴിഞ്ഞ് മടങ്ങിയെത്തിയാലുടന്‍ അന്തിമ തീരുമാനം കൈക്കൊള്ളുകയും, കേന്ദ്ര സര്‍ക്കാര്‍ പുതിയ വ്യോമയാന നയം പ്രഖ്യാപിക്കുകയും ചെയ്യും.
2012 ല്‍ നടന്ന എമര്‍ജിങ് കേരളയിലെ നിര്‍ദേശമനുസരിച്ച് 200 കോടി രൂപ മൂലധനം സമാഹരിച്ച് വിമാനക്കമ്പനി ആരംഭിക്കാനാണു തീരുമാനം. ഇതില്‍ 26 ശതമാനം സര്‍ക്കാര്‍ ഓഹരിയും ബാക്കി പ്രവാസികളില്‍ നിന്ന് ഓഹരിയായി പിരിച്ചെടുക്കാനുമാണ് തീരുമാനം.
അഞ്ച് വിമാനങ്ങള്‍ പാട്ടത്തിനെടുത്ത് സര്‍വിസ് ആരംഭിക്കാനായിരുന്നു ആലോചിച്ചിരുന്നതെങ്കിലും ഇപ്പോള്‍ കൂടുതല്‍ വിമാനങ്ങള്‍ വേണമെന്നാണ് ആവശ്യം. മാത്രമല്ല പ്രവര്‍ത്തന ചെലവിലും വര്‍ധനവുണ്ടായിട്ടുണ്ട്. പ്രവാസി മലയാളികള്‍ക്ക് കുറഞ്ഞ ചെലവില്‍ യാത്രാസൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് വിമാനക്കമ്പനി ആരംഭിക്കാന്‍ തീരുമാനിച്ചതെങ്കിലും ഈ ലക്ഷ്യം പ്രാവര്‍ത്തികമാക്കാന്‍ കഴിയുമെന്നതു വ്യക്തമല്ല. വിമാന ടിക്കറ്റില്‍ ഇളവു നല്‍കുന്നത് കമ്പനിയെ വലിയ സാമ്പത്തിക ബാധ്യതയിലേക്കായിരിക്കും തള്ളിവിടുക. കേന്ദ്രസര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള എയര്‍ഇന്ത്യ സാമ്പത്തികപ്രതിസന്ധി നേരിടുകയും വിമാനക്കമ്പനികള്‍ മൊത്തത്തില്‍ ലാഭത്തിലല്ല എന്ന റിപ്പോര്‍ട്ടുകളുമാണ് പുറത്തുവരുന്നത്. ഈ സാഹചര്യത്തില്‍ പുതിയ വിമാന കമ്പനിക്ക് കമ്പോളത്തിലെ മത്സരങ്ങളെ അതിജീവിച്ച് പിടിച്ചുനില്‍കാന്‍ കഴിയുമോ എന്നതും ആശങ്കയുളവാക്കുന്നതാണ്.
അടുത്ത കാലത്തായി വിമാന ഇന്ധന വിലയില്‍ ഗണ്യമായ കുറവുണ്ടായതാണ് തകര്‍ച്ചയുടെ വക്കിലായിരുന്ന വിമാന കമ്പനികള്‍ക്ക് ആശ്വാസം. സര്‍ക്കാര്‍ മുതല്‍ മുടക്കിന്റ 26 ശതമാനം സര്‍ക്കാരും കൊച്ചി ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) കമ്പനിയുമാണ് മുതല്‍ മുടക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ലാഭം ഉറപ്പില്ലാത്തതിനാല്‍ സിയാലിന് ഇതില്‍ താല്‍പ്പര്യം കുറവാണ്. മുന്‍ സര്‍ക്കാരിന്റെ നിര്‍ബന്ധത്തിനു വഴങ്ങി മാത്രമാണ് പദ്ധതിയില്‍ മുതല്‍ മുടക്കാന്‍ സിയാല്‍ സമ്മതിച്ചത്. സംസ്ഥാനത്ത് അധികാരമാറ്റം ഉണ്ടായതോടെ എല്‍.ഡി.എഫ് സര്‍ക്കാരിന് വിജയിക്കുമെന്ന് ഉറപ്പില്ലാത്ത എയര്‍ കേരളയോട് വലിയ താല്‍പ്പര്യം ഉണ്ടാകാനും സാധ്യതയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."