യുവതികള്‍ക്ക് ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി നല്‍കിയ പ്രതി അറസ്റ്റില്‍
തളിപ്പറമ്പ്: സഹോദരിമാരായ യുവതികള്‍ക്ക് ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി നല്‍കിയ സംഭവത്തില്‍ അയല്‍വാസിയായ യുവാവ് അറസ്റ്റില്‍. കുറ്റ്യേരി പള്ളിക്കു സമീപത്തെ മഠത്തില്‍ അബ്ദുല്‍റാഷിദ്(32) ആണ് അറസ്റ്റിലായത്. വഴിപ്രശ്‌നവുമായി ബന്ധപ്പെട്ട തര്‍ക്കത്തിലുണ്ടായ വൈരാഗ്യമാണു ക്രൂരകൃത്യത്തിനു പ്രതിയെ പ്രേരിപ്പിച്ചതെന്ന് കേസന്വേഷിച്ച തളിപ്പറമ്പ് സി.ഐ കെ.വി.വിനോദ്കുമാര്‍ പറഞ്ഞു. സമീപവാസിയായ ഇയാള്‍ ആടുകളെയും കോഴികളെയും വളര്‍ത്തി വില്‍പന നടത്തുന്നതിനോടൊപ്പം ഓട്ടോഡ്രൈവര്‍ കൂടിയാണ്. ഇക്കഴിഞ്ഞ ഒന്നാം തിയതിയാണു കേസിനാസ്പദമായ സംഭവം.
കുറ്റ്യേരി പാലത്തിനു സമീപം താമസിക്കുന്ന ആയിഷയുടെ വീട്ടിലേക്ക് കോരന്‍പീടികയിലെ ഓട്ടോ ഡ്രൈവറുടെ കൈയില്‍ ഐസ്‌ക്രീം ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ഇയാള്‍ കൊടുത്തുവിടുകയായിരുന്നു.
ഐസ്‌ക്രീം കഴിച്ച ആയിഷയുടെ മക്കളായ ഫര്‍സീന(20), റുബീന (18) എന്നിവര്‍ അവശനിലയിലായതിനെ തുടര്‍ന്നു പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ഐസ്‌ക്രീമില്‍ മാരക കീടനാശിനി കലര്‍ത്തിയാതായി കണ്ടെത്തിയത്. സംഭവ ദിവസം തന്നെ തളിപ്പറമ്പ് സി.ഐ വിനോദ്കുമാര്‍ കേസന്വേഷണത്തിന്റെ ചുമതല ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. യുവതികളുടെ കുടുംബവുമായി ബന്ധപ്പെടുന്നവരുടെയെല്ലാം ലിസ്റ്റ് തയാറാക്കി മൊഴി രേഖപ്പെടുത്തിയിരുന്നു.
ഓട്ടോ ഡ്രൈവറുടെ വിവരണത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിയെന്നു സംശയിക്കുന്നയാളുടെ രേഖാചിത്രം പുറത്തുവിട്ടു. ഒടുവില്‍ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ശനിയാഴ്ച ഉച്ചയോടെ ഇയാളെ കസ്റ്റഡിയിലെടുത്തത്. കൂടുതല്‍ ചോദ്യം ചെയ്യലിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."