സായി കേന്ദ്രത്തിലെ ഭക്ഷ്യ വിഷബാധ; വിദ്യാര്‍ഥികളുടെ ആരോഗ്യ നില മെച്ചപ്പെട്ടു
ആലപ്പുഴ: പുന്നമട സായി കേന്ദ്രത്തിലെ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ഓഫീസിലെയും ഭക്ഷ്യസുരക്ഷാ വകുപ്പിലെയും ഉദ്യോഗസ്ഥര്‍ ഹോസ്റ്റലിലെത്തി പരിശോധനയ്ക്കായി സാമ്പിള്‍ ശേഖരിച്ചു.
കഴിഞ്ഞ ദിവസം ഹോസ്റ്റലില്‍ നിന്ന് ഭക്ഷണം കഴിച്ച 14 വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ ഉണ്ടായതിനെതുടര്‍ന്ന് ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവര്‍ ആരോഗ്യനില വീണ്ടെടുത്തിട്ടുണ്ട്.
ജില്ലാ കളക്ടര്‍ ആര്. ഗിരിജയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം ജില്ലാ മെഡിക്കല്‍ ഓഫീസറാണ് സാമ്പിള്‍ ശേഖരിക്കാനായി സംഘത്തെ നിയോഗിച്ചത്. കുട്ടികള്‍ കഴിച്ച കോഴിക്കറിയില്‍ രുചിവ്യത്യാസമുള്ളതായി പരാതിപ്പെട്ടിരുന്നു.
കോഴിക്കറിയുടെ സാമ്പിളാണ് പരിശോധനയ്ക്കായി എടുത്തിട്ടുള്ളത്. കോഴിക്കറി കഴിക്കാത്ത കുട്ടികള്‍ക്ക് യാതൊരുവിധ അസ്വസ്ഥതയും അനുഭവപ്പെട്ടിരുന്നില്ല. ഭക്ഷണപദാര്‍ത്ഥങ്ങള്‍ പാചകം ചെയ്യുന്ന സ്ഥലത്തും ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. കാന്റീന് വൃത്തിയായി പരിപാലിക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്കി.
അംഗീകൃത വ്യാപാരകേന്ദ്രങ്ങളില്‍ നിന്ന് മാത്രമേ ഭക്ഷണസാധനങ്ങള്‍ വാങ്ങാവൂ എന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സ്കൂളുകളോടനുബന്ധിച്ച് കാന്റീന് പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളില്‍ വരും ദിവസങ്ങളില്‍ പരിശോധന നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അിറയിച്ചു.
പരിശോധനയില്‍ ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാരായ വൈ.ജെ. സുബിമോള്‍, മധുസൂദനന് ബി., ടെക്നിക്കല്‍ അസിസ്റ്റന്റുമാരായ ടി.സി. ബാബുരാജന്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ പി.എസ്. അസേര്‍, എം. അഭയകുമാര്‍, പ്രദീപ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
സായി കേന്ദ്രം ഉപരോധിച്ചു
ആലപ്പുഴ: സായി കേന്ദ്രത്തില്‍ കായികതാരങ്ങള്ക്കുണ്ടായ ഭക്ഷ്യവിഷബാധയില്‍ അടിയന്തിര നടപടി വേണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ സായി ഓഫീസ് ഉപരോധിച്ചു. യാതൊരുവിധ പരിശോധനയും ഇല്ലാതെ നടത്തുന്ന സായി കേന്ദ്രത്തിലെ കായികതാരങ്ങള്‍ക്ക് നല്കുന്ന ഭക്ഷണം വന്‍ അപകടസാധ്യതയാണ് ഉണ്ടാക്കുന്നത്.
ഇതിന് പരിഹാരം കാണാന്‍ സായികേന്ദ്രത്തില്‍ ന്യൂട്രീഷ്യന്റെ സേവനം ലഭ്യമാക്കണെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. നിയോജക മണ്ഡലം പ്രസിഡന്റ് ആര് അംജിത്കുമാര്‍ ഉദ്ഘാടനം ചെയ്തു. സജില്‍ ഷെറീഫ്, ഫിലിപ്പ് ചക്കാത്ര, മൈക്കിള്‍ ജാക്സണ്, സനല്‍, എഡിസണ്, ഷാഹുല്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
സായികേന്ദ്രത്തിലെ സംഭവവികാസങ്ങള്‍ ഗൗരവത്തോടെ കാണണമെന്ന് കെ.എസ്.യു
ആലപ്പുഴ: ലോകോത്തര കായികതാരങ്ങളെ വളര്‍ത്തിയെടുക്കുന്ന സായികേന്ദ്രത്തിന്റെ പ്രവര്‍ത്തനം താളംതെറ്റുന്നത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഗൗരവത്തോടെ കാണണമെന്ന് കെ എസ് യു ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
കായികതാരങ്ങളായ വിദ്യാര്‍ത്ഥികള്‍ക്ക് കഴിക്കാന്‍ ശുചിത്വമുളള ഭക്ഷണം നല്കാന് പോലും അധികൃതര്‍ തയ്യാറാകാത്തത് അപലപനീയമാണ്. സായികേന്ദ്രത്തില്‍ ഭക്ഷണം വിതരണം ചെയ്യുന്ന കരാറുകാര്‍ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനും നടത്തിപ്പിലെ കെടുകാര്യസ്ഥത അവസാനിപ്പിക്കുവാനും അധികൃതര്‍ തയ്യാറാകണം.
ഒരു വര്‍ഷം മുമ്പ് ഒതളങ്ങ കഴിച്ച് വിദ്യാര്‍ത്ഥിനി മരിക്കുകയും മൂന്ന് വിദ്യാര്‍ത്ഥിനികളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്ത സംഭവം ഉണ്ടായിട്ടുണ്ട്. അതിനുശേഷവും സായിയുടെ നടത്തിപ്പില്‍ അധികൃതര്‍ ഉത്തരവാദിത്വബോധം കാണിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് ജില്ലാ പ്രസിഡന്റ് അഡ്വ. ദേവദാസ് മല്ലന്, വൈസ്പ്രസിഡന്റ് വി വിനീഷ്, സെക്രട്ടറിമാരായ പി പ്രവീണ്‍, സൈജു പ്ലാപ്പളളി, ആര് റോഷിന്, വി ബി ഷബീര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."