വന്‍കിട വൈദ്യുതിപദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ട്; 210 മെഗാവാട്ടിന്റെ പദ്ധതി നടപ്പാക്കാന്‍ ശ്രമം
തൊടുപുഴ: അതിരപ്പിള്ളിയിലുണ്ടായ കോലാഹലങ്ങള്‍ വകവയ്ക്കാതെ വന്‍കിട ജലവൈദ്യുതി പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ട്. പൂയംകുട്ടി അടക്കമുള്ള പദ്ധതികളുടെ ഫയലുകള്‍ വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പരിശോധിച്ചു. ഇതുസംബന്ധിച്ച് കെ. എസ.് ഇ. ബി ഉന്നത ഉദ്യോഗസ്ഥരുമായി മന്ത്രി പ്രാഥമിക ചര്‍ച്ചയും നടത്തി. വന്‍കിട പദ്ധതികള്‍ നാടിനാവശ്യമാണെന്ന വകുപ്പ് മന്ത്രിയുടെ ഉറച്ച നിലപാടില്‍ വൈദ്യുതി ബോര്‍ഡ് ഏറെ പ്രതീക്ഷയര്‍പ്പിക്കുകയാണ്. അതിരപ്പിള്ളിയെ അനുകൂലിച്ച് പ്രതിപക്ഷത്തെ പ്രമുഖനായ കെ. മുരളീധരന്‍ കൂടി രംഗത്തുവന്നത് സര്‍ക്കാര്‍ നീക്കത്തിന് കരുത്തുപകരും. 2009 മെയ് 21 ന് സംസ്ഥാന വൈദ്യുതി ബോര്‍ഡ് പൂയംകുട്ടി പദ്ധതിക്ക് ഭരണാനുമതി നല്‍കിയതാണ്. പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് അംഗീകാരത്തിനായി വനം-പരിസ്ഥിതി മന്ത്രാലയത്തിന് സമര്‍പ്പിക്കാനുള്ള തയാറെടുപ്പിലാണ് ഇപ്പോള്‍ കെ. എസ.് ഇ. ബി.
പരിസ്ഥിതി പ്രവര്‍ത്തകരുടെയും ബഹുജനങ്ങളുടെയും ശക്തമായ എതിര്‍പ്പിനേത്തുടര്‍ന്ന് ഒരിക്കല്‍ ഉപേക്ഷിച്ച പദ്ധതിയാണ് പൂയംകുട്ടി. കേരളത്തിലെ ജലസമ്പത്തിനേക്കുറിച്ച് 1958 ല്‍ വൈദ്യനാഥയ്യര്‍ തയാറാക്കിയ റിപ്പോര്‍ട്ടിലാണ് പൂയംകുട്ടി ജലവൈദ്യുതി പദ്ധതി എന്ന നിര്‍ദേശം ഉയരുന്നത്. 1960 ല്‍ ഇതിന്റെ സര്‍വേ നടന്നു. 1981 ഓടെ ബോര്‍ഡ് റിപ്പോര്‍ട്ട് തയാറാക്കി. ആഞ്ച് പദ്ധതികളായാണ് പൂയംകുട്ടി വിഭാവനം ചെയ്തത്. പൂയംകുട്ടി ഒന്നാംഘട്ടം, പൂയംകുട്ടി രണ്ടാംഘട്ടം, അപ്പര്‍ ഇടമലയാര്‍, ആനമലയാര്‍, മാങ്കുളം എന്നിവയാണിവ. ഈ അഞ്ച് ഘട്ടങ്ങളായി 11 അണക്കെട്ടുകളും നാല് വൈദ്യുതി നിലയങ്ങളും സ്ഥാപിച്ച് 760 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനായിരുന്നു പദ്ധതി. ഒന്നാംഘട്ടത്തില്‍ പൂയംകുട്ടിയാറില്‍ 148 മീറ്റര്‍ ഉയരവും 2800 മീറ്റര്‍ നീളവുമുള്ള കോണ്‍ക്രീറ്റ് ഡാം നിര്‍മിച്ച് 272 ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്തെ ഉപയോഗപ്പെടുത്തി 120 മെഗാവാട്ട് ഉല്‍പ്പാദിപ്പിക്കുകയായിരുന്നു ലക്ഷ്യം. രണ്ടാംഘട്ടത്തില്‍ ശേഷി 480 മെഗാവാട്ടായി വര്‍ധിപ്പിക്കും. മൂന്നാം ഘട്ടത്തില്‍ 46 മീറ്റര്‍ ഉയരമുള്ള ആനമല, 56 മീറ്റര്‍ ഉയരമുള്ള മണലി അണക്കെട്ടുകള്‍ നിര്‍മിച്ച് 50 മെഗാവാട്ടിന്റെ രണ്ട് ജനറേറ്ററുകള്‍ സ്ഥാപിക്കും. നാലാംഘട്ടത്തില്‍ 73 മീറ്റര്‍ ഉയരമുള്ള അപ്പര്‍ ഇടമലയാര്‍, 90 മീറ്റര്‍ ഉയരമുള്ള കടലാര്‍ എന്നീ ഡാമുകള്‍ നിര്‍മിച്ച് 45 മെഗാവാട്ടിന്റെ രണ്ടുജനറേറ്ററുകള്‍ സ്ഥാപിക്കും. അഞ്ചാം ഘട്ടത്തില്‍ മാങ്കുളത്ത് അണക്കെട്ട് നിര്‍മിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനായിരുന്നു പദ്ധതി. പദ്ധതി പൂര്‍ണമായും നടപ്പാക്കിക്കഴിയുമ്പോള്‍ 3,003 ഹെക്ടറിലെ ജൈവ വൈവിധ്യ വനസമ്പത്ത് മുങ്ങിപ്പോകുമെന്ന് കണ്ടെത്തിയിരുന്നു.
1981 ല്‍ ഒന്നാംഘട്ടത്തിന് കേന്ദ്രാനുമതി ചോദിച്ചെങ്കിലും പ്രതിഷേധത്തെത്തുടര്‍ന്ന് അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി അനുമതി നിഷേധിച്ചു. തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രശ്‌നം പഠിക്കാന്‍ ഡോ. നാദ്കര്‍ണി കമ്മിഷനെ നിയോഗിച്ചു. കമ്മിഷന്‍ റിപ്പോര്‍ട്ട് സംസ്ഥാനത്തിന് എതിരായിരുന്നു. വീണ്ടും പദ്ധതിയുമായി മുന്നോട്ട് പോകുംമുന്‍പ് കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിനേക്കൊണ്ട് പരിസ്ഥിതി ആഘാത പഠനം നടത്തി. കെ.എഫ്.ആര്‍.ഐ. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം 1994 ല്‍ പൂയംകുട്ടി ജലവൈദ്യുതി പദ്ധതിക്ക് അന്തിമമായി അനുമതി നിഷേധിച്ചു. വീണ്ടും പദ്ധതിയുമായി മുന്നോട്ട് പോകാന്‍ സംസ്ഥാനം തീരുമാനിച്ചു. കോയമ്പത്തൂര്‍ സലിം അലി സെന്റര്‍ ഫോര്‍ ഓണത്തോളജിയെ പഠനത്തിന് ചുമതലപ്പെടുത്തി. പൂയംകുട്ടി വനമേഖല ബയോസ്ഫ്യര്‍ റിസര്‍വായി പ്രഖ്യാപിക്കണമെന്നായിരുന്നു ഇവരുടെ നിര്‍ദേശം. പൂയംകുട്ടി വനവും സമീപ പ്രദേശങ്ങളും ഉള്‍പ്പെടുന്നതായിരിക്കണം ഈ ബയോസ്ഫ്യര്‍ റിസര്‍വ്. ഇതോടെ പൂയംകുട്ടി പദ്ധതി ഉപേക്ഷിക്കാന്‍ വൈദ്യുതി ബോര്‍ഡ് തീരുമാനിച്ചു. 760 മെഗാവാട്ട് എന്നത് വെട്ടിക്കുറച്ച് 210 മെഗാവാട്ടിന്റെ പൂയംകുട്ടി പദ്ധതി നടപ്പാക്കാനാണ് ഇപ്പോള്‍ വൈദ്യുതി ബോര്‍ഡിന്റെ ശ്രമം. 1500 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. 1,400 ഹെക്ടര്‍ വനഭൂമിയാണ് പൂയംകുട്ടി പദ്ധതിയില്‍ മുങ്ങിപ്പോവുക. ഈ ഭൂമിയില്‍ ജൈവസമ്പത്ത് കുറവാണെന്നും മുളങ്കാടുകളാണ് അധികവുമെന്ന് വൈദ്യുതി ബോര്‍ഡ് പറയുന്നു. കേരളത്തിന്റെ വൈദ്യുതി ആവശ്യം പരിഗണിക്കുമ്പോള്‍ അതിരപ്പിള്ളി, പൂയംകുട്ടി പദ്ധതികളുടെ പ്രാധാന്യം തള്ളിക്കളയാനാവില്ലെന്ന കസ്തൂരിരംഗന്‍ സമിതിയുടെ വിലയിരുത്തലിലും കെ.എസ്.ഇ.ബി പ്രതീക്ഷയര്‍പ്പിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."