അന്‍പതിനായിരം ഹെക്ടറില്‍ ജൈവപച്ചക്കറി കൃഷിക്ക് പദ്ധതി
തിരുവനന്തപുരം: അന്‍പതിനായിരം ഹെക്ടര്‍ പ്രദേശത്ത് ജൈവ പച്ചക്കറി കൃഷി ആരംഭിക്കാന്‍ സര്‍ക്കാര്‍ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കൃഷിവകുപ്പ്, തദ്ദേശ സ്ഥാപനങ്ങള്‍ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. ഓണത്തിന് വിളവെടുക്കുന്ന രീതിയിലായിരിക്കും പച്ചക്കറി കൃഷി ആരംഭിക്കുക. നേരത്തേ ജൈവ പച്ചക്കറിക്കൃഷിയുമായി സി.പി.എം എറണാകുളം ജില്ലാകമ്മറ്റി തുടക്കമിട്ട പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പാക്കിയത് ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇതേ രീതിയില്‍ സര്‍ക്കാര്‍ തലത്തില്‍ ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കാനാണ് തീരുമാനം.
വിപണിയില്‍ നേരിട്ട് പച്ചക്കറി എത്തിച്ച് ചുരുങ്ങിയ വിലയ്ക്ക് നല്‍കാനുള്ള സര്‍ക്കാര്‍ പദ്ധതിക്ക് ഇതിനകം തന്നെ തുടക്കമായിട്ടുണ്ട്. ഇതിനാവശ്യമായ സാമ്പത്തിക സഹായം കര്‍ഷകര്‍ക്ക് നല്‍കും. കേന്ദ്രത്തില്‍ നിന്ന് കൂടുതല്‍ സഹായം ലഭിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, കീടനാശിനി കലര്‍ന്ന പച്ചക്കറികള്‍ കേരളത്തില്‍ കൊണ്ടുവന്നാല്‍ നിയമനടപടി നേരിടേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അന്യസംസ്ഥാനങ്ങളില്‍ നിന്നു കൊണ്ടുവരുന്ന പച്ചക്കറികള്‍ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് യൂനിവേഴ്‌സിറ്റി കോളജ് ക്യാംപസില്‍ എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജൈവപച്ചക്കറി തോട്ടത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
വിഷാംശമുള്ള പച്ചക്കറികള്‍ കേരളത്തില്‍ എത്തുന്നില്ലെന്ന് സര്‍ക്കാര്‍ ഉറപ്പു വരുത്തും. ഇതിനായി പരിശോധനകള്‍ കര്‍ശനമാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പച്ചക്കറികളില്‍ വിഷാംശം കണ്ടെത്തിയാല്‍ പിന്നീട് അവ കൊണ്ടുവരുന്നതിന് നിരോധനം ഏര്‍പ്പെടുത്തും. ഇതോടൊപ്പം നിയമനടപടികളും നേരിടേണ്ടി വരുമെന്നും പിണറായി മുന്നറിയിപ്പ് നല്‍കി. കാര്‍ഷികോല്‍പന്നങ്ങള്‍ മികച്ച വില ഉറപ്പുവരുത്തിയാലേ കൃഷി വ്യാപിപ്പിക്കാന്‍ കഴിയൂ. ഇതിനായി കേന്ദ്രവും സംസ്ഥാനവും സംയുക്തമായി കാര്‍ഷികോല്‍പന്നങ്ങള്‍ സംഭരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."