വിദേശ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് ബഹ്‌റൈന്‍
മനാമ: വിദേശ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ രാജ്യം പ്രതിജ്ഞാബന്ധമാണെന്ന് ബഹ്‌റൈന്‍ തൊഴില്‍ മന്ത്രാലയം (എല്‍.എം.ആര്‍.എ ) വ്യക്തമാക്കി.
ബഹ്‌റൈനിലെ ഇന്ത്യന്‍ അംബാസഡര്‍ അലോക് കുമാര്‍ സിന്‍ഹയുമായി നടന്ന ചര്‍ച്ചക്കിടെ എല്‍.എം.ആര്‍.എ (ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി) സി.ഇ.ഒ ഉസാമ അല്‍ അബ്‌സിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനായി രാജ്യം നിരവധി നിയമങ്ങള്‍!ക്ക് രൂപം നല്‍കിയതായും അദ്ദേഹം വിശദീകരിച്ചു.
വിദേശ തൊഴിലാളികളുടെ അവകാശ കാര്യങ്ങള്‍ക്കായി എല്‍.എം.ആര്‍.എയില്‍ പ്രത്യേക വിഭാഗം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും അധികൃതര്‍ കൂടിക്കാഴ്ചയില്‍ ഉറപ്പു നല്‍കിയിട്ടുണ്ട്.
തൊഴിലാളികളുടെ അവകാശം ഉറപ്പു വരുത്താനായി എംബസി എല്‍.എം.ആര്‍.എ ഉള്‍പ്പെടെയുള്ള ബഹ്‌റൈനിലെ സംവിധാനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ഉസാമ വ്യക്തമാക്കി.
മനുഷ്യക്കടത്ത് പോലുള്ളവ തടയുന്നതില്‍ ജാഗ്രത പുലര്‍ത്തുന്നതിനോടൊപ്പം ഇരകള്‍ക്കായി ഷെല്‍ട്ടറും ഇവിടെ ഒരുക്കിയിട്ടുണ്ട്. അറബ് മേഖലയില്‍ ഇത്രയും സൗകര്യമുള്ള ഒരു കേന്ദ്രം ആദ്യമാണെന്നും ഇതിന് നിരവധി പ്രശംസകളുണ്ടായിട്ടുണ്ടെന്നും അദ്ധേഹം കൂട്ടിചേര്‍ത്തു.
ബഹ്‌റൈനിലെ ഇന്ത്യന്‍ തൊഴിലാളികളുടെ വിവിധ ആവശ്യങ്ങള്‍ അധികൃതരെ ധരിപ്പിച്ചതായി ഇന്ത്യന്‍ അംബാസഡര്‍ അറിയിച്ചു.ഒപ്പം ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ഇവിടെ ലഭിക്കുന്ന മെച്ചപ്പെട്ട തൊഴില്‍ അന്തരീക്ഷത്തിന് അദ്ദേഹം പ്രത്യേകം നന്ദിയും രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."