മെഡി.കോളജ് ഹോസ്റ്റല്‍ കെട്ടിടങ്ങളുടെ സംരക്ഷണ ഭിത്തികളുടെ നിര്‍മാണം തുടങ്ങി
മഞ്ചേരി: മെഡി.കോളജിന്റെ നിര്‍മാണത്തിലിരിക്കുന്ന പ്രീഫാബ് ഹോസ്റ്റല്‍ കെട്ടിടങ്ങളുടെ അടിത്തറ തകര്‍ന്നത് പുനര്‍ നിര്‍മിക്കുന്നതിന്റെ ഭാഗമായി സംരക്ഷണ ഭിത്തികളുടെ നിര്‍മാണം തുടങ്ങി. കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിനു മുമ്പ് നടത്തേണ്ട പ്രാഥമിക പ്രവര്‍ത്തനമാണ് ഇന്നലെ ആരംഭിച്ചത്. നിര്‍മാണ പ്രവൃത്തികളിലെ ഗുരുതരമായ വീഴ്ച്ചയും കനത്ത മഴയെത്തുടര്‍ന്നു മണ്ണിടിഞ്ഞതും മൂലം കഴിഞ്ഞ ദിവസമാണ് 15 പ്രീഫാബ് വില്ലകളില്‍ ഏഴെണ്ണം തകര്‍ന്നത്.
സര്‍ക്കാര്‍ ഏജന്‍സിയായ -നിര്‍മിതി -യാണ് തിരുവനന്തപുരത്ത് ദേശീയ ഗെയിംസിനുവേണ്ടി ഉപയോഗിച്ച വില്ലകള്‍ മഞ്ചേരിയില്‍ എത്തിച്ചു കെട്ടിടങ്ങള്‍ നിര്‍മിച്ചു നല്‍കിയത്. എന്നാല്‍ മെഡിക്കല്‍ കോളജ് അക്കാദമിക്ക് ബ്ലോക്കിന്റെ പിറകുവശത്തെ ചെങ്കുത്തായ സ്ഥലത്തു കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിനു മുമ്പ് സംരക്ഷണ ഭിത്തിയൊരുക്കിയിരുന്നില്ല. ഇതാണ് കെട്ടിടങ്ങളുടെ തകര്‍ച്ചയ്ക്ക് കാരണമായത്. സംരക്ഷണ ഭിത്തി അടിയന്തിരമായി ഒരുക്കണമെന്നു സൂചിപ്പിച്ച് ഡി.എം.ഇ, നിര്‍മാണ ചുമതലയുള്ള എന്‍.ആര്‍.എച്ച്.എം, നിര്‍മാണ കമ്പനി തുടങ്ങിയ വിഭാഗങ്ങള്‍ക്ക് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ വി.പി ശശീധരന്‍ പലപ്പോഴായി കത്തുകള്‍ അയച്ചിരുന്നു. ഇതുപ്രകാരം കഴിഞ്ഞ ഫെബ്രുവരി പത്തിനു മെഡി.കോളജില്‍ ചേര്‍ന്ന യോഗത്തില്‍ കെട്ടിടങ്ങളുടെ സംരക്ഷണത്തിനു ഭിത്തി അനിവാര്യമാണെന്നു വിലയിരുത്തുകയും അതിനുവേണ്ടി തീരുമാനമെടുക്കുകയും ചെയ്തു. എന്നാല്‍ തീരുമാനം കടലാസില്‍ ഒതുങ്ങുകയും ചെങ്കുത്തായ ഭാഗത്ത് സംരക്ഷണ ഭിത്തിയൊരുക്കുന്നതിനു മുമ്പ് ധൃതിപ്പെട്ട് പ്രീഫാബ് വില്ലകള്‍ സ്ഥാപിക്കുകയും ചെയ്തു. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പരിശോധനകള്‍ മാത്രം മുന്നില്‍ കണ്ടു നടത്തിയ നിര്‍മാണ പ്രവൃത്തികള്‍ മൂലം ലക്ഷങ്ങളുടെ നഷ്ടമാണ് ഇതിനകം ഉണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."