ഈന്തപ്പഴ രുചിയും തേന്‍ മധുരവുമൂറുന്ന മേളക്കു തുടക്കമായി
തിരുവനന്തപുരം: വൈവിധ്യമാര്‍ന്ന ഈന്തപ്പഴങ്ങളും വിവിധയിനം തേനും തേന്‍ ഉല്‍പന്നങ്ങളും പരിചയപ്പെടുത്തുന്ന തേന്‍, ഈന്തപ്പഴം മേഴ ശ്രദ്ധേയമാകുന്നു. പ്രകൃതി ആരോഗ്യ വിചാരവേദിയാണ് തലസ്ഥാനവാസികള്‍ക്ക് തേനിന്റേയും ഈന്തപ്പഴത്തിന്റേയും രുചിഭേദനങ്ങള്‍ പരിചയപ്പെടുത്താനായി പാളയം ഭാഗ്യമാല ഓഡിറ്റോറിയത്തില്‍ മേള സംഘടിപ്പിച്ചിരിക്കുന്നത്. എട്ട് രാജ്യങ്ങളില്‍ നിന്നുള്ള 40ല്‍പരം ഈന്തപ്പഴങ്ങളും തേനും പ്രകൃതി വിഭവങ്ങളും ഇവിടെ ലഭിക്കും.
പ്രവാചകന്‍ നോമ്പ് തുറക്കാന്‍ ഉപയോഗിച്ച അജ്‌വയാണ് മേളയിലെ താരം. നോമ്പുകാലം ആയതോടെ ആവശ്യക്കാര്‍ കൂടുതലും അജ്‌വക്കു തന്നെ. മദീന മുനവറ, ഖാദിര, ഇറാനില്‍ നിന്നുള്ള അല്‍ ഓഫാസ് എന്നിവയും ശ്രദ്ധേയ ഇനങ്ങളാണ്. ദുബൈയില്‍ നിന്നുള്ള ഫര്‍ജെ, ഇറാക്കില്‍ നിന്നുള്ള ഫര്‍ദെ, സറാറ ഇറാക്കില്‍ നിന്നുള്ള ബറാക്കി, ഇറാനില്‍ നിന്നുള്ള സിംഫണി, പറാജി, ഹാര്‍മണി, ജോര്‍ദാനിലെ മസ്ദൂം, മദീനയില്‍ നിന്നുള്ള ഖാദിരി, സൗദിയിലെ ലുലു, മറിയം അല്‍കുഷ്, രാജസ്ഥാനില്‍ നിന്നുള്ള തുടങ്ങി അന്‍പതോളം ഇനം ഈന്തപ്പഴങ്ങളാണ് മേളയില്‍ എത്തിയിട്ടുള്ളത്. ഈന്തപ്പഴങ്ങള്‍ ഏറ്റവും കൂടുതല്‍ വിളയുന്നത് സൗദി അറേബ്യയിലായതു കൊണ്ടു മേളയില്‍ ഏറ്റവും കൂടുതല്‍ പേര്‍ എത്തിയതും സൗദിയില്‍ നിന്നുതന്നെ.
മേളയുടെ സൗന്ദര്യമായ പച്ച ഈന്തപ്പഴങ്ങള്‍ ഇന്ത്യയിലെ രാജസ്ഥാനില്‍ നിന്നുള്ളതാണ്. 100 മുതല്‍ 2800 രൂപ വരെ വില വരുന്ന നാല്‍പതിലേറെ ഇനം ഈന്തപ്പഴങ്ങളാണ് മേളയിലുള്ളത്.
നോമ്പുകാലമാകുമ്പോഴാണ് ഇന്ത്യയിലേക്കും പ്രത്യേകിച്ച് കേരളത്തിലേക്കുമുള്ള ഈന്തപ്പഴം ഇറക്കുമതി ഏറ്റവും കൂടുന്നത്. തലസ്ഥാനത്തെ മേളയില്‍ ഈന്തപ്പഴത്തിനും കാരക്കയ്ക്കും പുറമേ ഈന്തപ്പഴം കൊണ്ടുള്ള അച്ചാര്‍, പായസം, ഹല്‍വ, കേക്ക് എന്നിവയും മേളയുടെ പ്രത്യേകതയാണ്. വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള തേന്‍, തേന്‍കൊണ്ടുള്ള സൗന്ദര്യവര്‍ധക വസ്തുക്കളും മേളയിലുണ്ട്. നമ്മുടെ നാട്ടില്‍ സാധാരണമല്ലാത്ത പലതരം തേനും തേന്‍ ഉല്‍പന്നങ്ങളുമാണ് മേളയുടെ ആകര്‍ഷണമാണ്. വന്‍ തേന്‍, ചെറു തേന്‍, കുര്‍ഗ് തേന്‍ തുടങ്ങി നിരവധി ഇനം തേനുകളുണ്ട് മേളയില്‍.
റോയല്‍ ജെല്ലി ഗുളികകള്‍, തേന്‍ കേക്ക്, മുഖകാന്തി, ഹണി ഐസ് ടീ, ഹണി ഫ്രൂട്ട് സാലഡ്, ഹണി സോപ്പ് എന്നിങ്ങനെ വിവിധതരം തേന്‍ ഉല്‍പന്നങ്ങളും മേളയുടെ മധുരമേറ്റുന്നു. തേനുകളില്‍ ഏറ്റവും കൂടുതല്‍ വില ചെറുതേനിനാണ്. കിലോയ്ക്ക് 1250 രൂപവരെ വിലയുണ്ട്. കാര്‍ഷിക മേളയും മറ്റൊരു പ്രത്യേകതയാണ്. പച്ചക്കറി വിത്തുകളും ജൈവ വളങ്ങളുമാണ് കാര്‍ഷിക മേളയുടെ പ്രത്യേകത. 15ന് മേള സമാപിക്കും. രാവിലെ 11 മുതല്‍ രാത്രി ഒമ്പത് വരെയാണ് സന്ദര്‍ശക സമയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."