മുഖ്യപ്രതിയെ രക്ഷിക്കുന്ന പൊലിസ് നടപടിക്കെതിരേ ലീഗ് പ്രകടനം
കുന്ദമംഗലം: പിലാശ്ശേരിയില്‍ ലീഗ് പ്രവര്ത്തകന് മേലേപുറായിയില് റഷീദിനെ ഗുരുതരമായി വെട്ടിപ്പരുക്കേല്‍പ്പിച്ച സംഭവത്തിലെ മുഖ്യപ്രതിയെ അറസ്റ്റ് ചെയ്യുന്നതില്‍ അലംഭാവം കാണിക്കുന്ന പൊലിസ് നടപടിക്കെതിരേ മുസ്ലിം ലീഗ് പ്രകടനം നടത്തി.
മത്സ്യക്കച്ചവടക്കാരനായ റഷീദ് മത്സ്യവുമായി പിലാശ്ശേരിയിലേക്ക് ഓട്ടോയില്‍ വരുമ്പോള്‍ അഞ്ചംഗ സംഘം നൊച്ചിപൊയില്‍ വച്ച് ഓട്ടോ തടഞ്ഞുനിര്‍ത്തി വെട്ടുകയായിരുന്നു.
ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇദ്ദേഹത്തെ വടികൊണ്ട് എറിഞ്ഞു വീഴ്ത്തിയതിന് ശേഷം വീണ്ടും ക്രൂരമായി വെട്ടിപ്പരുക്കേല്‍പ്പിച്ചു. സംഭവത്തില്‍ ഇദ്ദേഹത്തിന് രണ്ടു കാല്‍മുട്ടിനും കൈമുട്ടിനും വയറിനും ഗുരുതരമായ പരുക്കേറ്റിട്ടുണ്ട്.
അക്രമികളുടെ കൈയില്‍ വടിവാള്‍, കമ്പിപ്പാര തുടങ്ങിയ മാരകായുധങ്ങള്‍ ഉണ്ടായിരുന്നതായി റഷീദ് പൊലിസിന് മൊഴി നല്‍കിയിരുന്നു.
റഷീദ് പൊലിസിന് നല്കിയ മൊഴിപ്രകാരം പ്രതികളെ വ്യക്തമായിട്ടും പിടികൂടാന്‍ പൊലിസ് തയാറായിട്ടില്ലെന്നാണ് ലീഗ് ആരോപിക്കുന്നത്. റഷീദ് ഇപ്പോഴും ചികിത്സയിലാണ്. പ്രതിഷേധ പ്രകടനത്തിന് കെ.പി കോയ, അരിയില്‍ മൊയ്തീന് ഹാജി, അലവി, എ.കെ ശൗക്കത്തലി, എം. ബാബുമോന്, ഒ. സലീം, എന്‍.എം യൂസുഫ്, പി.കെ ഇബ്രാഹിം, കായക്കല്‍ അഷ്റഫ്, വി.കെ അന്‍ഫാസ് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."