ഹൈക്കോടതി ജഡ്ജിക്ക് കോഴവാഗ്ദാനംവിജിലന്‍സ് അന്വേഷണം ആരംഭിച്ചു
കൊച്ചി: കോഫെപോസ തടവുകാരനായ സ്വര്‍ണക്കടത്തു കേസ് പ്രതിക്ക് അനുകൂലമായ വിധിക്ക് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ ടി ശങ്കരന് 25 ലക്ഷം രൂപ കോഴ വാഗ്ദാനം ചെയ്ത സംഭവത്തില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണം തുടങ്ങി. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ നിര്‍ദേശ പ്രകാരം കൊച്ചിയിലെ വിജിലന്‍സ് എസ്.പിയാണ് ആരോപണത്തെക്കുറിച്ച് അന്വേഷിക്കുന്നത്. കോഴവാഗ്ദാനത്തെക്കുറിച്ച് ജഡ്ജി തുറന്ന കോടതിയില്‍ പരാമര്‍ശം നടത്തിയ അന്ന് തന്നെ ജസ്റ്റിസ് കെ.ടി ശങ്കരനുമായി വിജിലന്‍സ് എസ്.പി ബന്ധപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ നിയമപരമായ സങ്കീര്‍ണതകളുള്ളതിനാല്‍ പിന്നീട് നിലപാട് അറിയിക്കാമെന്നാണ് ജസ്റ്റിസ് ശങ്കരന്‍ വിജിലന്‍സിനെ അറിയിച്ചത്.
നെടുമ്പാശേരി സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതിയായ മൂവാറ്റുപുഴ സ്വദേശി നൗഷാദ് അടക്കമുള്ളവരുടെ കോഫെപോസ അപേക്ഷ കേള്‍ക്കുന്നതില്‍ നിന്ന് പിന്‍മാറിക്കൊണ്ടാണ് ജസ്റ്റിസ് ശങ്കരന്‍ കോഴക്കാര്യം പ്രസ്താവിച്ചത്. കേസില്‍ അനുകൂല വിധി തന്നാല്‍ 25 ലക്ഷം രൂപ നല്‍കാമെന്ന് ഫോണില്‍ വാഗ്ദാനമുണ്ടായ കാര്യം തുറന്ന കോടതിയില്‍ ആണ് വെളിപ്പെടുത്തിയത്. പ്രതികളിലൊരാളായ യാസറിന് വേണ്ടിയാണ് കോഴ വാഗ്ദാനം ചെയ്തതെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു. ആദ്യഘട്ടത്തില്‍ 25 ലക്ഷം രൂപയും പിന്നീട് എത്ര വേണമെങ്കിലും തരാമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ കേസില്‍ നിന്ന് പിന്‍മാറുന്ന കാര്യം രേഖപ്പെടുത്തിയ ഉത്തരവില്‍ കോഴ വാഗ്ദാനത്തെക്കുറിച്ച് ജഡ്ജി പരാമര്‍ശിച്ചിട്ടില്ല. തുറന്ന കോടതിയില്‍ പറഞ്ഞ കാര്യങ്ങള്‍ വിജിലന്‍സിന് മൊഴിയായി നല്‍കാന്‍ ജസ്റ്റിസ് ശങ്കരന്‍ തയാറായാല്‍ മാത്രമേ അന്വേഷണം മുന്നോട്ടു പോകൂവെന്ന് വിജിലന്‍സ് വൃത്തങ്ങള്‍ പറയുന്നു.
കോഴ വാഗ്ദാനം സ്ഥിരീകരിച്ച് വിജിലന്‍സ് അന്വേഷണവുമായി സഹകരിക്കാന്‍ ജസ്റ്റിസ് ശങ്കരന്‍ തയാറായാല്‍ അദ്ദേഹം വിജിലന്‍സ് കേസിലെ മുഖ്യസാക്ഷിയായി മാറും. വിചാരണ കോടതിയിലെ സാക്ഷിക്കൂട്ടില്‍ ഹൈക്കോടതി ജഡ്ജി കയറി നില്‍ക്കുകയും വിസ്താരത്തിന് വിധേയനാകുകയും ചെയ്യേണ്ടിവരും. സാധാരണ ഗതിയില്‍ ഒരു ന്യായാധിപനും ഇത്തരത്തില്‍ ഒരു വിജിലന്‍സ് കേസില്‍ സാക്ഷിയാകാന്‍ തയാറാകില്ലെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ജസ്റ്റിസ് ശങ്കരനെ ഒഴിവാക്കി സ്വന്തം നിലയില്‍ തെളിവ് കണ്ടെത്തി അന്വേഷണവുമായി മുന്നോട്ടു പോകാന്‍ വിജിലന്‍സിന് കഴിയും. എന്നാല്‍ പണം വാഗ്ദാനം ചെയ്തു എന്നതുകൊണ്ടു മാത്രം അഴിമതി നടന്നതായി കരുതാന്‍ നിയമപരമായി കഴിയില്ലെന്നതിനാല്‍ കേസ് ദുര്‍ബലമാകുമെന്നും വിലയിരുത്തപ്പെടുന്നു. രണ്ടു ദിവസത്തിനകം വിജിലന്‍സ് അന്വേഷണ ഉദ്യോഗസ്ഥന്‍ വീണ്ടും ജഡ്ജിയുമായി സംസാരിക്കുന്നതോടെ ഇക്കാര്യത്തില്‍ വ്യക്തത കൈവരും. ജഡ്ജി മൊഴി നല്‍കാന്‍ തയാറായില്ലെങ്കില്‍ അന്വേഷണം അവിടെ അവസാനിക്കുമെന്നാണ് സൂചന.
കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി
കൊച്ചി : ഹൈക്കോടതി ജഡ്ജിക്ക് 25 ലക്ഷം രൂപ കോഴ വാഗ്ദാനം ചെയ്ത സംഭവത്തില്‍ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി ഹൈക്കോടതി അഭിഭാഷകനും മാധ്യമനിരൂപകനുമായ അഡ്വ. ജയശങ്കര്‍ നല്‍കിയ അപേക്ഷയില്‍ എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് നല്‍കാന്‍ അഡ്വക്കേറ്റ് ജനറല്‍ സി.പി സുധാകരപ്രസാദ് നിര്‍ദേശിച്ചു. പ്രതികളുടെ നടപടി നീതി നടത്തിപ്പ് തടസപ്പെടുത്തുന്നതാണെന്നും ഇതു ക്രിമിനല്‍കോടതിയലക്ഷ്യമാണെന്നും ജയശങ്കറിന്റെ അപേക്ഷയില്‍ പറയുന്നു. പ്രതികള്‍ക്കെതിരേ കോടതിയലക്ഷ്യ നടപടിക്ക് അഡ്വക്കേറ്റ് ജനറലിന്റെ അനുമതി വേണമെന്ന ചട്ടമനുസരിച്ചാണ് ഹരജിക്കാരന്‍ എ.ജിക്ക് അപേക്ഷ നല്‍കിയത്. ഈ അപേക്ഷ പരിഗണിച്ച എ.ജി സ്വര്‍ണക്കള്ളക്കടത്തു കേസില്‍ പ്രതികളായ സലിം മേലേത്ത് മക്കാര്‍, കെ.ബി. ഫാസില്‍, യാസിര്‍ ഇബ്‌നു മുഹമ്മദ്, ജാബിന്‍. കെ. ബഷീര്‍, ബിബിന്‍ സ്‌കറിയ, പി.എ. നൗഷാദ്, എം.എസ്. സൈഫുദ്ദീന്‍, ഷിനോയ്. കെ. മോഹന്‍ദാസ് എന്നിവര്‍ക്ക് നോട്ടീസ് നല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."