കൊട്ടാരക്കര ബസ് സ്റ്റാന്‍ഡ്: സ്ഥിതി പരിതാപകരം
കൊട്ടാരക്കര: പഞ്ചായത്തില്‍ നിന്ന് മുനിസിപ്പാലിറ്റിയായി കൊട്ടാരക്കര ഉയര്‍ന്നിട്ടും ഇവിടുത്തെ പ്രധാന ബസ് സ്റ്റാന്‍ഡിന്റെ സ്ഥിതി പഴയതിനേക്കാള്‍ മോശമാണ്. സ്റ്റാന്റിന്റെ ദുരവസ്ഥയ്ക്ക് പരിഹാരം കണ്ടെത്താന്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി.
ദിവസവും നൂറിലധികം ബസുകള്‍ വന്നു പോകുന്ന ഇവിടെ ബസ് ഒന്നിന് ഇരുപത് രൂപ നിരക്കില്‍ നഗരസഭ ഫീസ് ഈടാക്കുന്നുണ്ട്. ഈ തുക ജില്ലയിലെ മറ്റ് സ്വകാര്യ ബസ് സ്റ്റാന്റുകളില്‍ ഉള്ളതിനേക്കാള്‍ കൂടുതലായിട്ടും ബസുടമകള്‍ എതിര്‍പ്പൊന്നും പ്രകടിപ്പിക്കാതെ തുക നല്‍കി വരികയാണ്. എന്നിട്ടും യാത്രക്കാര്‍ക്കും, ബസ് ജീവനക്കാര്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ നഗരസഭ ഇതുവരെയും തയാറായിട്ടില്ല.
സ്റ്റാന്‍ഡില്‍ എത്തുന്നവര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ പോലും സൗകര്യമില്ല. രണ്ടു വര്‍ഷം മുമ്പ് മൂത്രപ്പുരയുടെ നിര്‍മാണം ആരംഭിച്ചിരുന്നു. എന്നാല്‍ അധികം വൈകാതെ നിര്‍മാണം പാതി വഴിയില്‍ നിലച്ചു. ഉപയോഗശൂന്യമായ പഴയ മൂത്രപ്പുര പൊളിച്ചു നീക്കി ബസുകള്‍ക്ക് പാര്‍ക്ക് ചെയ്യുവാന്‍ പ്രയോജനപ്പെടുത്തുന്ന തരത്തിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ബസുടമകള്‍ അധികൃതരെ സമീപിച്ചെങ്കിലും നടപടിയുണ്ടായിട്ടില്ല.
സ്വകാര്യ വാഹനങ്ങളും ഓട്ടോറിക്ഷകളും സദാസമയങ്ങളിലും സ്റ്റാന്റില്‍ ചുറ്റിതിരിയുകയാണ്. ഇത് നിയന്ത്രിക്കാനും നടപടിയെടുത്തില്ല. സ്റ്റാന്‍ഡിനുള്ളിലെ റോഡ് പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. ഇതിനുള്ളില്‍ കുന്നുകൂടി കിടക്കുന്ന മാലിന്യം നീക്കുന്നതിനോടും അധികൃതര്‍ നിസംഗ നിലപാടാണ് സ്വീകരിക്കുന്നത്. മൂക്കു പൊത്താതെ യാത്രക്കാര്‍ക്ക് സ്റ്റാന്‍ഡിനുള്ളില്‍ കയറാന്‍ കഴിയാത്ത സ്ഥിതിയാണ് .
കലക്ടര്‍ നേരിട്ടെത്തി പരിശോധിച്ച് ദുരവസ്ഥ പരിഹരിക്കുവാന്‍ നടപടിയെടുക്കണമെന്നും അതല്ലെങ്കില്‍ പ്രൈവറ്റ് ബസുകള്‍ സ്റ്റാന്‍ഡ് ബഹിഷ്‌കരിച്ച് പ്രതിഷേധിക്കുമെന്ന് കലക്ടര്‍ക്ക് നല്‍കിയ നിവേദനത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."