സ്വകാര്യ ബസുകളിലും ഇനി കുടുംബശ്രീ വനിതാ കണ്ടക്ടര്‍മാര്‍
വനിതാ കണ്ടക്ടര്‍മാര്‍ ആദ്യം കൊച്ചി നഗരത്തിലെ ബസുകളില്‍
കൊച്ചി: ഹോട്ടലിനും ഓട്ടോറിക്ഷകള്‍ക്കും പിന്നാലെ സ്വകാര്യ ബസുകളിലും കണ്ടക്ടര്‍ സേവനത്തിന് ഇനി കുടുംബശ്രീ സംഘങ്ങളിലെ വനിതകളെത്തുന്നു.
ആദ്യഘട്ടമായി കൊച്ചി നഗരത്തിലെ ബസുകളിലാണ് വനിതകളുടെ സേവനം ഉപയോഗപ്പെടുത്തുന്നത്. ഇന്നലെ ജില്ലാ കലക്ടര്‍ എം.ജി രാജമാണിക്യത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്റ്റുഡന്റ് ട്രാവല്‍ ഫെസിലിറ്റി സമിതിയുടെ യോഗത്തിലാണ് സുപ്രധാന തീരുമാനം.
ഇവര്‍ക്കു ജോലി നല്‍കുന്നതിനു ബസുടമകളും പൂര്‍ണ സന്നദ്ധത അറിയിച്ചിട്ടുണ്ട്. നൂറംഗങ്ങളെ കണ്ടെത്തി പരിശീലനം നല്‍കി അടുത്ത മാസം ഒന്നോടെ ജോലിക്കു പ്രാപ്തരാക്കാന്‍ കുടുംബശ്രീ ജില്ലാ കോഡിനേറ്റര്‍ ടാനി തോമസിന് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. സ്വകാര്യ ബസ് ജീവനക്കാരും യാത്രക്കാരും പ്രത്യേകിച്ചു വിദ്യാര്‍ഥികളുമായി ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണു പുതിയ തീരുമാനം. വനിതകള്‍ സ്വകാര്യബസുകളില്‍ കണ്ടക്ടറായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കുടുംബശ്രീ സംരംഭത്തില്‍നിന്നു കൂട്ടത്തോടെ കണ്ടക്ടര്‍ സേവനത്തിനെത്തുന്നത് ആദ്യമാണ്. കണ്ടക്ടര്‍മാരായി ജോലിക്കു കയറാന്‍ ആഗ്രഹിക്കുന്നവര്‍ എസ്.എസ്.എല്‍.സി പാസായിരിക്കണം.
പരിശീലനം പൂര്‍ത്തിയാകുന്ന മുറയ്ക്കു ലൈസന്‍സ് നല്‍കും. താല്‍പര്യമുള്ളവര്‍ കുടുംബശ്രീ ജില്ലാ ഓഫിസുമായോ ആര്‍.ടി.ഒ ഓഫിസുമായോ ബന്ധപ്പെടണം. രാത്രി എട്ടുവരെ സര്‍വിസുള്ള റൂട്ടുകളിലായിരിക്കും ഇവരെ നിയോഗിക്കുക.
ബസുകളില്‍ യാത്രക്കാര്‍ക്കുണ്ടാകുന്ന അസൗകര്യങ്ങളും മോശം പെരുമാറ്റവും അറിയിക്കുന്നതിനു പ്രധാന ഫോണ്‍ നമ്പറുകള്‍ ഉള്‍ക്കൊള്ളിച്ചുള്ള സ്റ്റിക്കറുകള്‍ പതിക്കാനും തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."