ടി.പി സെന്‍കുമാറിന്റെ ഹരജി ഇന്ന് പരിഗണിക്കില്ല; 24 ലേക്ക് മാറ്റി
കൊച്ചി: ടി.പി.സെന്‍കുമാറിന്റെ ഹരജി ഇന്ന് പരിഗണിക്കില്ല. ഹരജി പരിഗണിക്കുന്നത് ഈ മാസം 24ലേക്ക് മാറ്റി. പൊലിസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരേ നല്കിയ ഹരജി പരിഗണിക്കുന്നതാണ് മാറ്റിവച്ചത്. കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ആണ് ഹരജി പരിഗണിക്കുന്നത് മാറ്റിവച്ചത്. മറുപടി സത്യവാങ്മൂലം നല്കാന് സര്‍ക്കാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനാലാണ് ഹരജി പരിഗണിക്കുന്നത് മാറ്റിവച്ചത്.
ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിയതിനെതിരേയാണ് ട്രൈബ്യൂണല്‍ മുമ്പാകെ ജൂണ്‍ രണ്ടിന് ഹരജി നല്‍കിയത്. സ്ഥാനമാറ്റം കേരള പൊലിസ് ചട്ടവും അഖിലേന്ത്യ ചട്ടവും ലംഘിച്ചാണെന്ന് സെന്‍കുമാര്‍ ഹരജിയില്‍ പറഞ്ഞിരുന്നു. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റതിനു പിന്നാലെയാണ് ഉന്നതതലങ്ങളിലുള്ള അഴിച്ചുപണിയുടെ ഭാഗമായി ടി.പി സെന്‍കുമാറിനെ ഡി.ജി.പി സ്ഥാനത്ത് നിന്ന് മാറ്റുന്നത്. പകരം ലോക്നാഥ് ബെഹ്റയെ നിയമിക്കുകയും ചെയ്തു. ഉത്തരവിനെതിരേ സെന്‍കുമാര്‍ ശക്തമായി പ്രതികരിക്കുകയും ചെയ്തിരുന്നു. കേരള പൊലിസ് ആക്ട് 97(2)(ഇ) വകുപ്പ് പ്രകാരമാണ് സ്ഥലമാറ്റമെന്ന് ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. പൊതുജനങ്ങള്‍ക്കിടയില്‍ അതൃപ്തി ഉളവാക്കുന്ന പ്രവൃത്തി ഉണ്ടായാല്‍ ഉദ്യോഗസ്ഥരെ നീക്കം ചെയ്യാന്‍ അധികാരം നല്കുന്ന വകുപ്പാണിത്. എന്നാല്‍, തന്നില്‍ നിന്നുള്ള ഇത്തരം പ്രവൃത്തി എന്താണെന്ന് ഉത്തരവില്‍ പറഞ്ഞിട്ടില്ലെന്നും സെന്‍കുമാര്‍ പ്രതികരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."