കരിപ്പൂരില്‍ 1.17 കോടിയുടെ വിദേശ കറന്‍സി പിടികൂടി
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളം വഴി ദുബൈയിലേക്ക് കടത്താന്‍ ശ്രമിച്ച 1.17 കോടി രൂപയുടെ വിദേശ കറന്‍സി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്‍.ഐ) വിഭാഗം പിടികൂടി.
സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് കൊടുവള്ളി കൊളങ്ങരം പൊയില്‍ സജീര്‍ (28), താമരശ്ശേരി പുന്നത്ത്‌പൊയില്‍ മുഹമ്മദ് ഷരീഫ് (26)എന്നിവരെ അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് 500 യു.എ.ഇ ദിര്‍ഹത്തിന്റെ നൂറെണ്ണം വീതമുള്ള ആറുകെട്ടുകളും 500 സഊദി റിയാലിന്റെ അഞ്ചു കെട്ടുകളും 500 ഖത്തര്‍ റിയാലിന്റെ ഒരു കെട്ടുമാണ് കണ്ടെത്തിയത്. കറന്‍സികള്‍ പരിശോധനയില്‍ കാണാന്‍ കഴിയാത്തവിധം ഒളിപ്പിച്ച നിലയിലായിരുന്നു.
തിങ്കളാഴ്ച രാത്രി 12.15നുള്ള സ്‌പൈസ് ജെറ്റ് വിമാനത്തില്‍ ദുബൈയിലേക്ക് പോകാനാണ് ഇരുവരും കരിപ്പൂരിലെത്തിയത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് കാത്തിരുന്ന ഡി.ആര്‍.ഐ സംഘം ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. സജീറിന്റെ ബാഗേജില്‍ അരിയുടേയും അരിപ്പൊടിയുടേയും പായ്ക്കറ്റില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കറന്‍സി. ഇയാളില്‍ നിന്ന് 64,18,500 രൂപ മൂല്യമുള്ള വിദേശ കറന്‍സിയാണ് കണ്ടെത്തിയത്.
ബാഗേജിലുണ്ടായിരുന്ന രണ്ട് പാന്റ്‌സുകളുടെ പോക്കറ്റുകളിലായാണ് മുഹമ്മദ് ഷരീഫ് പണം ഒളിപ്പിച്ചിരുന്നത്. 52,74,025 രൂപ മൂല്യമുള്ള വിദേശകറന്‍സികളാണ് ഇയാളില്‍ നിന്ന് കണ്ടെത്തിയത്. കൊടുവള്ളി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വര്‍ണക്കടത്ത്, ഹവാലാ പണമിടപാട് സംഘവുമായി ഇവര്‍ക്ക് ബന്ധമുള്ളതായി സംശയിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."