വി.ഡി സതീശന്റെ നടപടി; നേതാക്കളില്‍ അമര്‍ഷം
കൊല്ലം: സംസ്ഥാന കോണ്‍ഗ്രസില്‍ തലമുറമാറ്റം ആവശ്യപ്പെട്ട കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി സതീശന്റെ നടപടിയില്‍ മുതിര്‍ന്ന നേതാക്കളില്‍ അമര്‍ഷം. കെ.പി.സി.സി സംഘടിപ്പിച്ച നെയ്യാര്‍ഡാം ക്യാംപില്‍ പ്രസിഡന്റ് വി.എം സുധീരനെ ടാര്‍ഗറ്റ് ചെയ്യുന്ന രീതിയില്‍ മാധ്യമങ്ങള്‍ക്കു വാര്‍ത്ത തെറ്റായി നല്‍കിയതിനെതിരേ പ്രതിഷേധവും ശക്തമായി. സുധീരനെതിരേ യോഗത്തില്‍ പറയാത്ത കാര്യങ്ങള്‍ പര്‍വ്വതീകരിച്ചും സുധീരനെ അനുകൂലിച്ചു സംസാരിച്ചവരുടെ അഭിപ്രായങ്ങള്‍ നല്‍കാതെയുമായിരുന്നു ഒരു വിഭാഗം നേതാക്കള്‍ മാധ്യമങ്ങള്‍ക്കു വാര്‍ത്തകള്‍ നല്‍കിയത്. സുധീരനെതിരേ ആറു നേതാക്കള്‍ മാത്രമാണ് സംസാരിച്ചത്. ഇവര്‍ സംസാരിക്കുമ്പോള്‍ പ്രസംഗം മൊബൈലിലൂടെ ചാനലുകളെ ലൈവായി കേള്‍പ്പിക്കുകയായിരുന്നു. തലമുറമാറ്റം ആവശ്യപ്പെട്ട വി.ഡി സതീശനെതിരേ കൊടിക്കുന്നില്‍ സുരേഷും മുഖ്യമന്ത്രിക്കെതിരേ രൂക്ഷമായ വിമര്‍ശനം അഴിച്ചുവിട്ട മരിയാപുരം ശ്രീകുമാര്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രസംഗം ചാനലുകള്‍ക്കു എത്തിക്കാതിരിക്കാന്‍ ചില നേതാക്കളുടെ സിന്‍ഡിക്കേറ്റുകള്‍ ശ്രമിക്കുകയും ചെയ്തു. കൊടിക്കുന്നില്‍ സുരേഷിന്റെ നേതൃത്വത്തില്‍ പ്രമുഖ നേതാക്കള്‍ വി.ഡി സതീശനെതിരേ യോഗത്തില്‍ ശക്തമായ വിമര്‍ശനമായിരുന്നു അഴിച്ചുവിട്ടത്.
പുതിയ തലമുറ നേതൃത്വം ആവശ്യപ്പെട്ട സതീശന്റെ പാര്‍ട്ടി പ്രവര്‍ത്തനത്തിലെ സീനിയോറിറ്റിയും യോഗത്തില്‍ വിമര്‍ശനവിധേയമായി. കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് സംഘടനകളില്‍ പ്രധാന ഭാരവാഹി പോലുമായിട്ടില്ലാത്തയാളാണ് സതീശനെന്നും വി.എസ് സര്‍ക്കാരിന്റെ കാലത്തു ലോട്ടറിക്കേസില്‍, ധന മന്ത്രിയായിരുന്ന തോമസ് ഐസക്കുമായി നിയമസഭയില്‍ കൊമ്പുകോര്‍ത്തതോടെയാണ് അദ്ദേഹത്തെ പുറംലോകം അറിയാന്‍ തുടങ്ങിയതെന്നും പുതുതലമുറ വേണമെങ്കില്‍ വേറേ നേതാക്കളുണ്ടെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. വി.എം സുധീരന്‍, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരെ മാറ്റിനിര്‍ത്തിക്കൊണ്ടു കോണ്‍ഗ്രസിനു എങ്ങനെ മുന്നോട്ടുപോകാനാകുമെന്നു കൊടിക്കുന്നില്‍ വാദിച്ചു.
എന്നാല്‍, കെ.പി.സി.സി പ്രസിഡന്റിനെ തൊണ്ണൂറു ശതമാനവും പിന്തുണക്കുന്നുവെന്നു പറഞ്ഞ കെ സുധാകരന്റെ ഒരു പരാമര്‍ശം മാത്രമാണ് മാധ്യമങ്ങള്‍ക്കു നല്‍കിയത്. യോഗത്തില്‍ സംസാരിച്ചവരില്‍ ഭൂരിഭാഗവും സുധീരനെ കുറ്റപ്പെടുത്താതിരുന്നതും ശ്രദ്ധിക്കപ്പെട്ടു. മക്കളുടെ മുന്നില്‍ തല ഉയര്‍ത്തി നില്‍ക്കാന്‍ വേണ്ടിയാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതെന്നുള്ള കെ.പി.സി.സി വൈസ് പ്രസിഡന്റ് ലാലി വിന്‍സന്റിന്റെ പാരാമര്‍ശം വിമര്‍ശനത്തിനു വിധേയമായപ്പോള്‍ ചാത്തന്നൂരില്‍ ബി.ജെ.പിക്കു പിന്നില്‍ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ട കെ.പി.സി.സി ജനറല്‍ സെക്രട്ടറി ശൂരനാട് രാജശേഖരന്റെ പ്രസംഗം ബഹളം മൂലം ആരും ശ്രദ്ധിക്കാതെ പോയി. ക്യാംപില്‍ നടന്നതിനു വിരുദ്ധമായ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്നതിനെ തുടര്‍ന്നാണ് സുധീരന്‍ വാര്‍ത്താസമ്മേളനം നടത്തി ക്യാംപ് തീരുമാനം വിശദീകരിച്ചത്. മുന്‍പ് ബാര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന കെ.പി.സി.സി-സര്‍ക്കാര്‍ ഏകോപന സമിതി യോഗത്തിലും സുധീരനെ മോശമായി ചിത്രീകരിക്കുന്ന രീതിയിലുള്ള വാര്‍ത്തകളായിരുന്നു സിന്‍ഡിക്കേറ്റ് നേതാക്കള്‍ മാധ്യമങ്ങള്‍ക്കു നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."