ജയം തുടരാന്‍ കൊളംബിയ
സാന്റ ക്ലാര: കോപ്പ അമേരിക്കയില്‍ ബുധനാഴ്ച്ച രണ്ടു മത്സരങ്ങള്‍. ആദ്യ മത്സരത്തില്‍ ആതിഥേയരായ അമേരിക്ക കോസ്റ്റ റിക്കയെയും രണ്ടാം പോരില്‍ കൊളംബിയ പരാഗ്വെയെയും നേരിടും.
ആദ്യ ജയം തേടി അമേരിക്കയും കോസ്റ്റ റിക്കയും
ആദ്യ മത്സരത്തില്‍ കൊളംബിയയോട് തോറ്റതിന്റെ ക്ഷീണം തീര്‍ക്കാനാണ് അമേരിക്ക കളത്തിലിറങ്ങുന്നത്. കൊളംബിയക്കെതിരേ അമേരിക്കയുടെ മുന്നേറ്റ നിര തീര്‍ത്തും നിറംമങ്ങി പോയിരുന്നു. മുന്നേറ്റത്തില്‍ ക്ലിന്‍ഡ് ഡെംപ്‌സിയും ബോബി വുഡും ഫോമിലേക്കുയരാത്തതാണ് ആതിഥേയരെ നിരാശരാക്കുന്നത്. ഡെംപ്‌സിക്ക് ആദ്യ മത്സരത്തില്‍ ഗോള്‍ നേടാന്‍ അവസരമുണ്ടായിരുന്നെങ്കിലും ഫിനിഷിങ് പോരായ്മ തിരിച്ചടിയാവുകയായിരുന്നു. ഗ്യാസി സാര്‍ഡസും, മൈക്കല്‍ ബ്രാഡ്‌ലിയും ഇത്തരത്തില്‍ മധ്യനിരയില്‍ താളം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ബ്രാഡ്‌ലിയിലാണ് ടീം ഏറ പ്രതീക്ഷ വയ്ക്കുന്നത്. താരം മികവിലേക്കുയര്‍ന്നാല്‍ ടീമിന് അനായാസ ജയം സ്വന്തമാക്കാനാവും. പ്രതിരോധത്തില്‍ ജോണ്‍ ബ്രൂക്ക്‌സും ഡി ആന്‍ഡ്രെ യെഡ്‌ലിനും കരത്തു പുറത്തെടുത്തിട്ടില്ല. അതേസമയം ഇരുവരും ഏറ്റുമുട്ടിയ 28 മത്സരങ്ങളില്‍ 13 എണ്ണത്തില്‍ ജയിച്ചതിന്റെ മുന്‍തൂക്കവുമായാണ് അമേരിക്ക മത്സരത്തിനിറങ്ങുന്നത്.
കോസ്റ്റ റിക്കയും ആദ്യ ജയം തേടിയാണ് കളിത്തിലിറങ്ങുന്നത്. പരാഗ്വെയ്‌ക്കെതിരേ ആദ്യ മത്സരത്തില്‍ സമനിലയില്‍ കുരുങ്ങുകയായിരുന്നു കോസ്റ്റ റിക്ക. കെന്‍ഡല്‍ വാട്‌സന് ആദ്യ മത്സരത്തില്‍ ചുവപ്പു കാര്‍ഡ് കണ്ടതിനാല്‍ അമേരിക്കയ്‌ക്കെതിരേ കളിക്കാനാവില്ല. മൈക്കല്‍ ഉമാനയായിരിക്കും പകരക്കാരന്‍. മറ്റു മാറ്റങ്ങളൊന്നുമില്ലാതെയാവും കോച്ച് ഓസ്‌കര്‍ റാമിറസ് ടീമിനെ കളത്തിലിറക്കുക. മുന്നേറ്റത്തില്‍ ജോയെല്‍ കാംപെല്ലും മാര്‍ക്കസ് യുറേനയും ഇതുവരെ താളം കണ്ടെത്തിയിട്ടില്ല. ബ്രയാന്‍ റൂയിസും മോശം ഫോമിലാണ് കളിക്കുന്നത്. എന്നാല്‍ പ്രതിരോധം ടീമിന്റെ കരുത്താണ്. റൊണാള്‍ഡ് മാറ്ററിറ്റ, ജോണി അക്കോസ്റ്റ, ഓസ്‌കര്‍ ഡുവാര്‍റ്റെ എന്നിവരാണ് പ്രതിരോധത്തിലെ കരുത്തര്‍. ഈ താരങ്ങള്‍ അമേരിക്കയ്‌ക്കെതിരേ മികവ് കാട്ടുമെന്നാണ് ടീമിന്റെ പ്രതീക്ഷ.
കൊളംബിയക്ക് ലക്ഷ്യം ക്വാര്‍ട്ടര്‍
അമേരിക്കയ്‌ക്കെതിരേ നേടിയ മികച്ച ജയത്തിന് തുടര്‍ച്ച തേടിയാണ് കൊളംബിയ കളത്തിലിറങ്ങുന്നത്. പരാഗ്വെയ്‌ക്കെതിരേ കളിച്ച 13 മത്സരങ്ങളില്‍ എട്ടു ജയങ്ങള്‍ കൊളംബിയക്കൊപ്പമായിരുന്ന എന്നത് ടീമിന് മുന്‍തൂക്കം നല്‍കുന്നു. കോപ്പയില്‍ രണ്ടു തവണ ഏറ്റുമുട്ടിയപ്പോള്‍ ഇരുവരും ഓരോ ജയം സ്വന്തമാക്കി. നിലവിലെ കൊളംബിയ ടീം കരുത്തരാണ്. അമേരിക്കയ്ക്കയ്‌ക്കെതിരേ നേടിയ ഗോളിലൂടെ സൂപ്പര്‍ താരം ജെയിംസ് റോഡ്രിഗസ് ഫോമിലേക്കുയര്‍ന്നു കഴിഞ്ഞു. ക്രിസ്റ്റ്യാന്‍ സാപറ്റ, കാര്‍ലോസ് ബക്ക, ജുവാന്‍ ക്വഡ്രാഡോ എന്നീ മികച്ച താരങ്ങള്‍ ടീമിലുണ്ട്. മധ്യനിരയില്‍ സെബാസ്റ്റ്യന്‍ കാര്‍ഡോന, ഡാനിയല്‍ ടോറസ് എന്നിവര്‍ കളി നിയന്ത്രിക്കാന്‍ കെല്‍പുള്ള താരങ്ങളാണ്. ജേസന്‍ മുറില്ലോ, ഫാരിദ് ഡയസ് എന്നിവരടങ്ങുന്ന പ്രതിരോധത്തെ മറികടക്കുക പരാഗ്വെയ്ക്ക് ദുഷ്‌കരമാവും.
യോര്‍ഗെ ബെനിറ്റെസ്, ഡാരിയോ ലെസ്‌കാനോ, ഡെര്‍ലിസ് ഗോണ്‍സാലസ് സഖ്യം മികച്ച മുന്നേറ്റം നടത്തിയാല്‍ മാത്രമേ പരാഗ്വെയ്ക്ക് ജയം നേടാന്‍ സാധിക്കുകയുള്ളൂ. പ്രതിരോധം മാത്രമാണ് അവര്‍ക്ക് ആശ്വാസം നല്‍കുന്ന ഘടകം. ബ്രൂണോ വാല്‍ഡസ്, മിഗ്വയ്ല്‍ സമൂദിയോ, ഗുസ്താവോ ഗോമസ് എന്നിവര്‍ പ്രതിരോധത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."