സുഗന്ധഗിരി മരംമുറി; ഡി.എഫ്.ഒയുടെ സസ്‌പെന്‍ഷന്‍ മരവിപ്പിച്ചു
സുഗന്ധഗിരി ആദിവാസി പുനരധിവാസ മേഖലയിലെ മരംമുറിക്കേസില്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ എ.സജ്‌നയുടെ സസ്‌പെന്‍ഷന്‍ മരവിപ്പിക്കാന്‍ വനംമന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍ദേശം നല്‍കി.സംഭവത്തില്‍ ഡി.എഫ്.ഒക്ക് ജാഗ്രത കുറവുണ്ടായെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. അതിനെ തുടര്‍ന്നായിരുന്നു നടപടി. ഫ്‌ലൈയിംഗ് സ്‌ക്വാഡ് റെയ്ഞ്ച് ഓഫീസര്‍ സജീവന്‍, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ബീരാന്‍കുട്ടി, റേഞ്ച് ഓഫീസര്‍ കെ നീതു എന്നിവരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
വനംവകുപ്പ് എടുത്ത കേസില്‍ നിലവില്‍ ഒമ്പത് പ്രതികളാണ് ഉള്ളത്. ഈ പ്രതിപ്പട്ടികയിലേക്ക് വനംവാച്ചര്‍ ജോണ്‍സണെ കൂടി ചേര്‍ക്കാന്‍ വിജിലന്‍സ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. അനധികൃതമായി മരംമുറിക്കാന്‍ ജോണ്‍സന്റെ ഒത്താശയുണ്ടെന്ന കണ്ടെത്തലിന് പിന്നാലെയാണ് ശുപാര്‍ശ.
സംഭവത്തില്‍ സസ്‌പെന്‍ഷനിലായ കല്‍പ്പറ്റ ഫോറസ്റ്റ് സെഷന്‍ ഓഫീസര്‍ ചന്ദ്രനെ പ്രതിചേര്‍ക്കുന്നത് പരിശോധിക്കണമെന്നും വിജിലന്‍സ് റിപ്പോര്‍ട്ടിലുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കല്‍പ്പറ്റ റേഞ്ചിലെ ആറ് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരേയും അഞ്ച് വനംവാച്ചര്‍മാരേയും വൈകാതെ സ്ഥലം മാറ്റിയേക്കും.
വീടിന് ഭീഷണിയായ 20 മരം മുറിക്കാനുള്ള ഉത്തരവിന്റെ മറവില്‍ 102 മരങ്ങള്‍ ആകെ മുറിച്ചെന്ന് വനംവകുപ്പ് കണ്ടെത്തിയിരുന്നു. വനം ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് മരങ്ങള്‍ മുറിച്ച് കടത്തിയതെന്നും അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."