ഐ.പി.എസ് ദമ്പതികള്‍ ഇനി കൊല്ലം ഭരിക്കും സ്വന്തം ലേഖകന്‍
കൊല്ലം: സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി ഐ.പി.എസ് ദമ്പതികള്‍ കൊല്ലം സിറ്റി, റൂറല്‍ ജില്ലകളുടെ പൊലിസ് ഭരണസാരഥികളായി. പൊലിസ് ഉന്നതങ്ങളിലെ അഴിച്ചുപണിയുടെ ഭാഗമായി സതീഷ് ബിനോയിയെ കൊല്ലം സിറ്റി പൊലിസ് കമ്മിഷണറായി നിയമിച്ചതോടെയാണ് കൊല്ലത്തിന്റെ പൊലിസ് ഭരണം ദമ്പതികള്‍ കൈയാളുന്ന ഈ അപൂര്‍വ ചരിത്രം പിറന്നത്. നേരത്തെ ഇവിടെ റൂറല്‍ എസ്.പിയായ അജിതാബീഗത്തെ ചുമതലയില്‍ നിലനിര്‍ത്തുകയായിരുന്നു.
സംസ്ഥാനത്തെ യുവ എസ്.പിമാരില്‍ മികച്ച പ്രതിച്ഛായയുള്ള അജിതാ ബീഗത്തെ കൊല്ലം റൂറലില്‍ തുടരാന്‍ അനുവദിച്ച പിണറായി സര്‍ക്കാര്‍ ബീഗത്തിന്റെ ഭര്‍ത്താവും കോട്ടയം എസ്.പിയുമായിരുന്ന സതീശ് ബിനോയിയെ കൊല്ലം കമ്മിഷണറാക്കി നിയമിച്ചു. മുന്‍പ് ഐ.എ.എസ്, ഐ.പി.എസ് ദമ്പതിമാരില്‍ പലര്‍ക്കും ഇത്തരത്തില്‍ നിയമനങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും ഐ.പി.എസ് ദമ്പതിമാര്‍ക്കു ഒരു ജില്ലയില്‍ ഒരേ സമയം നിയമനം നല്‍കുന്നത് ഇതാദ്യമായാണ്.
വെടിയൊച്ച മുഴങ്ങുന്ന ജമ്മുകശ്മിര്‍ താഴ്‌വരയില്‍ നിന്നാണ് അജിതാ ബീഗം കേരള കേഡറിലെത്തിയത്. തമിഴ്‌നാട് കോയമ്പത്തൂര്‍ സ്വദേശിയായ അജിതാബീഗത്തെ സതീശ് ബിനോയി വിവാഹം ചെയ്തതിനെ തുടര്‍ന്നാണ് ഇരുവര്‍ക്കും കേരള കേഡറില്‍ നിയമനം ലഭിച്ചത്.
കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തതോടെ വയനാട്ടില്‍ ആറുമാസം പൂര്‍ത്തിയാക്കും മുന്‍പു സ്ഥലംമാറ്റപ്പെട്ട അജിതാ ബീഗത്തിനു തെരഞ്ഞെടുപ്പ് കാലത്തു ഇലക്ഷന്‍ കമ്മിഷന്‍ ഇടപെട്ടാണ് കൊല്ലത്തു നിയമനം നല്‍കിയത്. ഇപ്പോള്‍ അവരെ അവിടെ തുടരാന്‍ അനുവദിച്ചതോടൊപ്പം ഭര്‍ത്താവിനെക്കൂടി കൊല്ലത്തെത്തിച്ച് ഇവരുടെ കുടുംബജീവിതത്തിനും സര്‍ക്കാര്‍ മതിയായ പരിഗണന നല്‍കി.
മറ്റൊരു ഐ.പി.എസ് ദമ്പതികളായ കോഴിക്കോട് സിറ്റി പൊലിസ് കമ്മിഷണര്‍ ഉമാ ബെഹ്‌റയ്ക്കും പാലക്കാട് എസ്.പിയായിരുന്ന ദേബേഷ് കുമാര്‍ ബെഹ്‌റയ്ക്കും അനുകൂലമായ നിലപാടും സര്‍ക്കാര്‍ സ്വീകരിച്ചു. കോഴിക്കോട് ജില്ലയുടെ അയല്‍ ജില്ലയായ മലപ്പുറത്ത് ദേബേഷ് കുമാര്‍ ബെഹ്‌റയെ എസ്.പിയായി നിയമിച്ചാണ് പിണറായിയുടെ ഒരുകൈ സഹായം. നേരത്തെ, മലപ്പുറം എസ്.പിയായിരുന്ന ബെഹ്‌റ ഏതാനും മാസങ്ങള്‍ക്കു ശേഷം വീണ്ടും പഴയ താവളത്തിലേക്കു തന്നെ തിരിച്ചെത്തിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."