ജിഷവധം: അന്വേഷണം മാജിക്കല്ലെന്ന് ഡി.ജി.പി ബെഹ്റ
പെരുമ്പാവൂര്‍: ജിഷവധക്കേസ് അന്വേഷണം മാജിക്കല്ലെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. കേസ് അന്വേഷണം ശാസ്ത്രീയമായിട്ടാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമവിദ്യാര്‍ഥിനി ജിഷയുടെ വീട്ടില്‍ പരിശോധന നടത്തിയശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചില കേസുകള്‍ 24 മണിക്കൂറിനുള്ളില്‍ തെളിയിക്കാന്‍ സാധിക്കും. എന്നാല്‍ ചിലത് തെളിയിക്കാന്‍ ഒരു വര്‍ഷമോ അതിലധികമോ സമയമെടുക്കും. ജിഷ വധക്കേസ് അന്വേഷണം നല്ല രീതിയിലാണു മുന്നോട്ടുപോകുന്നത്. ഇത് ഒരു വെല്ലുവിളിയായാണ് ഏറ്റെടുത്തിരിക്കുന്നത്. കുറ്റവാളിയെ പിടികൂടുക തന്നെ ചെയ്യും. അതിന് എല്ലാവിധ സഹായവും സഹകരണവും നല്‍കണമെന്നും ഡി.ജി.പി അഭ്യര്‍ഥിച്ചു.
ഇന്നലെ രാവിലെ എട്ടു മണിയോടെ ജിഷ താമസിച്ചിരുന്ന ഇരിങ്ങോള്‍ വട്ടോളിപ്പടിയിലെ വീട്ടിലെത്തിയ ഡി.ജി.പി അവിടെ ഒരു മണിക്കൂറോളം ചിലവഴിച്ചു പരിശോധന നടത്തി. സ്വന്തം മൊബൈലില്‍ വീടിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. കൊലയാളി നടന്നുപോയെന്ന് പറയുന്ന വീടിന് സമീപത്തെ കനാല്‍കരയിലൂടെ നടന്നും പരിശോധന നടത്തി. തുടര്‍ന്ന് ജിഷയുടെ അമ്മ രാജേശ്വരിയെ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ സന്ദര്‍ശിക്കുകയും വിവരങ്ങള്‍ ആരായുകയും ചെയ്തു. ഏതെങ്കിലും വിവരങ്ങള്‍ നല്കാന് അമ്മ വിട്ടുപോയിട്ടുണ്ടെങ്കില്‍ ഓര്മ വരികയാണങ്കില്‍ അതു പൊലിസിനെ അറിയിക്കണമെന്ന് സഹോദരി ദീപയോടു നിര്‍ദേശിക്കുകയും ചെയ്തു.
20 മിനിറ്റോളം രാജേശ്വരിയുമായി ഡി.ജി.പി സംസാരിച്ചു. അന്വേഷണം ശരിയായ ദിശയിലാണന്നും പ്രതികളെ പിടികൂടുമെന്നും ഡി.ജി.പി രാജേശ്വരിക്ക് ഉറപ്പുനല്‍കി. ഔദ്യോഗികവാഹനം ഒഴിവാക്കി സ്വകാര്യ വാഹനത്തിലാണ് ഡി.ജി.പി പെരുമ്പാവൂരിലെത്തിയത്. എ.ഡി.ജി.പി: ബി.സന്ധ്യയോ അന്വേഷണസംഘത്തിലെ മറ്റുള്ളവരോ ഡി.ജി പിയ്ക്കൊപ്പം ഉണ്ടായിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."