പത്താന്‍കോട്ട് ആക്രമണം: പാകിസ്താന്‍ വഞ്ചന കാണിക്കുന്നെന്ന് രാജ്‌നാഥ് സിങ്
ന്യൂഡല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട കേസില്‍ പാകിസ്താന്‍ ഇന്ത്യയെ വഞ്ചിക്കുകയാണെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. ദേശീയ അന്വേഷണ സംഘത്തെ അവിടേക്ക് പ്രവേശിക്കാന്‍ അനുവദിക്കാതിരിക്കുന്നത് പാകിസ്താന്റെ കൊടിയ വഞ്ചയാണെന്നും രാജ്‌നാഥ് സിങ് ചൂണ്ടിക്കാട്ടി. പത്താന്‍കോട്ട് ആക്രമണം അന്വേഷിക്കാന്‍ യോജിച്ച് പ്രവര്‍ത്തിക്കാമെന്നു നേരത്തെ പാകിസ്താന്‍ സമ്മതിച്ചിരുന്നു. എന്നാല്‍ പിന്നീട് ഈ തീരുമാനത്തെ അവഗണിക്കുകയും ഇന്ത്യന്‍ അന്വേഷണ ഏജന്‍സിയെ രാജ്യത്തിനകത്ത് പ്രവേശിപ്പിക്കില്ലെന്നു വ്യക്തമാക്കുകയുമായിരുന്നു.
പത്താന്‍കോട്ട് പ്രമുഖരുമായി സംസാരിക്കവെയാണു മന്ത്രി ഇക്കാര്യം പറഞ്ഞത്.
ഇന്ത്യയ്ക്കും പാകിസ്താനുമിടയില്‍ ജമ്മു-കശ്മിര്‍ ഒരു വിഷയമേ അല്ല. ഇതിന്റെപേരില്‍ ഒരു സംഘര്‍ഷമോ പ്രശ്‌നങ്ങളോ ഇല്ല. എന്തെങ്കിലും തരത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അതു പാക് അധിനിവേശ കശ്മിരില്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ ഏജന്‍സിയെ രാജ്യത്ത് കടക്കാന്‍ അനുവദിച്ച് മാന്യത കാണിക്കുകയും തങ്ങള്‍ ഭീകരതയ്ക്ക് എതിരാണെന്ന് തെളിയിക്കുകയുമാണ് പാകിസ്താന്‍ ചെയ്യേണ്ടത്. പത്താന്‍കോട്ട് എയര്‍ബേസ് ആക്രമിച്ച ഭീകരര്‍ പാകിസ്താനില്‍ നിന്നാണ് എത്തിയതെന്നതിനു വ്യക്തമായ തെളിവുകള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."