അധികം വരുന്ന അധ്യാപകരും ജോലിക്കായി കാത്തിരിക്കുന്നവരും ആശങ്കയില്‍
കോഴിക്കോട്: സംരക്ഷിത അധ്യാപകര്‍ക്ക് പുനര്‍നിയമനം എന്നത് ഗുരുതര പ്രതിസന്ധിയായി സര്‍ക്കാരിന് മുന്നില്‍ നില്‍ക്കുമ്പോള്‍തന്നെ ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികളാണ് അധ്യാപക തസ്തികയിലേക്ക് പി.എസ്.സി നിയമനവും കാത്ത് പുറത്തിരിക്കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് പരീക്ഷ നടത്തിയത്. എന്നാല്‍ പരീക്ഷ നടത്തിയെന്നല്ലാതെ ഇതുസംബന്ധിച്ച തുടര്‍നടപടികള്‍ ഒന്നുമില്ലാത്തത് ജോലിക്കുള്ള പ്രായപരിധി കഴിയുന്നവരായ ഉദ്യോഗാര്‍ഥികളെയാണ് ഏറ്റവും കൂടുതല്‍ ആശങ്കയിലാക്കുന്നത്.
അധികം വന്ന അധ്യാപകരുടെ ജോലി നഷ്ടപ്പെടാന്‍ പാടില്ലെന്ന് സി.പി.എം അനുകൂല അധ്യാപക സംഘടനയായ കെ.എസ്.ടി.എ അടക്കമുള്ള ഇടതനുകൂല സംഘടനകള്‍ സര്‍ക്കാരിലും മുന്നണിയിലും സമ്മര്‍ദം ചെലുത്തുന്നുണ്ട്. ഇവരുടെ സമ്മര്‍ദം സര്‍ക്കാരിനെ അടിയന്തര നടപടിക്ക് പ്രേരിപ്പിക്കുന്നുണ്ടെങ്കിലും ഏത് രീതിയില്‍ പ്രതിസന്ധി പരിഹരിക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് വിദ്യാഭ്യാസ മന്ത്രിയും വകുപ്പും.
ഈ അധ്യയന വര്‍ഷം വിദ്യാര്‍ഥികളുടെ കുറവുമൂലം ജോലി നഷ്ടപ്പെട്ട അധ്യാപകര്‍ 3,982 പേരാണ്. അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമുള്ള തസ്തിക നിര്‍ണയിച്ചപ്പോഴാണ് ഇത്രയും അധ്യാപകര്‍ക്ക് പുറത്തിരിക്കേണ്ടി വന്നിരിക്കുന്നത്. ഇവരെ സര്‍ക്കാര്‍ പെരുവഴിയിലാക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അറിയിച്ചിട്ടുണ്ടെങ്കിലും ഇവരുടെ ആശങ്കക്ക് ഇതുവരെ അറുതിയായിട്ടില്ല. അതിനിടയിലാണ് ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ ജോലികാത്തിരിക്കുന്നത്. നിലവില്‍ ജോലി നഷ്ടപ്പെട്ട അധ്യാപകരെ പുനര്‍വിന്യസിച്ചെങ്കില്‍ മാത്രമേ പി.എസ്.സി വഴിയുള്ള നിയമനം ആരംഭിക്കുകയുള്ളൂ. നിലവില്‍ തസ്തിക ഒഴിവില്ലാത്തതും പുറത്തിരിക്കുന്ന അധ്യാപകരെപ്പോലെ ജോലിക്കായി കാത്തിരിക്കുന്ന ഉദ്യോഗാര്‍ഥികളേയും ഒരുപോലെ ത്രിശങ്കുവിലാക്കുകയാണ്.
ജോലി നഷ്ടപ്പെട്ട അധ്യാപകരെ എങ്ങനെ പുനര്‍വിന്യസിക്കുമെന്നത് വിദ്യാഭ്യാസ മന്ത്രിയുടേയും വകുപ്പിന്റേയും മുന്നില്‍ വലിയ പ്രതിസന്ധിയായിട്ടുണ്ട്. ഇവരുടെ ശമ്പളം മുടങ്ങില്ലെന്ന് മന്ത്രി ഉറപ്പു നല്‍കുന്നുണ്ടെങ്കിലും തങ്ങളുടെ ജോലിക്കാര്യത്തില്‍ അനിശ്ചിതത്വമാണെന്ന് ഈ അധ്യാപകര്‍ പറയുന്നു.
തസ്തിക നിര്‍ണയിക്കുമ്പോള്‍ ആറായിരത്തോളം അധ്യാപകര്‍ പുറത്താകുമെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ 3,982 അധ്യാപകരാണ് അധികം വന്നത്. ആറായിരത്തോളം പേര്‍ പുറത്താകുമെന്ന വലിയ ആശങ്ക കുറഞ്ഞെങ്കിലും അധികമുള്ളവരുടെ കാര്യത്തില്‍ എന്തുചെയ്യുമെന്ന പ്രതിസന്ധിക്ക് ഇതുവരെ അയവുവന്നിട്ടില്ല.
എസ്.എസ്.എയിലേക്കും ആര്‍.എം.എസ്.എയിലേക്കും അധികം വന്നവരെ പുനര്‍വിന്യസിക്കാമെന്നാണ് ഒരു നിര്‍ദേശം. ഹെഡ് മാസ്റ്ററെ ക്ലാസ് എടുക്കുന്നതില്‍ നിന്നും ഒഴിവാക്കണമെന്ന ഉത്തരവ് നടപ്പാക്കുമ്പോള്‍ വരുന്ന താല്‍ക്കാലിക ഒഴിവിലും ഇവരെ നിയമിക്കാം. എന്നാല്‍ എയ്ഡഡ് സ്‌കൂള്‍ മാനേജര്‍മാര്‍ ഇതിന് തയാറാകുമോ എന്നതാണ് പ്രശ്‌നം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."