വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ ഇംഗ്ലീഷ് മീഡിയം കേരളാ സിലബസിലേക്ക്
മുക്കം: ഇംഗ്ലീഷ് മീഡിയം കേരളാ സിലബസിലേക്കു വിദ്യാര്‍ഥികളുടെ ഒഴുക്ക് വര്‍ധിക്കുന്നു. മൂന്നു വര്‍ഷത്തിനിടയില്‍ ഗണ്യമായ വര്‍ധനവാണ് കേരള സിലബസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ രേഖപ്പെടുത്തിയത്. ഇതിനു വേണ്ടി അധിക രക്ഷിതാക്കളും ആശ്രയിക്കുന്നത് പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെയാണെന്നതും ശ്രദ്ധേയമാണ്.
വലിയ ഡൊണേഷനും ഫീസും നല്‍കി സ്വകാര്യ സ്ഥാപനങ്ങളില്‍ പഠിപ്പിക്കുമ്പോള്‍ ലഭിക്കുന്ന അതേ വിദ്യാഭ്യാസം ഒരു ഫീസും നല്‍കാതെ പൊതുവിദ്യാലയങ്ങളില്‍ ലഭിക്കുന്നുവെന്ന തിരിച്ചറിവാണു രക്ഷിതാക്കളെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്. പൊതു വിദ്യാലയങ്ങള്‍ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ കാരശ്ശേരി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ രണ്ടു മാസങ്ങളായി നടന്നുവരുന്ന പൊതുവിദ്യാഭ്യാസ ശാക്തീകരണ പദ്ധതിക്കു വന്‍ അംഗീകാരമാണു ജനങ്ങള്‍ക്കിടയില്‍ ലഭിച്ചത്. പൊതുവിദ്യാലയങ്ങളുടെ മഹത്വം വിശദീകരിച്ച് കാരശ്ശേരി ഗ്രാമ പഞ്ചായത്ത് എല്ലാ വാര്‍ഡുകളിലും ലഘുലേഖ വിതരണം ചെയ്യുകയും പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനായി ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍, തൊഴിലുറപ്പ്, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരുടെയെല്ലാം സേവനം ഗ്രാമപഞ്ചായത്ത് സ്‌കൂളുകള്‍ക്കു നല്‍കി.
ഈ അനുകൂല സാഹചര്യം മുതലെടുത്ത് കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ കാരമൂല കുമാരനല്ലൂര്‍ ആസാദ് മെമ്മോറിയല്‍ യു.പി സ്‌കൂളിലെ അഞ്ചാം ക്ലാസില്‍ നിലവിലുണ്ടായിരുന്ന മൂന്ന് ഡിവിഷനുകള്‍ക്കു പുറമെ നാലാമത്തെ ഒരു ഇംഗ്ലീഷ് മീഡിയം ഡിവിഷന്‍ കൂടി ആരംഭിക്കാന്‍ കഴിഞ്ഞതായി സ്‌കൂള്‍ പ്രധാനാധ്യാപിക എം.പി ഷൈന ടീച്ചര്‍ പറഞ്ഞു. ഇവയില്‍ അധികം കുട്ടികളും സി.ബി.എസ്.ഇ അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ പഠിച്ചവരാണെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."