ദാവൂദുമായി ബന്ധം; ഖദ്‌സെക്കെതിരേ ഹൈക്കോടതിയില്‍ ഹരജി
ന്യൂഡല്‍ഹി: തനിക്കെതിരായ അന്വേഷണത്തെ ഭയക്കുന്നില്ലെന്നും എന്തും നേരിടാന്‍ തയാറാണെന്നും ഹാക്കര്‍ മനീഷ് ബാംഗ്ലേ. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹീമുമായി മഹാരാഷ്ട്ര മുന്‍മന്ത്രി ഏക്‌നാഥ് ഖദ്‌സെ ടെലിഫോണ്‍വഴി ബന്ധം പുലര്‍ത്തിയതിന്റെ രേഖകള്‍ പുറത്തുവിട്ടയാളാണ് ഹാക്കര്‍ മനീഷ് ബാംഗ്ലേ.
മുംബൈ ഭീകരാക്രമണം ഉള്‍പ്പെടെയുള്ള നിരവധി കേസുകളില്‍ ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ദാവൂദുമായുള്ള ടെലിഫോണ്‍ ബന്ധത്തിന്റെ പേരില്‍ ഏക്‌നാഥ് ഖദ്‌സേക്കു മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവന്നിരുന്നു. എന്നാല്‍ മനീഷിനെതിരേ അന്വേഷണം വേണമെന്ന് ഖദ്‌സെ ആവശ്യപ്പെട്ടിരുന്നു. മനീഷ് രാഷ്ട്രസുരക്ഷയ്ക്ക് ഭീഷണിയാണെന്നും കള്ളനാണെന്നുമായിരുന്നു ഖദ്‌സേയുടെ ആരോപണം. പാകിസ്താന്‍ ടെലികോം കമ്പനിയുടെ ഡാറ്റാബെയ്‌സ് ഹാക്ക് ചെയ്താണ് മഹാരാഷ്ട്രയിലെ ജല്‍ഗോണ്‍ സ്വദേശിയായ മനീഷും സുഹൃത്ത് ജയേഷും വെളിപ്പെടുത്തല്‍ നടത്തിയത്.
കഴിഞ്ഞ സപ്റ്റംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള ഫോണ്‍രേഖകളാണ് മനീഷ് ചോര്‍ത്തിയത്. കറാച്ചിയിലെ ദാവൂദ് ഇബ്രാഹീമിന്റെ വീട്ടില്‍നിന്നു മഹാരാഷ്ട്രയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ നമ്പറിലേക്കു പലപ്പോഴും കോള്‍വന്നതായി ഇവര്‍ മനസിലാക്കുകയായിരുന്നു. അതേസമയം തന്റെ അന്വേഷണവുമായി മുന്നോട്ടുപോവുമെന്നും മനീഷ് പറഞ്ഞു. താന്‍ രാജ്യസുരക്ഷയ്ക്കു വേണ്ടിയാണ് പ്രവര്‍ത്തിച്ചതെന്നും വിശദാംശങ്ങള്‍ ശേഖരിച്ചു ബോംബൈ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും മനീഷ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെടുന്ന ഹരജി ഇന്നു കോടതി പരിഗണിക്കും. ദാവൂദ് ഇബ്രാഹീമുമായുള്ള ബന്ധം അന്വേഷിക്കാന്‍ സി.ബി.ഐയെ ചുമതലപ്പെടുത്തണമെന്നാണ് ഹരജിയിലെ ആവശ്യം. ഞങ്ങള്‍ ഹാക്ക് ചെയ്ത വെബ്‌ലിങ്കുകള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെന്നും അതിനാല്‍ എത്രയുംവേഗം അന്വേഷണം ആരംഭിക്കണമെന്നും മനീഷ് ആവശ്യപ്പെട്ടു. സംഭവം ഇപ്പോള്‍ അന്വേഷിക്കുന്നത് എ.ടി.എസാണ്. എന്നാല്‍, കേസില്‍ ഹൈക്കോടതിയുടെ നടപടിയറിഞ്ഞ ശേഷമേ എ.ടി.എസിനു മുന്‍പാകെ മൊഴിനല്‍കാന്‍ ഹാജരാകൂവെന്ന് മനീഷിന്റെ അഭിഭാഷകന്‍ സന്ദേശ് സാവന്ത് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."