ജൈവസര്‍ട്ടിഫിക്കേഷനില്‍ പ്രതീക്ഷയോടെ സംസ്ഥാനത്തെ കര്‍ഷകര്‍
കോഴിക്കോട്: ജൈവ കൃഷിയുടെ പേരില്‍ വ്യാപകമായി തുടരുന്ന തട്ടിപ്പ് ഒഴിവാക്കാന്‍ കര്‍ഷകര്‍ക്ക് ജൈവസര്‍ട്ടിഫിക്കേഷന്‍ ഏര്‍പ്പെടുത്തുമെന്നുള്ള കൃഷി മന്ത്രി വി.എസ് സുനില്‍കുമാറിന്റെ പ്രഖ്യാപനത്തില്‍ പ്രതീക്ഷയുമായി കേരളത്തിലെ ജൈവ കര്‍ഷകര്‍. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന പച്ചക്കറികളിലും മറ്റും മാരകമായ കീടനാശിനികളുടെ അംശം അടങ്ങിയിട്ടുണ്ടെന്ന കണ്ടെത്തലിന്റെ സാഹചര്യത്തില്‍ കേരളത്തില്‍ ജൈവകൃഷി വ്യാപനം ശക്തിപ്പെട്ടിട്ടുണ്ട്. അതേസമയം ഇതിന്റെ മറവില്‍ ജൈവമെന്ന് പറഞ്ഞ് കീടനാശിനി അംശങ്ങളടങ്ങിയ ഇറക്കുമതി ചെയ്ത പച്ചക്കറികളുടെ വില്‍പ്പനയും ജനങ്ങളെ കബളിപ്പിച്ചുകൊണ്ട് മുന്നിട്ടു നില്‍ക്കുകയാണ്. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്നതാണ് ഇതെന്ന് തിരിച്ചറിയാനുള്ള സംവിധാനത്തിന്റെ അഭാവംകാരണം ജനങ്ങള്‍ ഇവയെല്ലാം ജൈവകൃഷിയെന്ന രീതിയില്‍ ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ് ചെയ്യുന്നത്.
2005 മുതലാണ് സംസ്ഥാനത്ത് ജൈവകൃഷിക്കായി ജൈവസര്‍ട്ടിഫിക്കേഷന്‍ പദ്ധതി തുടങ്ങിയത്. സംഘകൃഷിക്കും വ്യക്തികള്‍ നടത്തുന്ന കൃഷിക്കും സര്‍ട്ടിഫിക്കേഷന്‍ നല്‍കിയതോടെ കൃഷി വകുപ്പിന്റെ പ്രവര്‍ത്തനം അവസാനിച്ചു. എന്നാല്‍ ജൈവ കൃഷി നടത്തുന്നതില്‍ നേരിടുന്ന പ്രതിബന്ധങ്ങള്‍ തരണം ചെയ്യാന്‍ പാടുപെടുന്ന കര്‍ഷകര്‍ക്ക് വേണ്ടരീതിയിലുള്ള സഹായങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ലെന്നതാണ് യാഥാര്‍ഥ്യം.
ജൈവ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് ജൈവസര്‍ട്ടിഫിക്കേഷന്‍ പദ്ധതിയില്‍ ചേര്‍ന്നാല്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന വില ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. നിലവിലെ മാര്‍ക്കറ്റ് വിലയില്‍ നിന്നും 20 മുതല്‍ 30 ശതമാനം വരെ ഉല്‍പ്പന്നങ്ങള്‍ക്ക് വില ലഭിക്കുമെന്നായിരുന്നു ഓരോ ജൈവകര്‍ഷകരും പ്രതീക്ഷിച്ചിരുന്നത്. കൃഷിയിടത്തിലേക്കു ഒരുതരത്തിലുള്ള അജൈവ വസ്തുക്കളോ രാസവസ്തുക്കളോ ഉപയോഗിക്കാന്‍ പാടില്ലെന്നും ഉല്‍പ്പാദിപ്പിക്കുന്നവ കയറ്റിയയക്കുന്നുണ്ടെങ്കില്‍ ഏതു രാജ്യത്തേക്കാണ് അവ കയറ്റി അയക്കുന്നത്, ആ രാജ്യത്തിന്റെ നിയമവ്യവസ്ഥക്കനുസൃതമായി സംസ്‌കരിക്കല്‍ തുടങ്ങിയതിനുപുറമെ ഏതെല്ലാം വിളകളാണ് കൃഷി ചെയ്യുന്നത്, ഇവയുടെ വളപ്രയോഗം, സസ്യസംരക്ഷണം, വിളവെടുപ്പ്, സംസ്‌കരണം അങ്ങനെയുള്ളവയെല്ലാം പ്രത്യേകമായി തയാറാക്കണം.
ഇത്തരത്തിലുള്ളവര്‍ക്കുമാത്രമേ ജൈവസര്‍ട്ടിഫിക്കേഷന്‍ ലഭിക്കൂ. സര്‍ട്ടിഫിക്കറ്റ് ലഭിച്ചവര്‍ക്ക് തന്നെ ഇത്തരത്തില്‍ പൂര്‍ണതോതില്‍ ജൈവ കര്‍ഷകനാകാന്‍ കഴിയില്ലെന്നതും എടുത്തുപറയത്തക്കതാണ്. കേരളത്തില്‍ 20,000 ല്‍പരം കര്‍ഷകര്‍ക്ക് ജൈവസര്‍ട്ടിഫിക്കേഷന്‍ ലഭിച്ചിട്ടുണ്ട്.
എന്നാല്‍ ജൈവ കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് വേണ്ടരീതിയില്‍ വില ലഭിക്കാത്തതുകാരണം ഈ രംഗത്ത് വലിയ തിരിച്ചടിയാണ് കര്‍ഷകര്‍ക്ക് നേരിടേണ്ടി വരുന്നത്. ഇതിനുപുറമെ കാലിത്തീറ്റ കഴിക്കുന്ന പശുക്കളുടെ ചാണകം ജൈവകൃഷിക്ക് ഉപയോഗിച്ചാല്‍ അത് ജൈവകൃഷിയാകില്ലെന്നും സര്‍ട്ടിഫിക്കേഷന്‍ വിഭാഗം മുന്നറിയിപ്പു നല്‍കുന്നു. ഇതിനുപുറമെ ജൈവകീടനാശിനികളുടെ ലഭ്യതക്കുറവുള്‍പ്പെടെയുള്ള ബുദ്ധിമുട്ടുകള്‍ അതിജീവിക്കാന്‍ ജൈവകര്‍ഷകര്‍ക്ക് കഴിയാത്ത അവസ്ഥയുമുണ്ട്.
2009ലാണ് കേരളത്തില്‍ ജൈവ കൃഷിനയം പ്രാബല്യത്തില്‍ വന്നത്. ഈ നയത്തിന്റെ ഭാഗമായി ജൈവകൃഷിക്ക് വലിയ തോതിലുള്ള പ്രോത്സാഹനമെന്ന നിലയില്‍ ഫണ്ടും അനുവദിച്ചു. എന്നാല്‍ പലയിടത്തും ഫണ്ട് തട്ടിയെടുക്കാനുള്ള ഉപാധിമാത്രമായി ഇതുമാറി. കൃഷി മന്ത്രിയുടെ പ്രഖ്യാപനത്തില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് ജൈവകര്‍ഷകരും അവരുടെ കൂട്ടായ്മകളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."