സുധീരന് ഡല്‍ഹിക്കു പുറപ്പെട്ടത് ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കുമെതിരായ കുറ്റപത്രവുമായി
തിരുവനന്തപുരം: ദേശീയ നേതാക്കളെ കാണാന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന് ഡല്‍ഹിയിലേക്കു പുറപ്പെട്ടത് ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമെതിരായ കുറ്റപത്രവുമായി. ഇവരുടെ നേതൃത്വത്തിലുള്ള സംസ്ഥാന ഭരണത്തിനെതിരേ ഉയര്‍ന്ന അഴിമതി ആരോപണങ്ങളാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് കനത്ത പരാജയമുണ്ടാകാനിടയാക്കിയത് എന്നായിരിക്കും അദ്ദേഹം പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയെയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും ബോധ്യപ്പെടുത്തുക.
തിരുവനന്തപുരത്തു നടന്ന പാര്‍ട്ടിയുടെ ദ്വിദിന നേതൃയോഗത്തിനു തൊട്ടുപിറകെയാണ് സുധീരന് നേതാക്കളെ കാണാന്‍ ഡല്‍ഹിക്കു പുറപ്പെട്ടത്. നേതൃയോഗത്തില്‍ സുധീരനെതിരേ ശക്തമായ വിമര്‍ശനമാണ് നേതാക്കളില്‍ നിന്നുണ്ടായത്. പരാജയത്തിനു പ്രധാന കാരണം സുധീരന്റെ ചില നിലപാടുകളാണെന്ന് എ, ഐ ഗ്രൂപ്പുകളില്‍ പ്പെട്ട നേതാക്കള്‍ ഒരേ സ്വരത്തില്‍ ആരോപിച്ചിരുന്നു.
മദ്യ നയത്തില്‍ സുധീരന്റെ കടുംപിടിത്തവും ചില സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ അദ്ദേഹം സ്വീകരിച്ച സമീപനവുമൊക്കെ പാര്‍ട്ടിക്കു തിരിച്ചടി സമ്മാനിച്ചതായും ആരോപണമുയര്‍ന്നു. പാര്‍ട്ടി നേതൃത്വത്തില്‍ മാറ്റം വേണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നു. രണ്ടു ഗ്രൂപ്പുകളും ഒരുമിച്ച് സുധീരനെതിരേ നീക്കമാരംഭിച്ചതിന്റെ വ്യക്തമായ സൂചനയും യോഗത്തിലുണ്ടായി. ഈ സാഹചര്യത്തിലാണ് സുധീരന്റെ ഡല്‍ഹി സന്ദര്‍ശനം.
പാര്‍ട്ടിക്കുള്ളില്‍ തനിക്കെതിരേ നടക്കുന്ന പടയൊരുക്കത്തെ പ്രതിരോധിക്കുകയാണ് സുധീരന്റെ ഡല്‍ഹി സന്ദര്‍ശന ലക്ഷ്യമെന്ന് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നു അറിയുന്നു. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം തനിക്കുമേല്‍ കെട്ടിവയ്ക്കാന്‍ ബോധപൂര്‍വം നീക്കംനടക്കുന്നതായി സുധീരന് ഹൈക്കമാന്‍ഡിനെ അറിയിക്കും. യു.ഡി.എഫ് ഭരണത്തില്‍ നടന്ന അഴിമതിയാണ് പരാജയകാരണമെന്ന് ഹൈക്കമാന്റിനെ ബോധ്യപ്പെടുത്താനായിരിക്കും സുധീരന് ശ്രമിക്കുക.
ഇതിനു തെളിവായി യു.ഡി.എഫ് സര്‍ക്കാരിന്റെ അവസാന കാലത്തു പുറത്തുവന്ന ചില മാധ്യമ വാര്‍ത്തകള്‍ ഹൈക്കമാന്‍ഡിന്റെ ശ്രദ്ധയില്‍പ്പെടുത്തും.
പാര്‍ട്ടിയുടെ പ്രമുഖരായ ചിലര്‍ക്ക് സ്ഥാനാര്‍ഥിത്വം നല്കുന്നതില് സുധീരനുള്ള എതിര്‍പ്പ് മാധ്യമങ്ങള്‍ വഴി പുറത്തുവന്നത് തോല്‍വിക്കു കാരണമായെന്ന ആരോപണം ഇരു ഗ്രൂപ്പുകളുടെയും നേതാക്കള്‍ ശക്തമായി ഉയര്‍ത്തിയത് ഹൈക്കമാന്‍ഡിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതു തനിക്കതിരേ പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന നീക്കത്തിനു ബലംപകരുമെന്ന് സുധീരന് കരുതുന്നു.
ഇതിനെ പ്രതിരോധിക്കാന്‍, സ്ഥാനാര്‍ഥിത്വം നല്കുന്നതില് താന്‍ വിയോജിപ്പ് പ്രകടിപ്പിച്ച ചില നേതാക്കളെ ഉമ്മന്‍ചാണ്ടിയടക്കമുള്ള ചില പ്രമുഖര്‍ വാശിപിടിച്ച് മത്സര രംഗത്തിറക്കിയത് തെരഞ്ഞെടുപ്പ് തോല്‍വിക്കു കാരണമായെന്ന വാദവും സുധീരന് ഹൈക്കമാന്‍ഡിനു മുമ്പാകെ ഉന്നയിക്കും.
പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് പോരായിരിക്കും പരാജയത്തിന്റെ മറ്റൊരു കാരണമായി സുധീരന് പറയുക. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയുമുള്‍പ്പെടെയുള്ള ചില പ്രമുഖര്‍ ഈ ഗ്രൂപ്പ് പോരിന് പ്രോത്സാഹനം നല്കി എന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചേക്കാനിടയുണ്ട്.
സുധീരന്റെ നീക്കം മറുപക്ഷം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. പരാജയ കാരണങ്ങളെക്കുറിച്ചുള്ള തങ്ങളുടെ നിലപാട് കൂടുതല്‍ വ്യക്തതയോടെ ഹൈക്കമാന്‍ഡിനെ ബോധ്യപ്പെടുത്താനുള്ള നീക്കം ഇവരില്‍ നിന്നുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."