അധ്യായന വര്‍ഷം ആരംഭിച്ചിട്ടും സ്‌കൂളുകളിലെ ഉച്ചഭക്ഷണ വിതരണം പ്രതിസന്ധിയില്‍
ഒലവക്കോട്: ജില്ലയില്‍ അധ്യായന വര്‍ഷം ആരംഭിച്ചിട്ടും സ്‌കൂളുകളിലെ ഉച്ചഭക്ഷണവിതരണത്തിനുള്ള ചിലവിലേക്ക് അനുവദിച്ചിരുന്ന തുക വെട്ടിച്ചുരുക്കിയതോടെ ഉച്ചഭക്ഷണവിതരണം പ്രതിസന്ധിയില്‍. ഓരോ സ്‌കൂളുകളിലെയും ഉച്ചഭക്ഷണത്തിനായി ഒരു വിദ്യാര്‍ഥിക്ക് അനുവദിച്ചിരുന്ന എട്ട് രൂപ എന്ന നിരക്ക് ആറു രൂപയാക്കിയാണ് കുറച്ചിരിക്കുന്നത്.
കഴിഞ്ഞ അധ്യായന വര്‍ഷങ്ങളില്‍ പാചകക്കൂലി വര്‍ദ്ധിച്ചപ്പോള്‍ ഉച്ചഭക്ഷണ പദ്ധതി സ്‌കൂളുകള്‍ക്കെല്ലാം വലിയ സാമ്പത്തിക ബാധ്യതയാണ് വരുത്തിവെച്ചതെന്നാണ് പ്രഥമാധ്യാപകര്‍ ആരോപിക്കുന്നത്. എന്നാല്‍ ഇത്തവണ നിരക്ക് വര്‍ദ്ധന ആവശ്യപ്പെട്ട് അധ്യാപക സംഘടനകള്‍ സംയുക്തമായി സെക്രട്ടേറിയറ്റ് ധര്‍ണ ഉള്‍പ്പെടെയുള്ള പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. മാര്‍ച്ച് മൂന്നിന് 948-ാം നമ്പറായി പൊതുവിദ്യാഭ്യാസവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി സ്‌കുള്‍ ഉച്ചഭക്ഷണത്തിന്റെ നിരക്ക് വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് ഇറക്കിയിരുന്നു.
150 മുതല്‍ 500 വിദ്യാര്‍ഥികള്‍ വരെയുള്ള സ്‌കുളുകളില്‍ ഭക്ഷണം വിതരണം നടത്തുന്നതിന് ഒരു കുട്ടിക്ക് എട്ട് രൂപ നിരക്കില്‍ അനുവദിക്കാനാണ് പുതിയ ഉത്തരവ്. എന്നാല്‍ പാചകക്കൂലി വര്‍ദ്ധിപ്പിച്ച സഹാചര്യത്തില്‍ നല്‍കി വന്ന തുക അപര്യാപ്തമാണെന്ന് കണ്ടതിനെ തുടര്‍ന്നാണ് നിരക്ക് വര്‍ദ്ധനയെന്നും നിരക്കില്‍ വ്യക്തമാക്കുന്നുണ്ട്.
അതേസമയം വി.പി.ഐ പുറത്തിറക്കിയ 339720 നമ്പര്‍ ഉത്തരവില്‍ പാചകക്കൂലി ഉള്‍പ്പെടെ നിരക്ക് ആറു രൂപയാണെന്നാണ് സൂചിപ്പിച്ചിട്ടുള്ളത്. ഒരുദിവസത്തെ വര്‍ദ്ധിപ്പിച്ച പാചകക്കൂലി 350 രൂപയാക്കി ഉയര്‍ത്തുകയും ചെയ്തു. പുതിയ ഉത്തരവ് പ്രഥമാധ്യാപകര്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. പച്ചക്കറിക്കും പലവ്യഞ്ജനത്തിനും പുറമെ ഗ്യാസിന്റെ വില വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ പുതിയ ഉത്തരവ് വ്യാപക പ്രതിഷേധത്തിന് വഴിയൊരുക്കും.
പുതിയ ഉത്തരവ് സര്‍ക്കാര്‍ അടിയന്തരമായി പുന:പരിശോധിക്കണമെന്ന് കേരള പ്രൈവറ്റ് സെക്കന്‍ഡറി സ്‌കുള്‍ അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ സംസ്ഥാന കമ്മിറ്റിയംഗം യു. ലിയാഖത്ത് അലിഖാന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.പി രവി അധ്യക്ഷനായി. യോഗത്തില്‍ സെക്രട്ടറി എം.ആര്‍ സുരേഷ് കുമാര്‍, എസ് മുരളീധരന്‍, എ.എസ് സുരേഷ്, സൂസന്‍ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."