ഹരജി ഡല്‍ഹി ഹൈക്കോടതി തള്ളി: സുശീല്‍ കുമാര്‍ ഒളിംപിക്‌സിനില്ല
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഒളിംപിക് മെഡല്‍ താരം സുശീല്‍ കുമാര്‍ റിയോ ഒളിംപിക്‌സിനില്ല. 74 കിലോ ഗുസ്തിയില്‍ ഒളിംപിക് യോഗ്യത സംബന്ധിച്ച് നരസിങ് പഞ്ചം യാദവുമായുള്ള തര്‍ക്കത്തില്‍ സുശീലിന് തിരിച്ചടി നേരിട്ടു.
യോഗ്യതയ്ക്കായി ട്രയല്‍സ് നടത്തണമെന്നാവശ്യപ്പെട്ട് സുശീല്‍ കുമാര്‍ ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജി തള്ളുകയായിരുന്നു. 74 കിലോ വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട താരത്തിന്റെ സാധ്യതകളെ അപകടത്തിലാക്കുന്നതാണ് ട്രയല്‍സ്. താരങ്ങളുടെ പോരില്‍ ട്രയല്‍സ് നടത്താന്‍ തീരുമാനിച്ചാല്‍ അവിടെ രാജ്യം തോല്‍ക്കുന്ന അവസ്ഥ വരുമെന്നും കോടതി വ്യക്തമാക്കി.
എന്നാല്‍ സുശീല്‍ രാജ്യത്തിന്റെ യശ്ശസ് അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ത്തിയ ഇതിഹാസ താരമാണെന്നും അദ്ദേഹത്തിന്റെ നേട്ടങ്ങളെ അവഗണിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. എന്നാല്‍ ഇക്കാരണത്താല്‍ ട്രയല്‍സ് നടത്തണമെന്ന വാദം അംഗീകരിക്കാനാവില്ല.
അവസാന നിമിഷം അത്തരമൊരു തീരുമാനമെടുത്താല്‍ നരസിങിന്റെ മാനസികമായ മുന്നൊരുക്കങ്ങളെ അതു ബാധിക്കും. ട്രയല്‍സ് നടത്തുന്നത് യോഗ്യത നേടിയ താരത്തിന്റെ മെഡല്‍ സാധ്യതകളെ ഇല്ലാതാക്കുന്നതും ദേശീയ താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും കോടതി പറഞ്ഞു. അതേസമയം റെസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ നരസിങിന്റെ തെരഞ്ഞെടുപ്പില്‍ സത്യസന്ധമായ തീരുമാനമാണെടുത്തതെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
സുശീല്‍ അപ്പീല്‍ നല്‍കും
ന്യൂഡല്‍ഹി: ട്രയല്‍സ് നടത്തില്ലെന്ന് ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കിയ സാഹചര്യത്തില്‍ സുശീല്‍ കുമാര്‍ റെസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയില്‍ വീണ്ടും അപ്പീല്‍ നല്‍കും.
സുശീലിന്റെ കോച്ചും ഭാര്യാ പിതാവുമായ മഹാബലി സത്പാലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിധിയില്‍ അസ്വസ്ഥനാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഫെഡറേഷന്‍ ഈ അപ്പീല്‍ തള്ളിയാല്‍ സുപ്രിംകോടതിയെ സമീപിക്കാനും താരം തയ്യാറായേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."